National
സ്ത്രീകളുടെ മുലപ്പാലിൽ യുറേനിയം സാന്നിധ്യം കണ്ടെത്തി; കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകാം
'നേച്ചർ' ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ
ന്യൂഡൽഹി | ബീഹാറിൽ മുലയൂട്ടുന്ന സ്ത്രീകളുടെ മുലപ്പാൽ സാമ്പിളുകളിൽ യുറേനിയം സാന്നിധ്യം കണ്ടെത്തിയതായി പഠന റിപ്പോർട്ട്. 40 സ്ത്രീകളുടെ മുലപ്പാൽ സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ മുഴുവൻ സാമ്പിളുകളിലും തീരെ ചെറുതല്ലാത്ത അളവിൽ യുറേനിയം കണ്ടെത്തിയതായി ‘നേച്ചർ’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. എന്നാൽ ഇതിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മാതാവിന്റെയും ശിശുക്കളുടെയും ആരോഗ്യത്തെ ഇത് ബാധിക്കാൻ നേരിയ സാധ്യത മാത്രമേ ഉള്ളൂവെന്നും പഠനത്തിൽ പറയുന്നു.
17 നും 35 നും ഇടയിൽ പ്രായമുള്ള 40 മുലയൂട്ടുന്ന സ്ത്രീകളെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. ബീഹാറിലെ ഭോജ്പൂർ, സമസ്തിപൂർ, ബേഗുസരായി, ഖഗരിയ, കതിഹാർ, നളന്ദ എന്നീ തിരഞ്ഞെടുത്ത ജില്ലകളിൽ 2021 ഒക്ടോബർ മുതൽ 2024 ജൂലൈ വരെയാണ് പഠനം നടത്തിയത്. പരിശോധനക്കായി എടുത്ത എല്ലാ സാമ്പിളുകളിലും യുറേനിയം സാന്നിധ്യം ഉണ്ടായിരുന്നു എന്ന് പഠനം വെളിപ്പെടുത്തുന്നു.
കതിഹാർ ജില്ലയിൽ നിന്നുള്ള സ്ത്രീകളിലാണ് ഏറ്റവും ഉയർന്ന അളവിൽ യൂറനേനിയം സാന്ദ്രത (5.25 മൈക്രോ ഗ്രാം പെർ ലിറ്റർ) കണ്ടെത്തിയത്. തുടർന്ന് സമസ്തിപൂർ, നളന്ദ, ഖഗരിയ, ബേഗുസരായി, ഭോജ്പൂർ ജില്ലകളാണ് യഥാക്രമം സാന്ദ്രതയിൽ മുന്നിൽ നിൽക്കുന്നത്. റിപ്പോർട്ട് ചെയ്ത സാന്ദ്രത അനുവദനീയമായ പരിധിയേക്കാൾ താഴെയാണെന്നും അതിനാൽ, യുറേനിയം സമ്പർക്കം കാരണം ആരോഗ്യത്തിന് കാര്യമായ ഭീഷണി ഉണ്ടാകാൻ സാധ്യതയില്ലെന്നും പഠനം കൂട്ടിച്ചേർത്തു.
അതേസമയം, മുലപ്പാലിലെ യുറേനിയം അളവിന് നിലവിൽ നിർദ്ദിഷ്ടമായ അനുവദനീയമായ പരിധിയോ മാനദണ്ഡമോ ഇല്ല. എന്നാൽ, ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഓ.) ഭൂഗർഭജലത്തിൽ അനുവദിച്ചിട്ടുള്ള യുറേനിയം പരിധി 30 മൈക്രോ ഗ്രാം പെർ ലിറ്റർ ആണ്. ഇത് മാനദണ്ഡമാക്കിയാണ് ആശങ്കക്ക് ഇടയില്ലെന്ന് ഗവേഷകർ പറയുന്നത്.
ബീഹാറിലെ ഭൂഗർഭജല സാമ്പിളുകളിൽ യുറേനിയത്തിന്റെ സാന്നിധ്യമുണ്ടെന്ന് പഠനം വെളിപ്പെടുത്തി. പഠനം നടത്തിയ ആറ് ജില്ലകളിലെ യുറേനിയം മലിനീകരണത്തിന്റെ ഉറവിടം കുടിവെള്ള സ്രോതസ്സുകളോ അല്ലെങ്കിൽ ആ സ്ഥലത്ത് കൃഷി ചെയ്യുന്ന ഭക്ഷണ വിഭവങ്ങളോ ആകാമെന്നും പഠനത്തിൽ പറയുന്നു. ഭൂഗർഭജലത്തിൽ ഏറ്റവും കൂടുതൽ യുറേനിയം സാന്ദ്രത റിപ്പോർട്ട് ചെയ്തത് സുപോൾ ജില്ലയിലാണ്. 82 മൈക്രോ ഗ്രാം പെർ ലിറ്റർ. തൊട്ടുപിന്നാലെ നളന്ദ (77 മൈക്രോ ഗ്രാം പെർ ലിറ്റർ), വൈശാലി (66 മൈക്രോ ഗ്രാം പെർ ലിറ്റർ) എന്നീ ജില്ലകളിലുമാണ്.
കുടിവെള്ളത്തിനും ജലസേചനത്തിനുമായി ഭൂഗർഭജലം വ്യാപകമായി ഉപയോഗിക്കുന്നത് ബീഹാറിൽ മലിനീകരണത്തിന് കാരണമായെന്നും പഠനം ചൂണ്ടിക്കാട്ടി. വ്യവസായ മാലിന്യങ്ങൾ ജലാശയങ്ങളിലേക്ക് തള്ളുന്നതും രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗവും ഈ മലിനീകരണത്തിന് കാരണമാകുന്നു.
അതേസമയം, മലിനീകരണത്തിന്റെ ഉറവിടം വ്യക്തമല്ലെന്നും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ഇത് കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്നും പഠന സംഘത്തിൽ ഉൾപ്പെട്ട എ ഐ ഐ എം എസ്. ലെ ഡോ. അശോക് ശർമ്മയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. യുറേനിയം ഭക്ഷ്യശൃംഖലയിൽ നിന്നാണ് വരുന്നതെന്നും, ഇത് കാൻസറിനും ന്യൂറോളജിക്കൽ തകരാറുകൾക്കും കാരണമാകുമെന്നും കുട്ടികളുടെ വളർച്ചയെ ബാധിക്കുമെന്നും ഡോ. ശർമ്മ കൂട്ടിച്ചേർത്തു. ഇത് വളരെ ഗൗരവമായ ആശങ്കയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ശിശുക്കളിൽ ഉണ്ടാകാൻ സാധ്യതയുള്ള ആഘാതം
മുലപ്പാലിലെ യുറേനിയം മലിനീകരണം ശിശുക്കളിൽ ആരോഗ്യപരമായ ആശങ്കകൾക്ക് കാരണമാകുമെന്ന് പഠനം സൂചിപ്പിക്കുന്നു. ഇത് കുറഞ്ഞ ഐ ക്യൂ, ന്യൂറോളജിക്കൽ വികസനത്തകരാറ്, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം. ഭാവിയിൽ കാൻസർ വരാനുള്ള സാധ്യതയും വർദ്ധിപ്പിക്കാം.
എങ്കിലും, യുറേനിയം വിഷാംശം മുലയൂട്ടുന്ന അമ്മയിലും ശിശുക്കളിലും വളരെ കുറഞ്ഞ സ്വാധീനം മാത്രമേ ഉണ്ടാക്കുകയുള്ളൂ എന്നും പഠനം പറയുന്നു. ഇതിന് കാരണമായി പഠനം പറയുന്നത്, യുറേനിയം അസ്ഥികളിലും വൃക്കകളിലുമാണ് കൂടുതലായി അടിഞ്ഞുകൂടുന്നത്. മുലപ്പാലിലെ ഘടകങ്ങളോട് ഇതിന് കുറഞ്ഞ ബന്ധം മാത്രമേയുള്ളൂ എന്നതാണ്. കൂടാതെ, യുറേനിയം ശരീരത്തിൽ നിന്ന് മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നതാണ് പ്രാഥമിക മാർഗ്ഗം എന്നതും ശിശുക്കളുടെ ശരീരത്തിൽ ഇതിന്റെ ആഘാതം കുറയ്ക്കുന്നു.
പഠനം നടത്തിയത് ബീഹാറിലെ പാറ്റ്‌നയിലുള്ള മഹാവീർ കാൻസർ സൻസ്ഥാൻ ആൻഡ് റിസർച്ച് സെന്ററാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (എൻ ഐ പി ഇ ആർ.)- ഹാജിപൂർ എന്നിവർ ഗവേഷണത്തിന് സഹായം നൽകി.




