Kerala
സംസ്ഥാനത്ത് മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ മഞ്ഞ ജാഗ്രത
വരുന്ന അഞ്ചുദിവസം മിന്നലോടു കൂടിയ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശബരിമലയില്‍ കനത്ത മഴക്കും മിന്നലിനുമുള്ള സാധ്യതയും നിലനില്‍ക്കുന്നു.
തിരുവനന്തപുരം | സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരുന്ന അഞ്ചുദിവസം മിന്നലോടു കൂടിയ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശബരിമലയില്‍ കനത്ത മഴക്കും മിന്നലിനുമുള്ള സാധ്യതയും നിലനില്‍ക്കുന്നു.
ഏഴ് ജില്ലകളില്‍ ഇന്ന് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ജാഗ്രത. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഞ്ഞ ജാഗ്രതയുണ്ട്.
24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴക്കാണ് സാധ്യത പ്രവചിക്കുന്നത്. മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റും കടലാക്രമണവും ഉണ്ടായേക്കും. ചില സന്ദര്‍ഭങ്ങളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 55 കിലോമീറ്ററും അധിലധികവുമാകാന്‍ സാധ്യതയുണ്ട്.
കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.



