Kerala
അന്‍വറിന്റെ വീട്ടിലെ പരിശോധന; സാമ്പത്തിക ക്രമക്കേടുകള്‍ സംശയിക്കുന്ന നിരവധി രേഖകള്‍ പിടിച്ചെടുത്തതായി ഇ ഡി
അന്‍വറിനൊപ്പമുള്ള ചിലരുടെ വീടുകളില്‍ നടത്തിയ പരിശോധനയിലും അനധികൃത രേഖകള്‍ കണ്ടെടുത്തു. ബിനാമി ഇടപാടുകള്‍ നടത്തിയതായും സംശയം.
മലപ്പുറം | പി വി അന്‍വറിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ സാമ്പത്തിക ക്രമക്കേടുകള്‍ സംശയിക്കുന്ന നിരവധി രേഖകള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). അന്‍വറിനൊപ്പമുള്ള ചിലരുടെ വീടുകളില്‍ നടത്തിയ പരിശോധനയിലും അനധികൃത രേഖകള്‍ കണ്ടെടുത്തതായി ഇ ഡി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 2015ല്‍ അന്‍വറും ബന്ധപ്പെട്ടവരും കെ എഫ് സിയില്‍ നിന്ന് എടുത്ത വായ്പകളുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകള്‍ നടന്നതായി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായിരുന്നു റെയ്ഡ്.
ബിനാമി ഇടപാടുകള്‍ നടത്തിയതായി സംശയമുണ്ടെന്നും ഇ ഡി വൃത്തങ്ങള്‍ പറഞ്ഞു. 2016-ല്‍ 14.38 കോടി ആയിരുന്ന അന്‍വറിന്റെ സ്ഥാപനങ്ങളുടെ ആസ്തിമൂല്യം 2021-ല്‍ 64.14 കോടിയായി വര്‍ധിച്ചു എന്ന അവകാശവാദത്തിന് തൃപ്തികരമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു. മാലാംകുളം കണ്‍സ്ട്രക്ഷന്‍സിന്റെ പേരിലുള്ള 7.5 കോടിയുടെയും പി വി ആര്‍ ഡവലപ്പേഴ്സിന്റെ പേരിലെടുത്ത 3.05 കോടി, 1.56 കോടി എന്നീ രണ്ടു വായ്പകളുടെയും തിരിച്ചടവ് മുടങ്ങിയതിലൂടെ ആകെ 22.3 കോടി രൂപയുടെ ആസ്തി നിഷ്‌ക്രിയമായിട്ടുണ്ട്.
മാലാംകുളം കണ്‍സ്ട്രക്ഷന്‍സ് തന്റെ മരുമക്കളുടെയും ഡ്രൈവറുടെയും പേരിലാണെങ്കിലും യഥാര്‍ഥ ഉടമ താന്‍ തന്നെയാണെന്ന് അന്‍വര്‍ സമ്മതിച്ചതായി ഇ ഡി അറിയിച്ചു. അന്‍വറിന് വായ്പകള്‍ അനുവദിച്ചതില്‍ ക്രമക്കേടുകളുണ്ടായതായും ഒരേ വസ്തുവിന്റെ ഈടില്‍ ഒന്നിലധികം വായ്പകള്‍ അനുവദിച്ചതായും കെ എഫ് സി ഉദ്യോഗസ്ഥരുടെ മൊഴികളും ലഭിച്ചിട്ടുണ്ട്. ബിനാമി ഇടപാടുകള്‍ നടത്തിയിട്ടുണ്ടാവാമെന്ന് കരുതുന്ന 15 ബേങ്ക് അക്കൗണ്ടുകളുടെ രേഖകള്‍ പിടിച്ചെടുത്തതായും ഇ ഡി അറിയിച്ചു.



