National
ഡല്‍ഹിയില്‍ 262 കോടിയുടെ മയക്ക്മരുന്നുമായി രണ്ട് പേര്‍ പിടിയില്‍; പിടികൂടിയത് 328 കിലോ മെത്താഫെറ്റമിന്‍
മയക്ക് മരുന്ന് പിടികൂടിയ സംഭവത്തില്‍ എന്‍സിബിയേയും ഡല്‍ഹി പോലീസിനേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദിച്ചു.
ന്യൂഡല്‍ഹി |ഡല്‍ഹിയില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി)യും ഡല്‍ഹി പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ വന്‍ മയക്ക്മരുന്ന് ശേഖരം പിടികൂടി . 328 കിലോ മെത്താഫെറ്റമിന്‍ പിടിച്ചെടുത്തത്. ഇതിന് വിപണിയില്‍ 262 കോടി രൂപ വിലവരും. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. അതേ സമയം ഇത് സംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
പിടിയിലായവരില്‍ നാഗാലാന്‍ഡ് സ്വദേശിയായ ഒരു സ്ത്രീയും ഉള്‍പ്പെടുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡല്‍ഹിയില്‍ നേരത്തെ 82.5 കിലോ കൊക്കെയ്ന്‍ പിടികൂടിയ കേസിലും പ്രതിയായ, വിദേശത്ത് ഇരുന്ന് പ്രവര്‍ത്തിക്കുന്നതെന്ന് കരുതുന്ന മുഖ്യസൂത്രധാരനെ തിരിച്ചറിഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായത്തോടെ ഇയാളെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
തലസ്ഥാനം വഴി സിന്തറ്റിക് മയക്കുമരുന്ന് കടത്തുന്നതിനായി കൊറിയറുകള്‍, സുരക്ഷിത താവളങ്ങള്‍ , വിവിധ തലങ്ങളിലുള്ള ഇടനിലക്കാര്‍ എന്നിവരടങ്ങുന്ന ശൃംഖലയെയാണ് സംഘം ആശ്രയിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു
മയക്ക് മരുന്ന് പിടികൂടിയ സംഭവത്തില്‍ എന്‍സിബിയേയും ഡല്‍ഹി പോലീസിനേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദിച്ചു. ഡല്‍ഹിയിലെ 262 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട ഒരു വഴിത്തിരിവാണ്. മയക്കുമരുന്ന് രഹിത ഇന്ത്യയെന്ന പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാട് പൂര്‍ത്തീകരിക്കാനുള്ള വിവിധ ഏജന്‍സികളുടെ ഏകോപനത്തിന്റെ മികച്ച ഉദാഹരണമായിരുന്നു ഈ ഓപ്പറേഷനെന്നും അദ്ദേഹം സാമൂഹികമാധ്യമമായി എക്‌സില്‍ കുറിച്ചു


