Connect with us

Articles

ഗസ്സയില്‍ സ്വയം റദ്ദാകുന്ന യു എന്‍

പുനര്‍ നിര്‍മാണം പൂര്‍ത്തിയായിട്ടാകാം രാഷ്ട്ര ചര്‍ച്ചയെന്നാണല്ലോ പ്രമേയം പറയുന്നത്. ദശകങ്ങളുടെ സമാധാനപരമായ അന്തരീക്ഷം ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ അനിവാര്യമാണ്. ഇസ്റാഈല്‍ വെടിനിര്‍ത്താത്തിടത്തോളം അത് നടക്കുമോ? തുടങ്ങിയാല്‍ തന്നെ അത് അനിശ്ചിതമായി നീളില്ലേ. പുനര്‍നിര്‍മാണത്തിന്റെ ഉത്തരവാദിത്വം കൂടി നിര്‍വഹിക്കുന്ന ട്രംപ് അധ്യക്ഷനായ 'സമാധാന സമിതി' ഗസ്സയുടെ നിയന്ത്രണം ഏറ്റെടുത്താല്‍ ആ 'ഭരണം' അനന്തം തുടരുകയാകും ചെയ്യുക.

Published

|

Last Updated

ഡൊണാള്‍ഡ് ട്രംപിന്റെ ഗസ്സാ പ്ലാന്‍ അംഗീകരിച്ച് യു എന്‍ രക്ഷാ സമിതി പാസ്സാക്കിയ പ്രമേയം ഇസ്റാഈല്‍ രൂപവത്കരണത്തിലേക്ക് നയിച്ച ഫലസ്തീന്‍ വിഭജന പ്രമേയത്തിന്റെ ക്രൂരമായ ആവര്‍ത്തനമാണ്. അന്ന് ഫലസ്തീന്‍ വെട്ടിമുറിച്ചപ്പോള്‍ ചിന്തിത്തുടങ്ങിയ ചോരക്കും പലായനത്തിനും അപമാനത്തിനും അധിനിവേശത്തിനും ഇന്നും അറുതിയായിട്ടില്ല. ഇസ്റാഈല്‍ എന്ന രാഷ്ട്രം ബലാത്കാരമായി രൂപവത്കരിച്ചത് മുതല്‍ മേഖലയില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ക്കും വംശഹത്യക്കും ഭീകരമായ തുടര്‍ച്ചയുണ്ടാക്കാന്‍ മാത്രമേ ട്രംപ് പ്ലാന്‍ ഉപകരിക്കുകയുള്ളൂ. ഗസ്സയെക്കുറിച്ചുള്ള ഒന്നിനെയും ശുഭാപ്തിവിശ്വാസത്തോടെ കാണാനാകാത്തവിധം ഇരുണ്ടതാണ് ലോകക്രമം. ഈ പ്ലാനിനായി കൈപ്പൊക്കിയ രാഷ്ട്രങ്ങള്‍ക്കെല്ലാമറിയാം ഞങ്ങള്‍ പിന്താങ്ങുന്നത് ഒരു ജനതയുടെ അഭിമാനകരമായ അസ്തിത്വം എന്നേക്കുമായി കുഴിച്ചുമൂടുന്ന ദീര്‍ഘകാല അജന്‍ഡക്കാണെന്ന്. എന്നാല്‍ അത് തുറന്നുപറയാവുന്ന ആഗോള സാഹചര്യമല്ല നിലനില്‍ക്കുന്നത്. എത്രയൊക്കെ ക്ഷയിച്ചിട്ടും യു എസ് കേന്ദ്രീകൃത ലോകം തന്നെ പുലരുന്നുവെന്ന നിരാശയാണ് 2803ാം യു എന്‍ രക്ഷാസമിതി പ്രമേയം അവശേഷിപ്പിക്കുന്നത്. ഗസ്സാ പ്ലാന്‍ പ്രമേയത്തെ രക്ഷാസമിതിയില്‍ ആരും എതിര്‍ത്തില്ല. റഷ്യയും ചൈനയും വിട്ടുനിന്നു. മനസ്സാക്ഷിക്കുത്ത് മറച്ചുവെക്കാനുള്ള വൃഥാ ശ്രമം മാത്രമാണത്. പുറത്തിറങ്ങി ‘ആശങ്ക രേഖപ്പെടു’ത്താനുള്ള ഒഴിവുകഴിവ്. വീറ്റോ അധികാരമുള്ള രാജ്യങ്ങള്‍ അത് പ്രയോഗിക്കാതെ വിട്ടുനില്‍ക്കുന്നതും പ്രമേയത്തെ സര്‍വാത്മനാ പിന്തുണക്കുന്നതും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്?

ഒടുവില്‍ പ്രഖ്യാപിക്കപ്പെട്ട ഗസ്സാ വെടിനിര്‍ത്തല്‍ പദ്ധതിക്ക് ആധാരമായ 20 ഇന ട്രംപ് പ്ലാനിനാണല്ലോ യു എന്‍ രക്ഷാസമിതി തുല്യം ചാര്‍ത്തിയിരിക്കുന്നത്. ഈ പ്രമേയത്തിന് മുന്നിലിരുന്ന് ചോദിക്കാനുള്ള ഒന്നാമത്തെ ചോദ്യം ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യമായോ എന്നാണ്. ഇതെഴുതുമ്പോഴും ഗസ്സക്ക് മേല്‍ വ്യോമാക്രമണം തുടരുകയാണ്. അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ അക്രമാസക്ത കുടിയേറ്റം ശക്തിപ്പെടുകയാണ്. അധിനിവിഷ്ട ജറൂസലമിലേക്ക് കുരുതി നീളുകയാണ്. മസ്ജിദുല്‍ അഖ്സക്ക് ചുറ്റും സംഘര്‍ഷമുണ്ടാക്കാനുള്ള നീക്കവും തുടരുന്നു. സിറിയയുടെ ഭാഗമാകേണ്ട, ഇപ്പോള്‍ ഇസ്റാഈല്‍ കൈയടക്കിവെച്ച ജൂലാന്‍ കുന്നുകളിലും ക്രൂരമായ ആട്ടിയോടിക്കല്‍ നടക്കുന്നു. ഗസ്സയുടെ അതിര്‍ത്തികള്‍ തുറന്നിട്ടില്ല. ദുരിത്വാശ്വാസ സാമഗ്രികള്‍ ഇപ്പോഴും പൂര്‍ണതോതിലായിട്ടില്ല. ഗുരുതരമായി പരുക്കേറ്റ കുഞ്ഞുങ്ങളെ ചികിത്സിക്കാന്‍ ആശുപത്രികള്‍ സജ്ജമല്ല. പുറത്തേക്ക് പോകാമെന്ന് വെച്ചാല്‍ ഇസ്റാഈല്‍ പ്രതിരോധ സേനയുടെ ബലിഷ്ഠ പരിശോധനകള്‍ കടന്നുപോകുക അസാധ്യമാണ്. നിലവില്‍വരാത്ത വെടിനിര്‍ത്തലിനെ മുന്‍നിര്‍ത്തിയാണ് രക്ഷാസമിതി പ്രമേയമെന്ന് ചുരുക്കം. ആക്രമണം തുടര്‍ന്നുകൊണ്ടേയിരിക്കുന്ന ഇസ്റാഈലിനെ നിലക്കുനിര്‍ത്താല്‍ നട്ടെല്ലുറപ്പില്ലാത്ത ഒരു അന്താരാഷ്ട്ര സംഘടന പാസ്സാക്കുന്ന പ്രമേയം ആ ഒരൊറ്റ കാരണം കൊണ്ട് തന്നെ നിഷ്ഫലമാണ്. പൊടുന്നനെ പെയ്ത മഴയും വെള്ളപ്പൊക്കവും ഗസ്സയിലെ ജീവിതം വീണ്ടും ദുരിതപൂര്‍ണമാക്കുകയും പലതരം വ്യാധി പടര്‍ന്നു പിടിക്കുകയും ചെയ്യുമ്പോഴാണ് റിയല്‍ എസ്റ്റേറ്റ് കരാറുകളില്‍ നോട്ടമിട്ട് പുനര്‍നിര്‍മാണത്തിനായി ട്രംപും മധ്യ പൗരസ്ത്യ ദേശത്തിനായുള്ള അദ്ദേഹത്തിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകനും ജൂതനുമായ ജെയേര്‍ഡ് കുഷ്നറും ഇറങ്ങിപ്പുറപ്പെടുന്നത്. ഭയരഹിതമായ ജീവിതവും അടിസ്ഥാന ആവശ്യങ്ങള്‍ നിവര്‍ത്തിക്കാനുള്ള സാഹചര്യവുമില്ലാതെ എന്ത് പുനര്‍നിര്‍മാണം?

അവ്യക്തതയുണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമിച്ചുവെന്ന് പ്രമേയം വായിക്കുന്ന ആര്‍ക്കും മനസ്സിലാകും. വ്യാഖ്യാനസാധ്യത തുറന്നിടുകയും അതുവഴി വളച്ചൊടിക്കലിന് വളംവെക്കുന്നതുമാണ് പ്രമേയത്തിന്റെ വേര്‍ഡിംഗ്. ക്ലോസ് 19 മാത്രം ഉദാഹരണമായെടുക്കാം. ‘വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളുടെ മേല്‍ ഭരണപരമായ ഉത്തരവാദിത്വം വഹിക്കുന്ന സ്ഥാപനമായ ഫലസ്തീന്‍ അതോറിറ്റി (പി എ) സ്വയം പരിഷ്‌കരിക്കപ്പെടുകയും ഗസ്സയുടെ പുനര്‍നിര്‍മാണം ആരംഭിക്കുകയും ചെയ്തുകഴിഞ്ഞാല്‍, ഫലസ്തീന്‍ സ്വയം നിര്‍ണയത്തിലേക്കും രാഷ്ട്രപദവിയിലേക്കും വിശ്വസനീയമായ പാതക്കുള്ള സാഹചര്യങ്ങള്‍ ഒടുവില്‍ നിലവില്‍ വന്നേക്കാം’ എന്ന് ക്ലോസ് 19ല്‍ പറയുന്നു. ഈ പദാവലി ഇങ്ങനെയായത് പരിഭാഷയുടെ പ്രശ്നമല്ല. ടെക്സ്റ്റ് അത്രമേല്‍ അവ്യക്തമായത് കൊണ്ടു തന്നെയാണ്. മൂന്ന് ചതികളുണ്ട് ഈ വാചകങ്ങളില്‍. ഒന്ന് ഫലസ്തീന്‍ രാഷ്ട്രത്തിന്റെ അധികാരം കൈയാളേണ്ടത് ഫലസ്തീന്‍ അതോറിറ്റി മാത്രമാണോ? വാദത്തിന് വേണ്ടി അത് സമ്മതിച്ചാല്‍ തന്നെ ഫലസ്തീന്‍ അതോറിറ്റി പരിഷ്‌കരിക്കപ്പെട്ടുവെന്ന് ആര്, എപ്പോഴാണ് സാക്ഷ്യപ്പെടുത്തുക. പുനര്‍നിര്‍മാണം നടന്നാല്‍ ഫലസ്തീന്‍ രാഷ്ട്രം നിലവില്‍ വരുമോ? കെട്ടിടങ്ങളും റോഡുകളുമല്ലല്ലോ രാഷ്ട്രം. പരമാധികാരം അനിവാര്യമല്ലേ. അത് എന്ന് സാധ്യമാകും? ഒടുവില്‍ നിലവില്‍ വന്നേക്കാമെന്നാണ് പ്രമേയത്തിലെ വാചകം. ചരിത്രത്തുലടനീളം വേരാഴ്ത്തി നില്‍ക്കുന്ന ഒരു രാജ്യമായിരുന്നു ഈ ഇടം. ഏതൊക്കെയോ ശീതികരിച്ച മുറികളിലിരുന്ന് ബ്രിട്ടനും മറ്റ് സാമ്രാജ്യത്വ ശക്തികളും പങ്കിട്ടെടുക്കുകയും ഒരു പങ്ക് സയണിസ്റ്റുകള്‍ക്ക് പതിച്ചു നല്‍കുകയും ചെയ്തവര്‍ തന്നെ ഇപ്പോള്‍ പറയുന്നു, ഒടുവില്‍ നിലവില്‍ വന്നേക്കാമെന്ന്. സമയക്രമമില്ല. വ്യക്തതയില്ല. നയതന്ത്ര പ്രമേയങ്ങളില്‍ ഒരിക്കലും പാടില്ലാത്ത കാല്‍പ്പനികതയാണ് ഈ വരികളിലുള്ളത്.

അതങ്ങനെയായതില്‍ ഒരു അത്ഭുതവുമില്ല. ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തീവ്രവലതുപക്ഷ നേതാവും ദേശീയ സുരക്ഷാ മന്ത്രിയുമായ ഇതാമിര്‍ ബെന്‍ ഗിവിറും കഴിഞ്ഞ ദിവസവും പരസ്യമായി പറഞ്ഞിട്ടുണ്ട്, ഫലസ്തീന്‍ രാഷ്ട്രം ഒരിക്കലും അനുവദിക്കില്ലെന്ന്. ആ പ്രഖ്യാപനം നടപ്പാക്കുകയാണ് യു എന്‍ രക്ഷാ സമിതി പ്രമേയം ചെയ്യുന്നത്. ഫലസ്തീന്‍ രാഷ്ട്ര സ്വപ്നങ്ങളുടെ വിപരീത ദിശയിലാണ് ഈ പ്രമേയമെന്ന് വ്യക്തമാക്കാന്‍ നാല് കാരണങ്ങളെങ്കിലും മുന്നോട്ടുവെക്കാനാകും.

ഒന്ന്, ഭാവിയില്‍ വരാനിടയുള്ള ഫലസ്തീന്‍ രാഷ്ട്രം എങ്ങനെയിരിക്കുമെന്നത് സംബന്ധിച്ച് ഒരു സൂചനയും ഈ പദ്ധതിയിലില്ല. ദ്വിരാഷ്ട്ര പരിഹാരമെന്ന പരിമിത നീതി പോലും ഈ പ്രമേയത്തിന്റെ ഭാഗമല്ല. ജറൂസലമിന്റെ സ്റ്റാറ്റസ് എന്താകുമെന്നതും പ്രമേയത്തിലില്ല. അധിനിവിഷ്ട ജറൂസലമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച ഡൊണാള്‍ഡ് ട്രംപില്‍ നിന്ന് ഇതല്ലാതെ പ്രതീക്ഷിക്കാനാകില്ലല്ലോ. ആക്രമിച്ച് കീഴടക്കിയതാണ് ജറൂസലം. മസ്ജിദുല്‍ അഖ്സ സ്ഥിതി ചെയ്യുന്ന ഈ ഇടം ഫലസ്തീനിന്റെ ഭാഗമാണെന്ന് വ്യക്തമാക്കുന്ന യു എന്‍ പ്രമേയങ്ങളെ മുഴുവന്‍ വെല്ലുവിളിക്കുന്നു ട്രംപ് പ്ലാന്‍. 2016ലെ 2334ാം യു എന്‍ പ്രമേയം വെസ്റ്റ് ബാങ്കിലെയും ജറൂസലമിലെയും അധിനിവേശം നിയമവിരുദ്ധമാണെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട്.

രണ്ടാമത്തെ പ്രശ്നം ഫലസ്തീന്‍ അതോറിറ്റിയെ ഭരണം ഏല്‍പ്പിക്കുമെന്നതിലാണ്. അത് ഫലസ്തീനെ വിഭജിക്കാനുള്ള തന്ത്രമാണ്. ഗസ്സയിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണകക്ഷി കൂടിയാണ് ഹമാസ്. ആ സംഘടനയെ പൂര്‍ണമായി മാറ്റിനിര്‍ത്തി ഒരു രാഷ്ട്രീയ പരിഹാരം എളുപ്പമാകില്ല. മഹ്്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള പി എയും ഫതഹ് പാര്‍ട്ടിയും വെസ്റ്റ് ബാങ്കിനെ അധിനിവേശത്തില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ സമ്പൂര്‍ണ പരാജയമായതിനാല്‍ അവരുടെ ജനസമ്മതി കുത്തനെ ഇടിഞ്ഞ ഘട്ടമാണിപ്പോള്‍.

പുനര്‍ നിര്‍മാണം പൂര്‍ത്തിയായിട്ടാകാം രാഷ്ട്ര ചര്‍ച്ചയെന്നാണല്ലോ പ്രമേയം പറയുന്നത്. ദശകങ്ങളുടെ സമാധാനപരമായ അന്തരീക്ഷം ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ അനിവാര്യമാണ്. ഇസ്റാഈല്‍ വെടിനിര്‍ത്താത്തിടത്തോളം അത് നടക്കുമോ? തുടങ്ങിയാല്‍ തന്നെ അത് അനന്തമായി നീളില്ലേ. പുനര്‍നിര്‍മാണത്തിന്റെ ഉത്തരവാദിത്വം കൂടി നിര്‍വഹിക്കുന്ന ട്രംപ് അധ്യക്ഷനായ ‘സമാധാന സമിതി’ ഗസ്സയുടെ നിയന്ത്രണം ഏറ്റെടുത്താല്‍ ആ ‘ഭരണം’ അനന്തം തുടരുകയാകും ചെയ്യുക. യു എന്‍ പ്രമേയത്തിന്റെ പിന്‍ബലത്തില്‍ നടപ്പാകുന്ന പദ്ധതിയില്‍ യു എന്നിന് ഒരു റോളുമില്ല എന്നതാണ് വിചിത്രമായ കാര്യം.

മൂന്നാമത്തെ പ്രശ്നം ഈ പ്രമേയത്തിന്റെ ആത്യന്തിക ലക്ഷ്യം തന്നെയാണ്. ഗസ്സയില്‍ ശാശ്വത സമാധാനം, പുറമെ നിന്നുള്ള മാനുഷിക സഹായം തടസ്സമില്ലാതെ ലഭ്യമാക്കല്‍, യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ഗസ്സയെ പുനര്‍നിര്‍മിക്കല്‍ തുടങ്ങിയവയാണ് പുറത്ത് പറയുന്ന ലക്ഷ്യം. എന്നാല്‍ സ്വതന്ത്ര ഫലസ്തീന്‍ എന്ന ആശയത്തെ പാടേ വിഴുങ്ങുകയും ഹമാസിനെ നിര്‍വീര്യമാക്കുകയുമാണ് ഈ പദ്ധതിയുടെ പിന്നിലെ യഥാര്‍ഥ ലക്ഷ്യം. അതിനാണ് അന്താരാഷ്ട്ര സേനയെ ഇറക്കുന്നത്. ഗസ്സയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കൈറോവില്‍ ചേര്‍ന്ന യോഗത്തില്‍, വംശഹത്യാ ആക്രമണം തകര്‍ത്ത ഗസ്സയെ പുനര്‍നിര്‍മിക്കാന്‍ പ്രദേശത്തിന്റെ ഭരണച്ചുമതല ഫലസ്തീന്‍ ടെക്‌നോക്രാറ്റുകളുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര സമിതിയെ ഏല്‍പ്പിക്കാനായിരുന്നു തീരുമാനം. ഈ വാഗ്ദാനത്തില്‍ നിന്ന് പിന്മാറി, ഗസ്സയെ വിഭജിച്ച് ഹമാസിനെ ഒരു ഭാഗത്ത് ഒതുക്കാനായി ട്രംപ് ഭരണകൂടം പദ്ധതി തയ്യാറാക്കുകയാണ് ചെയ്തത്. ഇതനുസരിച്ച് ഫലസ്തീനികളെ ഗസ്സയുടെ പകുതിയില്‍ താഴെ മാത്രം വിസ്തീര്‍ണമുള്ള ‘റെഡ് സോണി’ല്‍ ഒതുക്കും. ‘ഗ്രീന്‍ സോണ്‍’ എന്ന് വിളിക്കപ്പെടുന്ന അവശേഷിക്കുന്ന പ്രദേശം ഇസ്‌റാഈല്‍ സൈനികര്‍ക്ക് കൂടി പങ്കാളിത്തമുള്ള അന്താരാഷ്ട്ര സൈന്യത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും. ഫലസ്തീനിനെ സ്ഥിരമായി അന്താരാഷ്ട്ര സൈനിക, ഭരണ സംവിധാനത്തിന് കീഴില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. ഉറപ്പായും ഈ രക്ഷാകര്‍തൃ സംവിധാനം ഹമാസ് അംഗീകരിക്കില്ല. അപ്പോള്‍ വീണ്ടും ചെറുത്തുനില്‍പ്പുണ്ടാകും. അത് കൂടുതല്‍ ആക്രമണങ്ങള്‍ക്കുള്ള അവസരമാക്കി ഇസ്റാഈല്‍ മാറ്റുകയും ചെയ്യും. ഹമാസിനെ സമ്പൂര്‍ണമായി നിരായുധീകരിക്കുകയെന്നത് അപ്രായോഗികമായ ലക്ഷ്യമാണെന്ന് ഐ ഡി എഫിലെ ഉന്നതര്‍ പലതവണ തീര്‍ത്ത് പറഞ്ഞ കാര്യമാണ്. ട്രംപ് പ്ലാന്‍ നടപ്പാക്കാനായി പാസ്സാക്കിയ രക്ഷാ സമിതി പ്രമേയം ഫലസ്തീന്‍വിരുദ്ധമാണ് എന്നതിന്റെ നാലാമത്തേതും ഏറ്റവും പ്രധാനമായതുമായ കാരണം അത് വെസ്റ്റ് ബാങ്കിലെ സയണിസ്റ്റ് അധിനിവേശത്തില്‍ സമ്പൂര്‍ണ മൗനം പാലിക്കുന്നുവെന്നതാണ്. നെതന്യാഹു മന്ത്രിസഭയിലെ ധനമന്ത്രിയും തീവ്രസയണിസ്റ്റുമായ ബെസാലേല്‍ സ്മോട്രിച്ച് കഴിഞ്ഞ സെപ്തംബറില്‍ വെസ്റ്റ് ബാങ്കിന്റെ 82 ശതമാനവും ഇസ്റാഈലിനോട് കൂട്ടിച്ചേര്‍ക്കുന്ന പദ്ധതി മുന്നോട്ടുവെച്ചിരുന്നു. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നുവെന്ന പ്രഖ്യാപനവുമായി സുപ്രധാന പാശ്ചാത്യ രാജ്യങ്ങള്‍ രംഗത്ത് വന്ന ഘട്ടത്തിലായിരുന്നു അത്.

അമേരിക്കയോ, യു എന്നോ മറ്റേതെങ്കിലും ശക്തികളോ സ്മോട്രിച്ച് പ്രപ്പോസല്‍ പോക്രിത്തരമാണെന്ന് പറഞ്ഞിട്ടില്ല. ഇങ്ങനെയൊരു പ്രോപ്പോസലിറക്കി വെറുതെയിരിക്കുകയല്ല നെതന്യാഹു ഭരണകൂടം. ആയിരക്കണക്കിന് ജൂത കൈയേറ്റക്കാരെ സൈന്യത്തിന്റെ അകമ്പടിയോടെ വെസ്റ്റ് ബാങ്കിലിറക്കി കൈയേറ്റം വ്യാപിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. 2020ല്‍ ട്രംപ് മുന്നോട്ടുവെച്ച ‘സമാധാന പദ്ധതി’യിലും പശ്ചിമ തീരത്തിന്റെ സിംഹഭാഗവും ഇസ്റാഈലിന് അവകാശപ്പെട്ടതാണെന്ന് പ്രഖ്യാപിച്ചിരുന്നു. ബിബ്ലിക്കല്‍ പേരായ ജൂതായിയ, സമരിയ എന്നാണ് വെസ്റ്റ് ബാങ്കിനെ സ്മോട്രിച്ചും സംഘവും വിളിക്കുന്നത്. ഇവിടെ നിന്ന് ഫലസ്തീനികളെ ബലാത്കാരമായി ഇറക്കിവിട്ട് പണിയുന്ന കെട്ടിട സമുച്ചയങ്ങളെ ജൂത സെറ്റില്‍മെന്റ്സ് എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കാറുള്ളത്- കുടിയേറ്റ ഭവനങ്ങള്‍. എത്ര വലിയ കളവാണത്. ഫല്സതീന്‍ മണ്ണിലേക്കുള്ള കൈയേറ്റമാണ് നടക്കുന്നത്, കുടിയേറ്റമല്ല. ഭാവിയിലെ ഫലസ്തീന്‍ പരമാധികാര സാധ്യത തകര്‍ക്കുക തന്നെയാണ് ലക്ഷ്യം.

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest