Ongoing News
ദുബൈ എയര്‍ ഷോ തേജസ് ദുരന്തം; അന്വേഷണം ആരംഭിച്ചു
വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്താനുള്ള തിരച്ചില്‍ തുടങ്ങി.
ദുബൈ | ദുബൈ എയര്‍ ഷോയിലെ പ്രദര്‍ശന പറക്കലിനിടെ തേജസ് യുദ്ധവിമാനം തകര്‍ന്നതിനെ തുടര്‍ന്ന് മരിച്ച ഇന്ത്യന്‍ വ്യോമസേന (ഐ എ എഫ്) പൈലറ്റിന്റെ മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇന്ത്യന്‍ വ്യോമസേന ദുബൈ ഏവിയേഷന്‍ അതോറിറ്റിയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്താനുള്ള തിരച്ചില്‍ തുടങ്ങി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:15 ഓടെ ദുബൈ വേള്‍ഡ് സെന്‍ട്രലിലാണ് അപകടം നടന്നത്. വിമാനം താഴ്ന്ന ഉയരത്തില്‍ ‘നെഗറ്റീവ്-ജി ടേണ്‍’ ചെയ്യാന്‍ ശ്രമിക്കുകയും നിയന്ത്രണം വീണ്ടെടുക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. പൈലറ്റിന് എന്തുകൊണ്ടാണ് പുറത്തേക്ക് ചാടി രക്ഷപ്പെടാന്‍ സാധിക്കാത്തത് എന്നതിനെക്കുറിച്ചും അന്വേഷണം നടക്കും.
ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്ര സ്വദേശിയായ സ്‌ക്വാഡ്രണ്‍ ലീഡര്‍ നമന്‍ സ്യാല്‍ ആണ് അപകടത്തില്‍ മരിച്ചത്. നമന്‍ സ്യാലിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും. ഡല്‍ഹിയിലെത്തിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം സ്വദേശമായ ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്രയിലേക്ക് കൊണ്ടുപോകും. അദ്ദേഹത്തിന്റെ ഭാര്യ അഫ്സാനും ഇന്ത്യന്‍ വ്യോമസേനയിലെ പൈലറ്റാണ്. നമന്‍ സ്യാലിന്റെ മാതാപിതാക്കള്‍ കോയമ്പത്തൂരിലെ സുലൂര്‍ എയര്‍ ബേസിലാണ് താമസം. പിതാവ് ജഗന്നാഥ് സ്യാല്‍ ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്.




