Ongoing News
മദീന ബസ് അപകടം; മരണപ്പെട്ടവരുടെ ജനാസ ജന്നത്തുല്‍ ബഖീല്‍ ഖബറടക്കി
പ്രവാചക നഗരിയായ മസ്ജിദുന്നബവിയിലെ ഇമാം അബ്ദുല്‍ ബാരി അല്‍-തുബൈതി മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി
മദീന | സഊദി അറേബ്യയിലെ മദീനയില്‍ ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കത്തിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ ജനാസ പ്രവാചക നഗരിയായ മദീനയിലെ ജന്നത്തുല്‍ ബഖീഇല്‍ ഖബറടക്കി
ശനിയാഴ്ച്ച ളുഹര്‍ നമസ്‌കാരശേഷമായിരുന്നു ഖബറടക്കം. മസ്ജിദുന്നബവിയിലെ ഇമാം അബ്ദുല്‍ ബാരി അല്‍-തുബൈതി മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി . സ്വദേശികളും, വിദേശകളുമായി ആയിരങ്ങളാണ് മയ്യിത്ത് നിസ്‌കാരത്തിലും-ഖബറടക്ക ചടങ്ങുകളിലും പങ്കെടുത്തത്
നവംബര്‍ 16 ന് രാത്രിയിലായിരുന്നു രാജ്യത്തെ നടുക്കിയ ബസപകടം നടന്നത്. ഹൈദരാബാദ് സ്വദേശികള്‍ സഞ്ചരിച്ച ബസാണ് മദീനക്കടുത്തുള്ള മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ച് അപകടത്തില്‍ പെട്ടത്. ഇവര്‍ മക്കയില്‍ നിന്നും ഉംറ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മദീന സന്ദര്‍ശനത്തിന് പുറപ്പെട്ടതായിരുന്നു . അപകടത്തില്‍ ഇന്ത്യക്കാരായ 45 ഉംറ തീര്‍ത്ഥാടകരും സന്ദര്‍ശക വിസയില്‍ സഊദിയിലെത്തിയ ആളുമടക്കം 46 പേരാണ് മരിച്ചത്.

അപകടത്തില്‍ 25കാരനായ അബ്ദുല്‍ ശുഐബ് മുഹമ്മദ് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ഇദ്ദേഹം സഊദി ജര്‍മ്മന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് . മരണപെട്ട ഇന്ത്യന്‍ ഉംറ തീര്‍ഥാടകരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ഡി എന്‍ എ പരിശോധന നേരത്തെ പൂര്‍ത്തിയാക്കിരുന്നു. അപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കളുടെ കുടുംബങ്ങളില്‍ നിന്നുള്ളവരെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനായി നേരത്തെ തെലങ്കാന സര്‍ക്കാര്‍ മദീനയിലെത്തിച്ചിരുന്നു.

സഊദി മന്ത്രാലയ ഉദ്യോഗസ്ഥര്‍,ഇന്ത്യന്‍ സ്ഥാനപതി ഡോ. സുഹൈല്‍ അജാസ് ഖാന്‍,ജിദ്ദയിലെ കോണ്‍സുലേറ്റ് ജനറല്‍ ഫഹദ് അഹമ്മദ്ഖാന്‍ സൂരി,തെലങ്കാന ന്യൂനപക്ഷ ക്ഷേമകാര്യ വകുപ്പ് മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്‍, മാജിദ് ഹുസൈന്‍ എംഎല്‍എ, വകുപ്പ് സെക്രട്ടറി ബി. ഷഫിയുള്ള,
ഇന്ത്യന്‍ സര്‍ക്കാറിന്റെ പ്രത്യേക ഉന്നതതല സംഘതലവന്‍ ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ ജസ്റ്റീസ് അബ്ദുല്‍ നസീര്‍, വിദേശകാര്യ മന്ത്രാലയ സെക്രട്ടറി അരുണ്‍കുമാര്‍ ചാറ്റര്‍ജി,ജീവകാരുണ്യ മേഖലയിലെ പ്രവര്‍ത്തകരും ആദ്യാവസാനം വരെ രംഗത്തുണ്ടായിരുന്നു




