National
അമേരിക്കന്‍ വിസ ലഭിച്ചില്ല; യുവ വനിതാ ഡോക്ടര്‍ ജീവനൊടുക്കി
ഹെദരാബാദിലെ ഗുണ്ടൂര്‍ ജില്ലയില്‍ നിന്നുള്ള 38 വയസ്സുകാരിയായ ഡോ.രോഹിണിയാണ് മരിച്ചത
ഹൈദരാബാദ് | അമേരിക്കയിലേക്ക് കുടിയേറാന്‍ വിസ ലഭിക്കാത്തതിനെ തുടര്‍ന്നു യുവ വനിതാ ഡോക്ടര്‍ ജീവനൊടുക്കി. ഹൈദരാബാദിലെ ഗുണ്ടൂര്‍ ജില്ലയില്‍ നിന്നുള്ള 38 വയസ്സുകാരിയായ ഡോ.രോഹിണിയാണ് മരിച്ചത്. ഹൈദരാബാദിലെ ഫ്‌ലാറ്റിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരിച്ച ഡോക്ടറുടെ കുടുംബാംഗങ്ങള്‍ നഗരത്തിലെ മറ്റൊരു സ്ഥലത്താണ് താമസിക്കുന്നത്. വാതിലില്‍ മുട്ടിയിട്ടും പ്രതികരണം ഇല്ലാതിരുന്നതിനെ തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കടന്നു. അപ്പോഴേക്കും ഡോക്ടര്‍ മരിച്ചിരുന്നു. വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് വീട്ടുവേലക്കാരിയാണ് ഡോ. രോഹിണിയുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചതെന്ന് പോലീസ് പറഞ്ഞു. വീട്ടില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ വിസ നിഷേധത്തെ തുടര്‍ന്ന് താന്‍ കടുത്ത വിഷാദത്തിലാണെന്ന് രോഹിണി സൂചിപ്പിച്ചിരുന്നു. വിസ അപേക്ഷ നിരസിക്കപ്പെട്ടതിനെക്കുറിച്ചും കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
യു എസിലെ ജോലിക്കായി മകള്‍ ആഗ്രഹിച്ചിരുന്നുവെന്നും വിസ നിഷേധിക്കപ്പെട്ടതോടെ വിഷാദത്തിലായെന്നും ഡോക്ടറുടെ അമ്മ ലക്ഷ്മി പറഞ്ഞു. ലൈബ്രറികള്‍ അടുത്തുള്ളതിനാല്‍ ഹൈദരാബാദിലെ പദ്മ റാവു നഗറിലായിരുന്നു രോഹിണി താമസിച്ചിരുന്നത്. ഇന്റേണല്‍ മെഡിസിനില്‍ സ്‌പെഷ്യലൈസ് ചെയ്യാനായിരുന്നു അവള്‍ ആഗ്രഹിച്ചിരുന്നതെന്നും ലക്ഷ്മി പറഞ്ഞു.
ഇന്ത്യയില്‍ തന്നെ താമസിച്ച് പ്രാക്ടീസ് ചെയ്യാന്‍ താന്‍ രോഹിണിയെ ഉപദേശിച്ചിരുന്നതായും എന്നാല്‍, അമേരിക്കയില്‍ പ്രതിദിനം പരിശോധിക്കേണ്ട രോഗികളുടെ എണ്ണം പരിമിതമാണെന്നും വരുമാനം മെച്ചപ്പെട്ടതാണെന്നും മകള്‍ വാദിച്ചു.വിസ ലഭിക്കാതെ വന്നതോടെ അവള്‍ മാനസികമായി തളര്‍ന്ന് ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നുവെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. ചില്‍കല്‍ ഗുഡ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


