Connect with us

local body election 2025

മത്സര ചിത്രം ഇന്നു തെളിയും; വിമതരെ ഒതുക്കാന്‍ തീവ്ര ശ്രമങ്ങള്‍

പോസ്റ്റല്‍ ബാലറ്റ് വിതരണം ബുധനാഴ്ച തുടങ്ങും

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കല്‍ ഇന്ന് 3 മണിക്ക് അവസാനിക്കുന്നതോടെ സ്ഥാനാര്‍ഥികളെ സംബന്ധിച്ചുള്ള അവസാന ചിത്രം വ്യക്തമാവും.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്ക് പ്രകാരം 1,07,211 സ്ഥാനാര്‍ഥികളുടെ പത്രികകള്‍ ലഭിച്ചതില്‍ 1,54,547 പത്രികകളാണ് അംഗീകരിക്കുകയും 2479 പത്രികകള്‍ തള്ളുകയും ചെയ്തിരുന്നു.
സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ച ശേഷം റിട്ടേണിംഗ് ഓഫീസര്‍, മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കും. മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാര്‍ഥികളുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തുക. സ്ഥാനാര്‍ത്ഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് ഈ പട്ടികയിലുണ്ടാവുക. വിമതരുടെയും ഘടകകക്ഷികളുടെയും സ്ഥാനാര്‍ഥിത്വങ്ങള്‍ പിന്‍വലിക്കുന്നതോടെ മുന്നണികള്‍ക്ക് ആശ്വാസമാകും.

മത്സരചിത്രം തെളിയാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ വിമതരെ ഒഴിവാക്കാനുള്ള തിരക്കിട്ട ശ്രമമാണ് നടക്കുന്നത്. ഓഫറുകള്‍ പലതും നല്‍കിയും ഭീഷണി ഉയര്‍ത്തിയിമുള്ള നീക്കങ്ങള്‍ സജീവമാണ്. ചിലര്‍ വഴങ്ങുമെന്ന സൂചനയുണ്ടെങ്കിലും മറ്റ് ചിലര്‍ ഉറച്ചുനില്‍ക്കുകയാണ്.

തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം ബുധനാഴ്ച തുടങ്ങും. ബന്ധപ്പെട്ട വരണാധികാരിക്കാണ് അപേക്ഷ നല്‍കേണ്ടത്. പോളിങ് ഉദ്യോഗസ്ഥരുടെ പരിശീലനം ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ജില്ലകളില്‍ നടത്തും.

ഹൈക്കോടതി നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ ഹൈക്കോടതി നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള അനധികൃത ഇന്‍സ്റ്റലേഷന്‍സ്, ബാനറുകള്‍, ബോര്‍ഡുകള്‍, കൊടികള്‍, തോരണങ്ങള്‍ എന്നിവയുടെ പരിശോധന ഊര്‍ജ്ജിതമാക്കാനും അവയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
എല്ലാ തദ്ദേശ സ്ഥാപനസെക്രട്ടറിമാര്‍ക്കും ആവശ്യമായ നിര്‍ദ്ദേശം നല്‍കാനും ജില്ലാ കലക്ടര്‍മാരോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.

ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം മാതൃകാ പെരുമാറ്റചട്ടത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. പുതുക്കിയ നിര്‍ദ്ദേശ പ്രകാരം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ അവരുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങളില്‍ അനധികൃത പ്രചാരണ സാമഗ്രികള്‍ ഉപയോഗിക്കുന്നതിനെതിരേ കര്‍ശന നടപടി സ്വീകരിക്കണം. അനുമതിയില്ലാതെ സ്ഥാപിക്കുന്ന ബാനറുകള്‍, ബോര്‍ഡുകള്‍, കൊടികള്‍, തോരണങ്ങള്‍ തുടങ്ങിയവ വേഗത്തില്‍ നീക്കം ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കണം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായ ശേഷം ഡി ഇ ഒ മാര്‍ ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

Latest