Kerala
ഒരാഴ്ചക്കിടെ രണ്ട് ശസ്ത്രക്രിയ; കോഴഞ്ചേരി മുത്തൂറ്റ് എം ജി എം ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു
അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുത്തു.
പത്തനംതിട്ട | ഒരാഴ്ചയ്ക്കിടെ രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയയായി ചികിത്സയില്‍ കഴിഞ്ഞ വീട്ടമ്മ മരിച്ചു. സീതത്തോട് ആങ്ങമൂഴി കലപ്പമണ്ണില്‍ രാജുവിന്റെ ഭാര്യ മായ(58)ആണ് കോഴഞ്ചേരി മുത്തൂറ്റ് എം ജി എം ആശുപത്രിയില്‍ മരിച്ചത്. ഡോക്ടര്‍മാരുടെ അനാസ്ഥയാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചതിനെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുത്തു.
കഴിഞ്ഞ് 17നാണ് മായയ്ക്ക് കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയ നടന്നത്. തൊട്ടടുത്ത ദിവസം മുതല്‍ പലവിധ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടു. ഇതോടെ സ്‌കാനിങ് അടക്കം പലവിധ പരിശോധനയ്ക്ക് വിധേയയാക്കി. തുടര്‍ന്ന് വീണ്ടും സര്‍ജറി നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അങ്ങനെ 22ന് രണ്ടാമതും ശസ്ത്രക്രിയ നടത്തി. അതിന് ശേഷം വെന്റിലേറ്ററിലായ മായ ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ശസ്ത്രക്രിയയുടെ സങ്കീര്‍ണ്ണത ബന്ധുക്കളെ ബോധ്യപ്പെടുത്തിയിരുന്നു എന്ന വിശദീകരണമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു. മക്കള്‍: പ്രിയ, പ്രീതി. മരുമക്കള്‍: അരുണ്‍, സനീഷ്. സംസ്‌ക്കാരം തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് വീട്ടുവളപ്പില്‍




