Connect with us

articles

ഷൂ എറിഞ്ഞത് മുസ്‌ലിം ആയിരുന്നെങ്കില്‍?

ചീഫ് ജസ്റ്റിസിനു നേരെ ചെരിപ്പെറിഞ്ഞ് ആ പദവിയെയും അദ്ദേഹത്തിന്റെ സാമൂഹിക പശ്ചാത്തലത്തെയും എല്ലാറ്റിലുമുപരി ഭരണഘടനയെയും അവഹേളിച്ചത് ഒരു മുസ്‌ലിമായിരുന്നെങ്കില്‍ ഉണ്ടായേക്കാവുന്ന ഭൂകമ്പങ്ങള്‍ ഊഹിക്കാന്‍ പോലുമാകില്ല.

Published

|

Last Updated

അനില്‍കുമാര്‍ എ വി

ദളിതനായ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് (സി ജെ ഐ) ബി ആര്‍ ഗവായിക്കു നേരെ ഷൂ എറിഞ്ഞ സനാതന ധര്‍മത്തിന്റെ കര്‍സേവകന്‍ രാകേഷ് കിഷോറിനെ പെറ്റിക്കേസ് പോലുമെടുക്കാതെ ആചാരപരമായ യാത്രയയപ്പ് കൊടുത്തത് ജനാധിപത്യം അഭിമുഖീകരിക്കുന്ന അതിഗുരുതര പ്രതിസന്ധിയുടെ ലക്ഷണങ്ങളിലൊന്നാണ്. ഹിന്ദു വിശ്വാസത്തിന്റെ സ്വയംപ്രഖ്യാപിത കാവല്‍ക്കാരന് അപ്രതീക്ഷിത ശിക്ഷായിളവ് ലഭിച്ചത് ഹീനകൃത്യങ്ങള്‍ക്ക് സാധുത നല്‍കും.

നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ (1925-2025) വെറുപ്പിന്റെ പ്രത്യയശാസ്ത്രം പരമോന്നത നീതിപീഠത്തെയും ഭരണഘടനയെയും അനുബന്ധ സ്ഥാപനങ്ങളെയും പരിഹസിക്കാന്‍ ഊര്‍ജം നേടിയിരിക്കുന്നുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഗുരുതര വിഷയത്തില്‍ കേസ് ഫയല്‍ ചെയ്യാന്‍ മോദി സര്‍ക്കാര്‍ തയ്യാറായില്ലെന്നത് എടുത്തുപറയണം. പട്ടികജാതി- പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം 1989 പോലും മുഖവിലക്കെടുത്തതുമില്ല. സംഘ്പരിവാര്‍ വൃത്തങ്ങള്‍ സ്തുതിച്ച “സമരായുധ’മായ ഷൂ തിരികെ നല്‍കുകയും ചെയ്തു. ക്ലാസ്സ് ബഹിഷ്‌കരിക്കുകയോ മുദ്രാവാക്യം വിളിക്കുകയോ ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ നടത്തുകയോ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കു നേരെ പോലും യു എ പി എ ചുമത്തുന്ന അമിത് ഷാ, പ്രതീകാത്മക യുദ്ധപ്രഖ്യാപനം നടത്തി ക്രൂരകൃത്യത്തിനിറങ്ങിയ തീവ്രവാദിയെ തലോടി പറഞ്ഞയച്ചത് ആ കാടന്‍ നിയമത്തിന്റെ ലക്ഷ്യം ആരാണെന്ന് പ്രഖ്യാപിക്കുന്നതായി. 2025ലും ഒരു ദളിത് ചീഫ് ജസ്റ്റിസ് എന്നത് സംഘ്പരിവാറിന് അസ്വീകാര്യമാണെന്നും തെളിയിക്കുന്നു.

സി ജെ ഐക്ക് നേരെ അഭിഭാഷകന്‍ ഷൂ എറിഞ്ഞതിലെ കേന്ദ്ര സര്‍ക്കാര്‍ മൗനം അസ്വസ്ഥത ഉളവാക്കുന്നതാണെന്നായിരുന്നു സഹോദരി കീര്‍ത്തി ഗവായി പറഞ്ഞത്. ആ നടപടി വ്യക്തിപരമല്ലെന്നും ഭരണഘടനക്കെതിരായ ആക്രമണമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭരണഘടനയാണ് നമ്മുടെ ഏറ്റവും പ്രധാന മുന്‍ഗണന, അത് സംരക്ഷിക്കേണ്ടത് ഏവരുടെയും ഉത്തരവാദിത്വമാണ്. ഭരണഘടന നമുക്ക് മാത്രമുള്ളതല്ല. ഭാവി തലമുറകള്‍ക്ക് വേണ്ടി അതിനെ സംരക്ഷിക്കണം. അവര്‍ക്ക് സുരക്ഷിതമായ ഇന്ത്യ നല്‍കണം. നമ്മള്‍ എന്ത് ശബ്ദമുയര്‍ത്തുന്നുവോ അല്ലെങ്കില്‍ എന്ത് നടപടികള്‍ സ്വീകരിക്കുന്നുവോ, അത് ബാബാ സാഹിബ് നമുക്ക് നല്‍കിയ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്ന് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും കീര്‍ത്തി വിശദീകരിച്ചു. ഖജുരാഹോയിലെ യുനെസ്‌കോ പൈതൃക കേന്ദ്രങ്ങളിലൊന്നില്‍ തകര്‍ന്നുകിടക്കുന്ന വിഷ്ണുവിന്റെ പ്രതിമ പുനഃസ്ഥാപിക്കണമെന്ന പൊതുതാത്പര്യ ഹരജി തള്ളി ഗവായി നടത്തിയ പരാമര്‍ശങ്ങളാണ് അഭിഭാഷകന്‍ കൂടിയായ പ്രതിയെ പ്രകോപിപ്പിച്ചത്. ബുള്‍ഡോസര്‍ രാജിനെതിരായ നിലപാടും അയാള്‍ക്ക് സ്വീകാര്യമായില്ല. ഒക്ടോബര്‍ അഞ്ചിന് മഹാരാഷ്ട്രയിലെ അമരാവതിയില്‍ നിശ്ചയിച്ച ആര്‍ എസ് എസ് ശതാബ്ദി ആഘോഷ പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് ഗവായിയുടെ മാതാവ് കമല്‍തായ് ഗവായി എഴുതിയ കത്തില്‍, താന്‍ അംബേദ്കറിസ്റ്റാണ്, ആ പ്രത്യയശാസ്ത്രത്തെ പിന്തുണച്ച് സംസാരിക്കാനാകില്ലല്ലോ എന്നായിരുന്നു പ്രതികരിച്ചത്.

ഓണ്‍ലൈന്‍ യുദ്ധകോലാഹലങ്ങള്‍
ഗവായിയെ അവഹേളിക്കും വിധം ആഴ്ചകളായി സംഘടിത പ്രചാരണങ്ങളാണ് ആര്‍ എസ് എസും ആ കുടക്കീഴിലെ മറ്റ് സംഘടനകളും തുറന്നുവിട്ടത്. ചര്‍ച്ചയെന്ന പേരില്‍ നടത്തിയ ഓണ്‍ലൈന്‍ യുദ്ധകോലാഹലങ്ങള്‍ അദ്ദേഹത്തിന്റെ ജാതിയാണ് കേന്ദ്രീകരിച്ചതും. നാഥുറാം വിനായക് ഗോഡ്സെയുടെ കൈയിലെ ഇറ്റാലിയന്‍ തോക്കാണ് രാഷ്ട്രപിതാവിന്റെ ജീവന്‍ കവര്‍ന്നതെങ്കിലും ഗൂഢാലോചന ഉന്നത തലങ്ങളിലായിരുന്നു. ഒറ്റ ദിവസം കൊണ്ട് പൊട്ടിമുളച്ച വൈകാരികതയല്ല കാരണം. മാസങ്ങള്‍ നീണ്ട റിഹേഴ്സലുകളും പലതട്ടിലുള്ള കൂടിയാലോചനകളുമാണ് രംഗം സജ്ജമാക്കിയത്. നാലാമത്തെ വധശ്രമമാണ് വിജയം വരിച്ചതും. അത് ഓര്‍മിപ്പിക്കും പോലെ ഗവായിക്കു നേര്‍ക്കുള്ള ചെരിപ്പേറിന്റെ ആഹ്വാനത്തിന് പഴക്കമുണ്ട്.

സംഭവത്തിന് ഒരാഴ്ച മുമ്പ് പ്രതിലോമ ആശയപ്രചാരകരായ യൂട്യൂബര്‍മാര്‍ ആക്രമണത്തിന് ഇന്ധനമായി. അജിത് ഭാരതി, കൗശ്ലേഷ് റായി, ഒപിനിന്ത്യ എഡിറ്റര്‍ അനുപം സിംഗ് എന്നിങ്ങനെ മുക്കൂട്ട് സംഘം യൂട്യൂബ് ചാനലില്‍ പരിവാര്‍ സ്വയംസേവകരോട് ആയുധധാരികളായി ഒരുങ്ങിനില്‍ക്കാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. കൗശ്ലേഷ് റായിയുടെ സംഭാഷണങ്ങളിലൊന്ന് തീര്‍ത്തും അക്രമാസക്തവും നിയമവിരുദ്ധവും ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുന്നതുമാണ്. ഞാനൊരു ഗാന്ധിയനായതിനാല്‍ അക്രമത്തെ തുണക്കുന്നില്ല. ഗവായി വഴക്കുണ്ടാക്കിയാല്‍ അവിടെ ഹിന്ദു അഭിഭാഷകരുണ്ട്. കുറഞ്ഞത് ഒരു ഹിന്ദു അഭിഭാഷകനെങ്കിലും ഗവായിയുടെ തല പിടിച്ച് ചുമരില്‍ ശക്തമായി ഇടിക്കണം. അങ്ങനെ അത് രണ്ട് കഷണങ്ങളായി തകരും എന്നായിരുന്നു ഞാന്‍ പറയുക. അത് ഞാന്‍ ചെയ്തില്ല, കാരണം ഞാന്‍ അക്രമത്തെ പിന്തുണക്കുന്നില്ല.

ഗവായിയുടെ കാര്‍ വളയാന്‍ അജിത് ഭാരതിയും ചര്‍ച്ചയില്‍ നിര്‍ദേശിക്കുന്നുണ്ട്. കൗശ്ലേഷ് റായ് സ്വന്തം നിലപാട് പൂരിപ്പിക്കുന്നത്- “ഒക്ടോബര്‍ രണ്ട് എത്തുന്നു. ഗോഡ്‌സെ ചെയ്തത് നിങ്ങളുടെ കഴിവിനപ്പുറമാണ്. പക്ഷേ, നിങ്ങള്‍ക്ക് ഗാന്ധിയാകാം. ഗവായിയുടെ മുഖത്ത് തുപ്പിയാല്‍ ഐ പി സി അനുസരിച്ച് പരമാവധി ശിക്ഷ എത്രയാണ്? ഏറ്റവും അധികമായാല്‍ ആറ് മാസം തടവ്. അതില്‍ കൂടുതലൊന്നുമില്ല. ഹിന്ദുക്കള്‍ക്ക് അത് ചെയ്യാന്‍ പോലും കഴിയില്ലേ’ എന്നിങ്ങനെയാണ്.

ഭരണഘടന സംശയാസ്പദമാക്കുന്ന
ആര്‍ എസ് എസ് പരിവാരങ്ങള്‍
പ്രാന്തവത്കരിക്കപ്പെട്ട വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ക്ക് ഏറ്റവും ഉയര്‍ന്ന ജുഡീഷ്യല്‍ പദവിയിലെത്താന്‍ ശേഷിനല്‍കിയ ഭരണഘടനയെന്ന അവകാശവാദം ഒരുഭാഗത്ത്. അതിനെ നിര്‍വീര്യമാക്കുന്ന ഫ്യൂഡല്‍ അവശിഷ്ടങ്ങളുടെ വെല്ലുവിളി മറുവശത്ത്. അതാണ് പ്രധാന ഇന്ത്യന്‍ വൈരുധ്യം. “സനാതന്‍ ധര്‍മ് കാ അപ്മാന്‍, നഹി സഹേഗ ഹിന്ദുസ്ഥാന്‍’ (സനാതന ധര്‍മത്തിനോ ഹിന്ദുമതത്തിനോ ഏല്‍ക്കുന്ന അപമാനം ഇന്ത്യ സഹിക്കില്ല) എന്ന് കുറിച്ച കടലാസ് രാകേഷ് കിഷോറില്‍ നിന്ന് പിടിച്ചെടുത്തതായി പോലീസ് വെളിപ്പെടുത്തുകയുണ്ടായി. പരമോന്നത നീതിപീഠത്തിനകത്ത് ഒച്ചവെച്ച മുദ്രാവാക്യത്തിന്റെ ഉള്ളടക്കവും അതുതന്നെ. അങ്ങനെ വീരപ്രതിഛായ എത്തിപ്പിടിക്കുകയായിരുന്നു. സി ജെ ഐക്ക് നേരെ ഷൂ എറിഞ്ഞതിലൂടെ കിഷോറും അനുയായികളും, നിയമവാഴ്ച ഉറപ്പാക്കി എല്ലാവര്‍ക്കും സമത്വവും അന്തസ്സും വാഗ്ദാനം ചെയ്യുന്ന ഇന്ത്യന്‍ റിപബ്ലിക്കിന്റെ അടിത്തറയും ഭരണഘടനയുടെ സാധുതയുമാണ് ഇളക്കിക്കളഞ്ഞത്. ഒട്ടേറെ പ്രധാന ബി ജെ പി നേതാക്കളും പാര്‍ലിമെന്റംഗങ്ങളും ഭരണഘടന ഭേദഗതി ചെയ്യാന്‍ പാര്‍ട്ടിക്ക് അവസരം നല്‍കുന്ന ജനവിധി ആവശ്യപ്പെട്ട് സമ്മതിദായകരോട് പ്രസ്താവനകള്‍ നടത്തിയത് 2024ലാണ്. എല്ലാ ജാതികള്‍ക്കും വിശ്വാസങ്ങള്‍ക്കും മതങ്ങള്‍ക്കും തുല്യപദവി ഉറപ്പാക്കുന്ന ഭരണഘടനയുടെ ഉള്ളടക്കം ശിഥിലമാക്കാനുള്ള ശ്രമമായിരുന്നു അത്. 1950ല്‍ അംഗീകരിച്ച ഭരണഘടനയെ ആര്‍ എസ് എസ് സംശയാസ്പദമായാണ് വീക്ഷിച്ചതും.

നാന്‍സി അബൂ മൂസയും ഷാമ പര്‍വീണും
മൃഗമാംസം കൈവശം വെച്ചെന്നാരോപിച്ച് പൊതുയിടങ്ങളില്‍ മുസ്‌ലിംകളെ അരിഞ്ഞുവീഴ്ത്താം. ദളിത് തുകല്‍ തൊഴിലാളിയെ തല്ലിച്ചതക്കാം. ചോദ്യങ്ങള്‍ ഉന്നയിക്കുന്ന സ്ത്രീകളെ ബലാത്സംഗ ഭീഷണികാട്ടി നിശബ്ദമാക്കാം. സയണിസം ഫലസ്തീനില്‍ രണ്ട് വര്‍ഷമായി തുടരുന്ന മനുഷ്യവിരുദ്ധതകള്‍ സമാനതകളില്ലാത്തതാണ്. ഗസ്സയിലെ നാന്‍സി അബു മൂസയെന്ന പൂര്‍ണ ഗര്‍ഭിണി അല്‍നാസര്‍ മേഖലയിലെ വീട് വിട്ട് കാല്‍നടയായി പലായനം ചെയ്യാന്‍ നിര്‍ബന്ധിതയായി. ബോംബാക്രമണത്തിന്റെയും അവശിഷ്ടങ്ങളുടെയും ഇടയിലൂടെ അവര്‍ പത്ത് കിലോമീറ്റര്‍ നടന്നു. തകര്‍ന്ന കസേരയിലിരുത്തി ഭര്‍ത്താവിനെ വലിച്ചു. മുതുകില്‍ വീട്ടുസാധനങ്ങളുടെ കൂന. ജനക്കൂട്ടത്തിനിടയില്‍ വെച്ച് പ്രസവവേദന അനുഭവപ്പെട്ടു.

കീറിപ്പറിഞ്ഞ ഒരു പുതപ്പ് മാത്രമേ മാറാപ്പില്‍ ഉണ്ടായിരുന്നുള്ളൂ. അവിടെ രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ചു. പക്ഷേ ആ ഇരട്ടകള്‍ ഒരു നിലവിളിയും കൂടാതെ, ഒരിക്കലും ജീവന്‍ അനുഭവിക്കാതെ തത്ക്ഷണം മരിച്ചു. ഉത്തര്‍ പ്രദേശിലെ ജോന്‍പൂര്‍ ജില്ലാ വനിതാ ആശുപത്രിയില്‍ സെപ്തംബര്‍ 30ന് ഗര്‍ഭിണിയായ ഷാമ പര്‍വീണ് ചികിത്സ നിഷേധിച്ചത് മുസ്‌ലിമായതിനാല്‍. “അവളെ ഓപറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുവരരുത്. അവള്‍ മുസ്‌ലിമാണ്. ഞാന്‍ ചികിത്സിക്കില്ല. മറ്റെവിടെയെങ്കിലും കൊണ്ടുപോകൂ’ എന്നായിരുന്നു ഡോക്ടറുടെ ധിക്കാരം. കാലത്ത് ഒമ്പതിനെത്തി. രാത്രിയായിട്ടും അഡ്മിറ്റ് ചെയ്യാന്‍ കൂട്ടാക്കിയില്ല. ഓപറേഷന്‍ തിയേറ്ററിലേക്ക് അയക്കരുതെന്ന് ഡോക്ടര്‍ അവിടെയുള്ള എല്ലാവരോടും ഉത്തരവിട്ടു. പര്‍വീണ്‍ ചികിത്സക്കെത്തിയ ദിവസം മറ്റൊരു മുസ്‌ലിം സ്ത്രീയും ആശുപത്രിയിലെത്തി. ഡോക്ടര്‍ അവര്‍ക്കും ചികിത്സ നിഷേധിച്ചു. എല്ലാ രോഗികളെയും പരിശോധിച്ചു, തന്റെ ഭാര്യക്കും മറ്റൊരു മുസ്‌ലിം സ്ത്രീക്കും മാത്രമേ ചികിത്സ നിഷേധിച്ചുള്ളൂവെന്നാണ് പര്‍വീണിന്റെ ഭര്‍ത്താവ് അര്‍മാന്‍ പറഞ്ഞത്. പഹല്‍ഗാം ഭീകരാക്രമണ ശേഷവും സമാന സംഭവം റിപോര്‍ട്ട് ചെയ്യപ്പെട്ടു. അന്ന് രാജ്യം മുഴുവന്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍, വിവേചനം, മുസ്‌ലിംകള്‍ക്കെതിരായ ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ എന്നിവ ഏറി. കൊല്‍ക്കത്തയില്‍ നിന്നുള്ള മുസ്‌ലിം സ്ത്രീക്ക് ഡോക്ടര്‍ ചികിത്സ നിഷേധിച്ചത് വലിയ വാര്‍ത്തയാകുകയും ചെയ്തു.

ചാതുര്‍വര്‍ണ്യത്തിന്റെ
തത്ത്വശാസ്ത്രം
ഇസ്‌ലാമോഫോബിയ പോലെ ആര്‍ എസ് എസ് ഉയര്‍ത്തിപ്പിടിക്കുന്ന വിദ്വേഷ തത്ത്വശാസ്ത്രമാണ് ചാതുര്‍വണ്യത്തിന്റേത്. ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ കഴിഞ്ഞ ദിവസത്തെ പ്രസംഗം, “സമൂഹത്തില്‍ അറിവിന്റെ ജ്വാല പ്രോജ്വലിപ്പിക്കുന്നത് ബ്രാഹ്മണരാണ്. അവര്‍ കേവലം ശാസ്ത്രങ്ങളെ മാത്രം ആരാധിക്കുന്നില്ല, ആയുധങ്ങളെയും ആദരിക്കുന്നു. അറിവും ശക്തിയും കൊണ്ടാണ് ഇന്ന് സമൂഹത്തെയും രാജ്യത്തെയും സംരക്ഷിക്കാന്‍ കഴിയുക. ബ്രാഹ്മണ സമൂഹം അറിവ്, മതം, സദാചാരം പ്രചരിപ്പിക്കുന്നതിലും സമൂഹത്തിനായി പ്രവര്‍ത്തിക്കുന്നതിലും മുന്‍പന്തിയിലാണ്’ എന്ന നിലയിലാണ് ആവേശം കയറി മുന്നേറിയത്. ഗുജറാത്ത് വംശഹത്യക്കിടെ ബില്‍ക്കീസ് ബാനുവിനെയും കുടുംബാംഗങ്ങളെയും ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നതും കുഞ്ഞുങ്ങളെ കല്ലിലിടിച്ച് തല ചിതറിച്ചതും അടക്കമുള്ള കൊടും ഭീകരതക്ക് നേതൃത്വം നല്‍കിയ ബ്രാഹ്മണ പ്രതികള്‍ ജയില്‍വിമുക്തരായപ്പോള്‍ ഹാരങ്ങളണിയിച്ചും മധുരങ്ങള്‍ നല്‍കിയും വരവേറ്റത് ബി ജെ പി നേതാക്കളായിരുന്നു. ശേഷം ആ സംസ്ഥാനത്തെ നിയമസഭാംഗമായ സി കെ റൗള്‍ജി പരസ്യമായി അവകാശപ്പെട്ടത് ബ്രാഹ്മണര്‍ ഉയര്‍ന്ന സംസ്‌കാരമുള്ളവരാണെന്നാണ്.

ബ്രാഹ്മണനും ഗോമാതാവിനും സ്തുതിയായിരിക്കട്ടെ എന്നാണല്ലോ ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന സവര്‍ണ അജന്‍ഡയുടെ പാടിപ്പുകഴ്ത്തപ്പെടുന്ന വിശാലതയിലും ഉദാരതയിലും ഒളിച്ചുകടത്തിക്കൊണ്ടിരിക്കുന്നത്. അപരമത വിദ്വേഷത്തിന്റെയും ദളിത് അസ്പൃശ്യതയുടെയും കൃത്രിമ ദേശീയതയുടെയും കെണിക്കൂടുകളില്‍ ജനങ്ങളെ പൂട്ടിയിട്ടാണ് ധര്‍മപ്രഖ്യാപനങ്ങളെന്നതും പ്രധാനം. 2023 മേയ് 28ന് നടന്ന പുതിയ പാര്‍ലിമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍നിന്ന് രാഷ്ട്രപതിയെ ഒഴിവാക്കിയത് ദളിതയായതിനാലാണ്. ചടങ്ങില്‍ അവരെ ഉള്‍പ്പെടുത്താത്തതു വഴി കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനയുടെ ലംഘനമാണ് നടത്തിയതെന്ന് സുപ്രീം കോടതി അഭിഭാഷകന്‍ സി ആര്‍ ജയ സുകിന്‍ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. തുടര്‍ന്ന് പരിപാടി 19 പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ച് സംയുക്ത പ്രസ്താവനയിറക്കി.

ഗാന്ധിജിക്കു നേരെ വെടിയുതിര്‍ത്ത വിവരം അറിഞ്ഞയുടന്‍ മൗണ്ട് ബാറ്റണ്‍ പ്രഭു ആരാഞ്ഞത് ആ ഹീനകൃത്യം ആര് ചെയ്തുവെന്നായിരുന്നു. അദ്ദേഹം ബിര്‍ളാ ഹൗസില്‍ എത്തുമ്പോഴേക്കും വന്‍ജനക്കൂട്ടം തിങ്ങിക്കൂടിയിട്ടുണ്ട്. വല്ലാത്തൊരു ഭാവത്തോടെ ഒരാള്‍ വിളിച്ചു പറഞ്ഞത്, ഒരു മുസ്‌ലിമാണ് പിന്നിലെന്നാണ്. മൗണ്ട് ബാറ്റണ്‍ അയാളെ നോക്കി പ്രതികരിച്ചത്, വിഡ്ഢീ അതൊരു ഹിന്ദുവാണെന്ന് തനിക്കറിഞ്ഞുകൂടേയെന്നും. അതെങ്ങനെ മനസ്സിലായെന്ന ചോദ്യത്തിന്, അതൊരു മുസ്‌ലിം ആണെങ്കില്‍ ലോകം ഇതുവരെ സാക്ഷ്യംവഹിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭീകരമായ കൂട്ടക്കൊല രാജ്യത്ത് നടക്കാന്‍ പോവുകയാണെന്നായിരുന്നു മറുപടി. അതുപോലെ ചീഫ് ജസ്റ്റിസിനു നേരെ ചെരിപ്പെറിഞ്ഞ് ആ പദവിയെയും അദ്ദേഹത്തിന്റെ സാമൂഹിക പശ്ചാത്തലത്തെയും എല്ലാറ്റിലുമുപരി ഭരണഘടനയെയും അവഹേളിച്ചത് ഒരു മുസ്‌ലിമായിരുന്നെങ്കില്‍ ഉണ്ടായേക്കാവുന്ന ഭൂകമ്പങ്ങള്‍ ഊഹിക്കാന്‍ പോലുമാകില്ല.

---- facebook comment plugin here -----

Latest