Connect with us

Articles

പരമോന്നത നീതിപീഠത്തെ ഭയം വിഴുങ്ങിയിട്ടില്ല

ഒരു പെണ്‍കുട്ടി നടത്തിയ പോരാട്ടത്തിന്റെ കനല്‍വഴികളാണ് ഉത്തര്‍പ്രദേശിലെ ഉന്നാവോയിലുണ്ടായ പീഡനക്കേസ് അടയാളപ്പെടുത്തുന്നത്. ഭരണകൂടവും പോലീസും ഒരു വേട്ടക്കാരന് കാവലിരുന്നപ്പോള്‍, സ്വന്തം കുടുംബത്തെയും ജീവനെയും പണയപ്പെടുത്തി ആ പെണ്‍കുട്ടി നടത്തിയ പോരാട്ടം ഇന്ത്യന്‍ നിയമ ചരിത്രത്തിലെ കറുത്തതും എന്നാല്‍ ധാരാളം പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതുമായ ഒരധ്യായമാണ്.

Published

|

Last Updated

അധികാരവും പണവും ഉപയോഗിച്ച് സത്യത്തെ കുഴിച്ചുമൂടാന്‍ ശ്രമിച്ചതിന്റെയും എന്നാല്‍ അതിനെയെല്ലാം അതിജീവിച്ച് ഒരു പെണ്‍കുട്ടി നടത്തിയ പോരാട്ടത്തിന്റെയും കനല്‍വഴികളാണ് ഉത്തര്‍പ്രദേശിലെ ഉന്നാവോയിലുണ്ടായ പീഡനക്കേസ് അടയാളപ്പെടുത്തുന്നത്. ഭരണകൂടവും പോലീസും ഒരു വേട്ടക്കാരന് കാവലിരുന്നപ്പോള്‍, സ്വന്തം കുടുംബത്തെയും ജീവനെയും പണയപ്പെടുത്തി ആ പെണ്‍കുട്ടി നടത്തിയ പോരാട്ടം ഇന്ത്യന്‍ നിയമ ചരിത്രത്തിലെ കറുത്തതും എന്നാല്‍ ധാരാളം പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതുമായ ഒരധ്യായമാണ്.

വര്‍ഷം 2017 ജൂണ്‍ മാസം. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലുള്ള 17 വയസ്സുകാരിയായ പെണ്‍കുട്ടി ജോലി ആവശ്യത്തിനായി ബി ജെ പി. എം എല്‍ എ ആയിരുന്ന കുല്‍ദീപ് സിംഗ് സെന്‍ഗറുടെ അടുത്തെത്തി. വിവിധ ദേശങ്ങളിലേക്ക് തൊഴില്‍ അന്വേഷിച്ച് യാത്ര ചെയ്തിരുന്ന തൊഴിലാളിയായ പിതാവിനെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന ആ കര്‍ഷക കുടുംബത്തെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാനുള്ള ശ്രമത്തില്‍ നിന്നായിരുന്നു അത്. എന്നാല്‍ സഹായം തേടിച്ചെന്ന ആ കുഞ്ഞിനെ അധികാരത്തിന്റെ തണലിലിരുന്ന് അയാള്‍ ക്രൂരമായി പിച്ചിച്ചീന്തി. പുറത്തുപറഞ്ഞാല്‍ കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കുമെന്ന് അയാള്‍ ആക്രോശിച്ചു. അധികാരത്തിന്റെ ഗര്‍വിനു മുന്നില്‍ ആ പാവം പെണ്‍കുട്ടി വിറച്ചു പോയി. കുല്‍ദീപ് സിംഗ് സെന്‍ഗര്‍ ഭരണകക്ഷിയായ ബി ജെ പിയുടെ ശക്തനായ എം എല്‍ എ ആയതിനാല്‍ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ല. മാസങ്ങളോളം ആ കുടുംബം സ്റ്റേഷനുകള്‍ കയറിയിറങ്ങിയെങ്കിലും അധികാരികള്‍ അവരെ പരിഹസിച്ച് പ്രതിക്ക് കാവലിരുന്നു. നീതിക്കു വേണ്ടിയുള്ള പോരാട്ടം ശക്തമാക്കിയപ്പോള്‍, 2018 ഏപ്രിലില്‍ പെണ്‍കുട്ടിയുടെ പിതാവിനെ സെന്‍ഗറുടെ സഹോദരന്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് പരസ്യമായി മര്‍ദിച്ചു. മാരകമായ പരുക്കുകളോടെ ചോരയില്‍ കുളിച്ചു കിടന്ന അദ്ദേഹത്തിന് രക്ഷകരാകേണ്ട പോലീസ് പക്ഷേ, വേട്ടക്കാര്‍ക്കൊപ്പമാണ് നിന്നത്. നിയമവിരുദ്ധമായി ആയുധം കൈവശം വെച്ചു എന്നാരോപിച്ച് അദ്ദേഹത്തെ ജയിലിലടക്കുകയും ചെയ്തു. മര്‍ദിച്ചവര്‍ക്കെതിരെയുള്ള പരാതി കേള്‍ക്കാന്‍ പോലും പോലീസ് തയ്യാറായില്ല. മര്‍ദനമേറ്റതിനെത്തുടര്‍ന്ന് ആന്തരിക അവയവങ്ങള്‍ക്കേറ്റ പരുക്ക് ഗുരുതരമായതോടെ ജയിലില്‍ വെച്ച് അദ്ദേഹത്തിന്റെ നില വഷളായി. ഒടുവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആ പിതാവ് മരണത്തിന് കീഴടങ്ങി. പിതാവിന്റെ മരണം സംഭവിച്ചതിന്റെ തലേദിവസമാണ് ലഖ്‌നൗവിലെ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ വെച്ച് പെണ്‍കുട്ടിയും കുടുംബവും പരസ്യമായി ആത്മഹത്യക്ക് ശ്രമിച്ചത്. ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ച അവള്‍ അന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു, ‘എന്നെ പീഡിപ്പിച്ചവര്‍ക്ക് സംരക്ഷണമൊരുക്കുന്ന ഈ ഭരണകൂടത്തില്‍ നിന്ന് എനിക്ക് നീതി കിട്ടില്ല, അതുകൊണ്ട് ഞാന്‍ മരിക്കാന്‍ ആഗ്രഹിക്കുന്നു.’ ഈ സംഭവം ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി, സര്‍ക്കാറിനെ വലിയ പ്രതിരോധത്തിലാക്കി. പോലീസ് കാവലില്‍ പ്രതികള്‍ സുരക്ഷിതരായിരിക്കുമ്പോള്‍ ഇരയായ പെണ്‍കുട്ടി തെരുവില്‍ നീതിക്കായി നിലവിളിക്കുന്നത് കണ്ട രാജ്യം ഒന്നടങ്കം അവള്‍ക്കായി ശബ്ദമുയര്‍ത്തി. പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമവും പിതാവിന്റെ കസ്റ്റഡി മരണവും ഉണ്ടായതോടെ രാജ്യം മുഴുവന്‍ ഉത്തര്‍പ്രദേശിലെ ക്രമസമാധാന നിലയെ ചോദ്യം ചെയ്തു. ഈ സാഹചര്യത്തിലാണ് അലഹബാദ് ഹൈക്കോടതി സ്വമേധയാ വിഷയത്തില്‍ ഇടപെടുന്നത്. പ്രതിയായ കുല്‍ദീപ് സിംഗ് സെന്‍ഗറെ അറസ്റ്റ് ചെയ്യാന്‍ മടിച്ചുനിന്ന പോലീസിനോടും സര്‍ക്കാറിനോടും കോടതി കടുത്ത ഭാഷയില്‍ പ്രതികരിച്ചു. ‘പ്രതി എത്ര വലിയ ആളാണെങ്കിലും അയാള്‍ക്ക് നിയമത്തിന് മുകളില്‍ സ്ഥാനമില്ല’ എന്ന് കോടതി വ്യക്തമാക്കി. പോലീസിന്റെ നിസ്സംഗത നീതിവ്യവസ്ഥയെ തന്നെ പരിഹസിക്കുന്നതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പ്രതിഷേധങ്ങള്‍ രാജ്യവ്യാപകമായതോടെ സംഭവം കൈവിട്ടുപോകുമെന്ന് ബോധ്യപ്പെട്ട ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേസ് സി ബി ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തു. 2018 ഏപ്രില്‍ 13ന് പുലര്‍ച്ചെ തന്നെ സി ബി ഐ സെന്‍ഗറെ അയാളുടെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തതോടെ നീണ്ട കാലത്തെ ഒളിച്ചുകളികള്‍ക്ക് ശേഷം വേട്ടക്കാരന്‍ നിയമത്തിന്റെ പിടിയിലായി.

പിന്നീട് പ്രതിയുടെ പക പതിന്മടങ്ങായി വര്‍ധിക്കുകയാണുണ്ടായത്. നീതിക്കു വേണ്ടിയുള്ള പോരാട്ടം കോടതിയില്‍ നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് ആ ദുരന്തം സംഭവിക്കുന്നത്. മഴയുള്ള ഒരു ഉച്ച സമയം. റായ്ബറേലിയിലെ ജയിലില്‍ കഴിയുന്ന തന്റെ അമ്മാവനെ കാണാനായി പെണ്‍കുട്ടിയും രണ്ട് അമ്മായിമാരും അവരുടെ അഭിഭാഷകനും കൂടി യാത്ര ചെയ്യുന്ന കാറിലേക്ക് എതിര്‍ദിശയില്‍ നിന്ന് അമിത വേഗത്തില്‍ വന്ന ഒരു ട്രക്ക് ബോധപൂര്‍വം ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില്‍ പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകരുകയും അപകടസ്ഥലത്ത് വെച്ച് തന്നെ പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ മരണപ്പെടുകയും ചെയ്തു. കേസിലെ പ്രധാന സാക്ഷികളായിരുന്നു ഇവര്‍. പെണ്‍കുട്ടിക്കും അഭിഭാഷകനും മാരകമായി പരുക്കേറ്റു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ആ പെണ്‍കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വന്നത്. ട്രക്കിന്റെ നമ്പര്‍ പ്ലേറ്റ് തിരിച്ചറിയാതിരിക്കാന്‍ കറുത്ത പെയിന്റ് അടിച്ച നിലയിലായിരുന്നു. 2019 ജൂലൈ 28ന് നടന്ന ആ ഭീകരമായ വാഹനാപകടത്തിന് ദിവസങ്ങള്‍ക്ക് മുമ്പ്, അതിജീവിതയും കുടുംബവും തങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന ഭീഷണികളെ വിവരിച്ചുകൊണ്ട് അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്ക് കത്തെഴുതിയിരുന്നു. തങ്ങളെ കൊന്നുകളയുമെന്ന് പ്രതിയുടെ ആളുകള്‍ ഭീഷണിപ്പെടുത്തുന്നുവെന്നും സംരക്ഷണം വേണമെന്നുമായിരുന്നു ആ കത്തിലെ ഉള്ളടക്കം. കത്ത് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടാന്‍ വൈകിയതിനിടയിലാണ് അപകടം സംഭവിച്ചത്. അപകട വാര്‍ത്ത അറിഞ്ഞയുടന്‍ സുപ്രീം കോടതി അതീവ ഗൗരവത്തോടെ ഈ വിഷയം പരിഗണിച്ചു. ‘എന്താണ് രാജ്യത്ത് സംഭവിക്കുന്നത്?’ എന്ന് ചോദിച്ചുകൊണ്ട് കോടതി യു പി സര്‍ക്കാറിനെയും പോലീസിനെയും ആക്ഷേപിച്ചു. ഉത്തര്‍പ്രദേശില്‍ വിചാരണ നടന്നാല്‍ പ്രതിയുടെ സ്വാധീനം കാരണം നീതി ലഭിക്കില്ലെന്ന് കോടതിക്ക് ബോധ്യമായതോടെ ചരിത്രപരമായ ചില തീരുമാനങ്ങള്‍ സുപ്രീം കോടതി കൈക്കൊണ്ടു. ബലാത്സംഗം, പിതാവിന്റെ മരണം, വാഹനാപകടം തുടങ്ങിയ ഉന്നാവോ കേസുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലെ സി ബി ഐ കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിടുകയും 45 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തു. അതിജീവിതക്കും കുടുംബത്തിനും സി ആര്‍ പി എഫിന്റെ നേരിട്ടുള്ള സുരക്ഷ ഉറപ്പാക്കല്‍, ചികിത്സക്കും മറ്റ് ചെലവുകള്‍ക്കുമായി ഇടക്കാല നഷ്ടപരിഹാരമായി 25 ലക്ഷം രൂപ ഉടന്‍ നല്‍കാനുള്ള ഉത്തരവ് തുടങ്ങിയവയെല്ലാം പ്രസ്തുത തീരുമാനങ്ങളില്‍ പെട്ടതായിരുന്നു.

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 2019 ഡിസംബറില്‍ ഡല്‍ഹിയിലെ പ്രത്യേക സി ബി ഐ കോടതി പുറപ്പെടുവിച്ച വിധിയനുസരിച്ച് ഐ പി സി പ്രകാരവും പോക്സോ നിയമപ്രകാരവും ജീവപര്യന്തം തടവ്, 25 ലക്ഷം രൂപ പിഴ, പെണ്‍കുട്ടിയുടെ പിതാവിനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതും അവിടെ വെച്ച് അദ്ദേഹം കൊല്ലപ്പെട്ടതുമായ കേസില്‍ 2020 മാര്‍ച്ചിലെ വിധിയനുസരിച്ച് 10 വര്‍ഷം കഠിനതടവ്, 10 ലക്ഷം രൂപ പിഴ, കൂടാതെ, 2019ലെ വാഹനാപകടവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസ് തുടങ്ങിയവയെല്ലാം ഒരു പെണ്‍ പോരാട്ടത്തിന്റെ ബാക്കിപത്രങ്ങളാണ്. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഡല്‍ഹി ഹൈക്കോടതി കുല്‍ദീപ് സിംഗ് സെന്‍ഗറുടെ ശിക്ഷ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തത്. നീതിന്യായ സംവിധാനങ്ങളില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന ജനങ്ങളുടെ പൊതുബോധത്തില്‍ കത്തിവെക്കുന്ന ഉത്തരവായിരുന്നു അത്. ഈ ഉത്തരവിനെതിരെ പ്രതികരിക്കാന്‍ ഡല്‍ഹി ഗേറ്റിനു സമീപത്തെത്തിയ പെണ്‍കുട്ടിക്കും മാതാവിനും തിക്താനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവന്നു. എങ്കിലും സി ബി ഐയുടെ അപ്പീലില്‍ ഒരിക്കല്‍ കൂടി നീതിക്ക് കാവലിരിക്കുകയാണ് സുപ്രീം കോടതി. പ്രതിയുടെ ശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രീം കോടതി വിധി, നീതിന്യായം ഭയത്തിന്റെ നിഴലിലല്ലെന്ന് തീര്‍ച്ചപ്പെടുത്തുന്നതാണ്.

 

---- facebook comment plugin here -----

Latest