Connect with us

From the print

ഹജ്ജ് കമ്മിറ്റി വഴിയുള്ള ഉംറ; എല്ലാ മാസവും യാത്ര ഹജ്ജ് ഹൗസില്‍ നിന്ന്

സ്വകാര്യ ഗ്രൂപ്പുകളേക്കാള്‍ വളരെ കുറഞ്ഞ ചെലവിലായിരിക്കും ഇത് നടപ്പാക്കുക.

Published

|

Last Updated

കോഴിക്കോട് | കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഉംറ തീര്‍ഥാടനം ഹജ്ജ് ഹൗസുകള്‍ കേന്ദ്രീകരിച്ച്. രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ഹജ്ജ് ഹൗസുകളുണ്ട്. ഇവിടെ നിന്ന് യാത്ര തിരിക്കുന്ന രൂപത്തിലാണ് എല്ലാ മാസവും ഉംറ പാക്കേജ് നടപ്പാക്കാനുള്ള ആലോചന. തീര്‍ഥാടകര്‍ക്ക് ആവശ്യമായ ക്ലാസുകള്‍ ഹജ്ജ് ഹൗസില്‍ നിന്ന് നല്‍കും.

സ്വകാര്യ ഗ്രൂപ്പുകളേക്കാള്‍ വളരെ കുറഞ്ഞ ചെലവിലായിരിക്കും ഇത് നടപ്പാക്കുക. ഹജ്ജ് സീസണ്‍ കഴിഞ്ഞാല്‍ ഹജ്ജ് ഹൗസുകള്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താറില്ല. എന്നാല്‍, ഉംറ തീര്‍ഥാടനം ഇതുവഴിയാകുമ്പോള്‍ എല്ലാ മാസവും ഹജ്ജ് ഹൗസ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. തീര്‍ഥാടകരുടെ വിസ അപേക്ഷ ഉള്‍പ്പെടെയുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ ഹജ്ജ് കമ്മിറ്റി ഓഫീസ് വഴിയും നടപ്പാക്കും. ഹജ്ജ് കമ്മിറ്റി ഓഫീസും എല്ലാ മാസവും പൂര്‍ണമായും പ്രവര്‍ത്തിക്കും.
ഹജ്ജ് സീസണ്‍ കഴിഞ്ഞാല്‍ ഹജ്ജ് കമ്മിറ്റി ഓഫീസില്‍ കാര്യമായ തിരക്കുണ്ടാകാറില്ല. എന്നാല്‍, കഴിഞ്ഞ ഹജ്ജ് കഴിഞ്ഞ ഉടന്‍ തന്നെ അടുത്ത വര്‍ഷത്തെ ഹജ്ജിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഹജ്ജിന്റെ രണ്ടാംഘട്ട ക്ലാസ്സുകള്‍ ജനുവരിയില്‍ നടക്കും.

ഉംറ തീര്‍ഥാടനം ഉടന്‍ നടപ്പാക്കുന്നതിനുള്ള ശ്രമങ്ങളാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ആരംഭിച്ചിരിക്കുന്നത്. ഇതിന് പുറമെ തിരഞ്ഞെടുക്കപ്പെട്ട ഹാജിമാര്‍ക്ക് സീറ്റും തീയതിയും ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന സംവിധാനം അടുത്ത വര്‍ഷത്തെ ഹജ്ജിന് മുന്നോടിയായി ആരംഭിക്കും. ഹജ്ജ് ഫ്ലൈറ്റ് ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ച ശേഷമായിരിക്കും ഇതിന് സൗകര്യമുണ്ടാകുക. തീയതിയും സീറ്റും തിരഞ്ഞെടുക്കാന്‍ കഴിയുമെന്നല്ലാതെ പുറപ്പെടല്‍ കേന്ദ്രം മാറ്റാന്‍ കഴിയില്ല. എല്ലാ വിമാനങ്ങളിലെയും സീറ്റ് ലഭ്യതക്കനുസരിച്ചാണ് ഹാജിമാര്‍ക്ക് സീറ്റ് ബുക്ക് ചെയ്യാന്‍ കഴിയുക.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest