Connect with us

Articles

മാധ്യമ പ്രവര്‍ത്തകരെ കാത്തിരിക്കുന്നത്‌

ഒരു ഭാഗത്ത് മാധ്യമങ്ങളെ ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കുമ്പോഴും മറ്റൊരു ഭാഗത്ത് ഭരണകൂടം തന്നെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇരുമ്പ് കൂടുകള്‍ പണികഴിപ്പിക്കുകയാണിവിടെ. മാധ്യമങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്താതെ ഒരു സമൂഹത്തിന്റെയും ജനാധിപത്യ മൂല്യം പൂര്‍ണമാകില്ല. ഇന്ത്യ അക്കാര്യത്തില്‍ അപകടകരമായ നാളെകളെയാണ് കാത്തിരിക്കുന്നത്.

Published

|

Last Updated

റിപോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് തയ്യാറാക്കിയ 2025ലെ ലോക മാധ്യമ സ്വാതന്ത്ര്യ സൂചിക കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 180 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 151 എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. 2014 മുതല്‍ 2025 വരെയുള്ള ഇന്ത്യയുടെ മാധ്യമ സ്വാതന്ത്ര്യ സൂചിക പരിശോധിച്ചാല്‍ രാജ്യത്തിന് കാര്യമായ മുന്നേറ്റങ്ങളൊന്നും അവകാശപ്പെടാനില്ല. മാത്രമല്ല ഓരോ വര്‍ഷം കഴിയുന്നതിനനുസരിച്ച് മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യ താഴേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2014ല്‍ 140ാം സ്ഥാനത്തായിരുന്നു ഇന്ത്യ. തുടര്‍ന്ന് 2015ല്‍ 136 ലേക്കും 2016ല്‍ 133ാം സ്ഥാനത്തേക്കും 2017ല്‍ 136ാം സ്ഥാനത്തേക്കും 2018ല്‍ 138ാം സ്ഥാനത്തേക്കും 2019ല്‍ 140ാം സ്ഥാനത്തേക്കും 2020-2021 വര്‍ഷങ്ങളില്‍ 142ാം സ്ഥാനത്തേക്കും 2022ല്‍ 150ാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. തുടര്‍ വര്‍ഷങ്ങളിലും പിന്നോട്ട് തന്നെയായിരുന്നു യാത്ര. 2023ല്‍ 161ാം സ്ഥാനത്തേക്കും 2024ല്‍ 159ാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. ഏറ്റവുമൊടുവില്‍ വന്ന 2025ലെ സൂചികയില്‍ 151 ആണ് ഇന്ത്യയുടെ സ്ഥാനം. ഈ കണക്കുകളെല്ലാം വിരല്‍ ചൂണ്ടുന്നത് ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തനം തീരെ സുരക്ഷിതമല്ലാത്ത തൊഴിലായി മാറിയിരിക്കുന്നു എന്നതിലേക്കാണ്.
ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഛത്തീസ്ഗഢില്‍ ഒരു വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് മുകേഷ് ചന്ദ്രകര്‍ എന്ന മാധ്യമ പ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെടുത്തത്. അന്വേഷണത്തില്‍ കണ്ടെത്തിയത്, റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതി പുറത്തുകൊണ്ടുവന്നതിന്റെ പക മൂലമായിരുന്നു കൊലപാതകമെന്നുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. നിരന്തരം ജനകീയ വിഷയങ്ങളില്‍ ഇടപെട്ടിരുന്ന മുകേഷ് ചന്ദ്രകറിനെ റോഡ് നിര്‍മാണ കരാറുകാരനായ സുരേഷ് ചന്ദ്രകറും സംഘവും അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടും അന്ന് പുറത്തുവന്നിരുന്നു.

ഹിന്ദി ഡെയ്്ലിയിലെ മാധ്യമ പ്രവര്‍ത്തകനായ രാഘവേന്ദ്ര ബാജ്പൈ കൊല്ലപ്പട്ടത് ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പൂജാരി ലൈംഗികമായി ഉപയോഗിക്കുന്നതിന് രാഘവേന്ദ്ര ബാജ്പൈ സാക്ഷിയായിരുന്നു. അമ്പലത്തിനകത്ത് വെച്ച് കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ രാഘവേന്ദ്ര മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇത് പുറത്താകുമെന്ന ഭയമാണ് രാഘവേന്ദ്രയെ കൊലപ്പെടുത്തി ഇല്ലാതാക്കുന്നതിന് പൂജാരിയെ നയിച്ചത്.

ഇങ്ങനെ ഒരു ഭാഗത്ത് വ്യക്തിതാത്പര്യങ്ങളും രഹസ്യങ്ങള്‍ പുറത്താകുമോയെന്ന ഭയവും കാരണം മാധ്യമ സ്ഥാപനങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും അക്രമിക്കുകയും നിഷ്ഠൂരം കൊലപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ മറുഭാഗത്ത് ഭരണകൂടം തന്നെ മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും കേസെടുത്ത് വായടപ്പിക്കാനുള്ള ശ്രമങ്ങളും നടത്തുന്നു. ഇങ്ങനെയുള്ള ആക്രമണങ്ങള്‍ ഈയടുത്ത കാലത്തായി വര്‍ധിച്ചു വരുന്നതായാണ് വിവിധ റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇരകള്‍ സര്‍ക്കാറിന്റെയോ സര്‍ക്കാര്‍ അനുകൂല വ്യക്തികളുടെയോ അല്ലെങ്കില്‍ ഏതെങ്കിലും കോര്‍പറേറ്റ് സ്ഥാപനങ്ങളുടെയോ അഴിമതികളോ വീഴ്ചകളോ ചൂണ്ടിക്കാണിക്കുന്നവരാണ് എന്നത് പ്രത്യേകം കൂട്ടിവായിക്കേണ്ടതാണ്.
കഴിഞ്ഞ ആഗസ്റ്റിലാണ് രാജ്യത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ സിദ്ധാര്‍ഥ് വരദരാജനും കരണ്‍ ഥാപ്പറിനുമെതിരെ അസം പോലീസ് രാജ്യദ്രോഹക്കുറ്റും ചുമത്തി സമന്‍സ് അയച്ചത്. ആഗസ്റ്റ് 22ന് ഗുവാഹത്തിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്നും ഇല്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ സൗമര്‍ജ്യോതി റേ നല്‍കിയ സമന്‍സില്‍ പറഞ്ഞിരുന്നു. എന്നാല്‍ കുറ്റകൃത്യം എന്താണെന്ന് അറിയിക്കാതെയും എഫ് ഐ ആറിന്റെ പകര്‍പ്പ് നല്‍കാതെയുമാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. സിദ്ധാര്‍ഥ് വരദരാജനും കരണ്‍ ഥാപ്പറിനുമെതിരെ ഭാരതീയ ന്യായസംഹിത 152, 196, 197 (1) ഡി3 (6), 353, 45, 61 എന്നീ വപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകളാണിത്. ഇന്തോനേഷ്യയിലെ ഇന്ത്യയുടെ പ്രതിരോധ ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ ശിവ്കുമാറിന്റെ പ്രതികരണത്തെ അടിസ്ഥാനമാക്കി ജൂണ്‍ 28ന് ദി വയറില്‍ നല്‍കിയ വാര്‍ത്തയുടെ പേരില്‍ ബി ജെ പി നേതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ ജൂലൈ 11ന് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. രാഷ്ട്രീയ നേതൃത്വത്തിന്റെ നിയന്ത്രണങ്ങള്‍ കാരണം ഇന്ത്യന്‍ വ്യോമ സേനയുടെ യുദ്ധവിമാനങ്ങള്‍ പാകിസ്താനില്‍ വെച്ച് നഷ്ടമായതായി പ്രതിരോധ ഉദ്യോഗസ്ഥന്‍ പറഞ്ഞതായുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചതാണ് കേസിനാധാരം. എന്നാല്‍ അസം പോലീസ് രജിസ്റ്റര്‍ ചെയ്ത പ്രഥമവിവര റിപോര്‍ട്ടിനെ ചോദ്യം ചെയ്ത് ദി വയര്‍ സമര്‍പ്പിച്ച ഹരജിയില്‍ കേസിലെ തുടര്‍നടപടി ജസ്റ്റിസ് സൂര്യകാന്ത് അടങ്ങിയ സുപ്രീം കോടതി ബഞ്ച് വിലക്കിയിരുന്നു. വിലക്ക് നിലനില്‍ക്കെയാണ് അസം പോലീസ് സിദ്ധാര്‍ഥ് വരദരാജനും കരണ്‍ ഥാപ്പറിനുമെതിരെ വീണ്ടും സമന്‍സ് അയച്ചിരുന്നത്. എന്നാല്‍ ഇരുവര്‍ക്കുമെതിരെയുള്ള നടപടിക്രമങ്ങള്‍ നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയാണ് ചെയ്തത്.
കുറച്ചു മുമ്പായിരുന്നു ആള്‍ട്ട് ന്യൂസ് സഹ സ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ മുസഫര്‍ നഗര്‍ പോലീസ് കേസെടുത്തത്. മുസഫര്‍ നഗറിലെ നേഹ പബ്ലിക് സ്‌കൂളില്‍ ഏഴ് വയസുകാരനായ വിദ്യാര്‍ഥിയെ സഹപാഠികളെ കൊണ്ട് തല്ലിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതിനാണ് സുബൈറിനെതിരെ അന്ന് കേസെടുത്തിരുന്നത്. എന്നാല്‍, തനിക്ക് പോലീസ് നോട്ടീസോ മറ്റു വിവരമോ കിട്ടിയിരുന്നില്ലെന്നും സാമൂഹിക മാധ്യമങ്ങളില്‍ നിന്നാണ് കേസെടുത്തത് അറിഞ്ഞതെന്നുമാണ് അന്ന് സുബൈര്‍ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പ്രതികരിച്ചത്. വീഡിയോ പങ്കുവെച്ച മറ്റുള്ളവരെ ഒഴിവാക്കി എഫ് ഐ ആറില്‍ തന്റെ പേര് മാത്രം ഉള്‍പ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും, മുമ്പും തന്നെ മാത്രം ലക്ഷ്യം വെച്ച് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സുബൈര്‍ വ്യക്തമാക്കിയിരുന്നു. ഹാഥ്‌റസില്‍ ദളിത് ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് റിപോര്‍ട്ട് ചെയ്യാന്‍ പോയി വഴിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട സിദ്ദീഖ് കാപ്പന്‍ മാസങ്ങളോളമാണ് ചെയ്ത തെറ്റെന്തെന്നറിയാതെ ജയിലിനുള്ളില്‍ കിടന്നത്. കേരളത്തിലെ രണ്ട് മാധ്യമങ്ങള്‍ ഡല്‍ഹി വംശഹത്യ റിപോര്‍ട്ട് ചെയ്തതിന്റെ പേരില്‍ 48 മണിക്കൂര്‍ നേരത്തേക്ക് സംപ്രേഷണം നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായ സംഭവവും ഒറ്റപ്പെട്ടതല്ല.

ഒരുവശത്ത് മാധ്യമ പ്രവര്‍ത്തകരെ ഭരണാധികാരികളുടെ കുഴലൂത്തുകാരെന്ന് അടച്ച് വിമര്‍ശിക്കുമ്പോഴും ചെറുതെങ്കിലും ഒരു പറ്റം മാധ്യമ പ്രവര്‍ത്തകര്‍ വലിയ ത്യാഗം ചെയ്ത് ഒഴുക്കിനെതിരില്‍ നീന്തുന്നത് കാണാതിരുന്നു കൂടാ. അത്തരം മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് കൂടുതലും ഇവിടെ അതിക്രമങ്ങളുണ്ടാകുന്നത്. ഒരു ഭാഗത്ത് മാധ്യമങ്ങളെ ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കുമ്പോഴും മറ്റൊരു ഭാഗത്ത് ഭരണകൂടം തന്നെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇരുമ്പ് കൂടുകള്‍ പണികഴിപ്പിക്കുകയാണിവിടെ. മാധ്യമങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്താതെ ഒരു സമൂഹത്തിന്റെയും ജനാധിപത്യ മൂല്യം പൂര്‍ണമാകില്ല. ഇന്ത്യ അക്കാര്യത്തില്‍ അപകടകരമായ നാളെകളെയാണ് കാത്തിരിക്കുന്നത്.

Latest