Connect with us

Kerala

ലേബര്‍ കോഡുകള്‍: കേന്ദ്ര സര്‍ക്കാറിനെതിരെ വരുന്ന ബുധനാഴ്ച രാജ്യവ്യാപക പ്രതിഷേധം

സംയുക്ത തൊഴിലാളി യൂണിയനുകളാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് തൊഴിലാളി വിരുദ്ധമായ നാല് ലേബര്‍ കോഡുകള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വരുന്ന ബുധനാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിന് സംയുക്ത തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്തു.

29 തൊഴില്‍ നിയമങ്ങള്‍ പൊളിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന നാല് ലേബര്‍ കോഡുകള്‍ക്കെതിരെ പ്രതിഷധം ശക്തമാക്കാനാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ തീരുമാനം. സി ഐ ടി യു, ഐ എന്‍ ടി യു സി, എ ഐ ടി യു സി എന്നിവയുള്‍പ്പെടെ പത്ത് തൊഴിലാളി യൂണിയനുകള്‍ സംയുക്തമായാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ബിഹാര്‍ തെരഞ്ഞെടുപ്പ് വിജയം നല്‍കിയ ഭ്രമത്തില്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ തൊഴില്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നതെന്നും തൊഴിലില്ലായ്മ കാരണം പൊറുതിമുട്ടുന്ന ജനതയെ കൂടുതല്‍ ദുരിതത്തില്‍ ആക്കുന്നതാണ് ലേബര്‍ കഡുകളെന്നും തൊഴിലാളി സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

സംയുക്ത കിസാന്‍ മോര്‍ച്ചയും പ്രതിഷേധത്തില്‍ യൂണിയനുകള്‍ക്കൊപ്പമുണ്ട്. എന്നാല്‍ സംഘപരിവാര്‍ തൊഴിലാളി സംഘടനയായ ബി എം എസ് ലേബര്‍ കോഡുകളെ സ്വാഗതം ചെയ്തിട്ടുണ്ട്. പുതിയ ലേബര്‍ കോഡുകള്‍ പ്രാബല്യത്തിലാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കര്‍ഷക സംഘടനകളും തീരുമാനിച്ചിട്ടുണ്ട്. 26 ന് സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രക്ഷോഭത്തില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയും പങ്കെടുക്കും.

വിവിധ സംസ്ഥാനങ്ങളില്‍ ജില്ലാ അടിസ്ഥാനത്തിലും ഡല്‍ഹിയില്‍ ജന്തര്‍ മന്തറിലും നോയിഡയിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. നാല് ലേബര്‍ കോഡുകളും പിന്‍വലിക്കണമെന്ന് സി പി എം പൊളിറ്റ് ബ്യൂറോയും ആവശ്യപ്പെട്ടു. ജംഗിള്‍ രാജ് സ്ഥാപിക്കാനും തൊഴിലാളികളുടെ അവശേഷിക്കുന്ന അവകാശങ്ങളുടെ മേല്‍ ബുള്‍ഡോസര്‍ കയറ്റുന്ന നടപടിയാണിതെന്നും പി ബി പ്രസ്താവനയില്‍ വിമര്‍ശിച്ചു.

 

Latest