Kerala
സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തു
മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചു നടത്തിയ പരിപാടിയില്‍ ഉണ്ടായ തിക്കിലും തിരിക്കിലും പെട്ട് 10 പേര്‍ ആശുപത്രിയിലായ സാഹചര്യത്തിലാണ് നടപടി
കാസര്‍ഗോഡ് | സംഗീത പരിപാടിക്കിടെ വന്‍ തിക്കും തിരക്കും ഉണ്ടായ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തു. മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചു നടത്തിയ പരിപാടിയില്‍ ഉണ്ടായ തിക്കിലും തിരിക്കിലും പെട്ട് 10 പേര്‍ ആശുപത്രിയിലായ സാഹചര്യത്തിലാണ് നടപടി. അനിയന്ത്രിതമായി ജനം തള്ളിക്കയറിയതോടെ വന്‍ ദുരന്തമാണ് ഒഴിവായത്.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഗീത പരിപാടിയില്‍ തിരക്ക് നിയന്ത്രിക്കാനാകാതെ വന്നതോടെ നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു. പരിപാടി നടക്കുന്ന വേദിയിലും പുറത്തും നൂറു കണക്കിന് ആള്‍ക്കാര്‍ വന്നത് തിരക്ക് കൂടുവാന്‍ ഇടയാക്കി. തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് ശ്രമിച്ചക്കുകയാണ്. തിരക്ക് നിയന്ത്രണാതീതമായതോടെ സംഗീത പരിപാടി പിന്നീട് അവസാനിപ്പിച്ചു. പൊലീസിന്റെ നിര്‍ദേശപ്രകാരമാണ് പരിപാടി അവസാനിപ്പിച്ചത്.
കാസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപമുള്ള മൈതാനത്താണ് ഹനാന്‍ഷായുടെ സംഗീത പരിപാടി നടന്നത്. പരിപാടി ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ആളുകള്‍ ഇവിടെ തടിച്ചുകൂടുകയായിരുന്നു. ഇതും തിക്കും തിരക്കും ഉണ്ടാകാന്‍ കാരണമായി. 100 രൂപക്കാണ് ടിക്കറ്റ് വിറ്റത് എന്നതിനാല്‍ വന്‍ തോതില്‍ ജനം തള്ളിക്കയറി. സ്ഥലത്ത് ജനം നിറഞ്ഞിട്ടും ടിക്കറ്റ് വിറ്റു എന്നാണു പറയുന്നത്. ജനത്തെ നിയന്ത്രിക്കാന്‍ പാടുപെട്ടതിനെ തുടര്‍ന്ന് പോലീസ് ലാത്തിവീശി.




