Uae
അബുദാബി എയര്‍പോര്‍ട്ട് സിറ്റി ചെക്ക് ഇന്‍ സേവനം മുറൂര്‍ റോഡില്‍ തുറക്കുന്നു
വിമാന സമയത്തിന് 4 മണിക്കൂര്‍ മുന്‍പ് മുതല്‍ 24 മണിക്കൂര്‍ മുന്‍പ് വരെ ഈ കേന്ദ്രത്തില്‍ ബാഗേജ് സ്വീകരിച്ച് ബോര്‍ഡിങ് കാര്‍ഡ് നല്‍കുന്നതാണ്.
അബുദാബി \ നഗരഹൃദയത്തില്‍ നിന്നുള്ള വിമാന യാത്രക്കാര്‍ക്കായി എയര്‍പോര്‍ട്ട് സിറ്റി ചെക്ക് ഇന്‍ സൗകര്യം മുറൂര്‍ റോഡിലുള്ള എത്തിഹാദ് എയര്‍വെയ്സ് ഓഫീസില്‍ ആരംഭിക്കുന്നു. നവംബര്‍ 24 മുതലാണ് മദീന സായിദ് ഷോപ്പിംഗ് മാളിന് എതിര്‍വശത്തുള്ള കേന്ദ്രത്തില്‍ സിറ്റി ചെക്ക് ഇന്‍ സേവനം ആരംഭിക്കുന്നത്.
വിമാന സമയത്തിന് 4 മണിക്കൂര്‍ മുന്‍പ് മുതല്‍ 24 മണിക്കൂര്‍ മുന്‍പ് വരെ ഈ കേന്ദ്രത്തില്‍ ബാഗേജ് സ്വീകരിച്ച് ബോര്‍ഡിങ് കാര്‍ഡ് നല്‍കുന്നതാണ്. മൊറാഫിക് ഏവിയേഷന്‍ സര്‍വീസിന്റെ കീഴില്‍ ആരംഭിച്ചിരിക്കുന്ന കേന്ദ്രം രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് പ്രവര്‍ത്തിക്കുക.
എത്തിഹാദ് എയര്‍ വെയ്സ് , എയര്‍ അറേബ്യാ , ഇന്‍ഡിഗോ , വിസ് എയര്‍ , ഈജിപ്ത് എയര്‍ എന്നീ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഇപ്പോള്‍ സിറ്റി ചെക്ക് ഇന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. അബുദാബി മീന തുറമുഖത്തെ ക്രൂയിസ് ടെര്‍മിനലില്‍ 24 മണിക്കൂറും , യാസ് ഐലന്‍ഡിലെ ക്രൗണ്‍ പ്ലാസ ഹോട്ടല്‍ , മുസ്സഫ ഷാബിയാ പതിനൊന്ന് , അലൈന്‍ കുവൈറ്റാറ്റ് ലുലുമാള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സിറ്റി ചെക്ക് ഇന്‍ കേന്ദ്രങ്ങള്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെയുമാണ് പ്രവര്‍ത്തിക്കുന്നത്.
ബാഗേജുകള്‍ നല്‍കി ബോര്‍ഡിങ് പാസ് എടുക്കുന്ന യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ എത്തി നീണ്ട ക്യൂ വില്‍ കാത്തു നില്‍ക്കാതെ നേരിട്ട് എമിഗ്രെഷന്‍ വിഭാഗത്തിലേക്ക് പോകാം എന്നതാണ് സിറ്റി ചെക്ക് ഇന്‍ സേവനത്തെ ജനപ്രിയമാക്കുന്നതു. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ ആശ്വാസപ്രദമാണ് മുന്‍കൂര്‍ ചെക്ക് ഇന്‍ സൗകര്യം . മുതിര്‍ന്നവര്‍ക്ക് 35 ദിര്‍ഹവും , കുട്ടികള്‍ക്ക് 25 ദിര്‍ഹവുമാണ് ചെക്ക് ഇന്‍ സേവനത്തിനുള്ള നിരക്കായി ഈടാക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 800 667 2347 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.





