Ongoing News
ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീമിനെ ഇനി ശുഭ്മാൻ ഗിൽ നയിക്കും
ശ്രേയസ് അയ്യർ ടീമിന്റെ വൈസ് ക്യാപ്റ്റനാകും.

മുംബൈ | ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ പുതിയ നായകനായി ശുഭ്മാൻ ഗില്ലിനെ ബി സി സി ഐ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഏകദിന സ്ക്വാഡിനെയാണ് ഗിൽ നയിക്കുക. രോഹിത് ശർമ്മയെ മാറ്റിയാണ് ഗില്ലിനെ നായകനായി നിയമിച്ചത്. ശ്രേയസ് അയ്യർ ടീമിന്റെ വൈസ് ക്യാപ്റ്റനാകും.
രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടംനേടിയിട്ടുണ്ട്. പരിക്കേറ്റ പേസർ ജസ്പ്രീത് ബുംറക്ക് ഏകദിന പരമ്പരയിൽ വിശ്രമം അനുവദിച്ചു. യുവതാരം യശസ്വി ജയ്‌സ്വാൾ ഏകദിന സ്ക്വാഡിലേക്ക് തിരികെ എത്തി.
അതേസമയം, ഓസ്‌ട്രേലിയക്കെതിരായ ടി20. പരമ്പരയിൽ സൂര്യകുമാർ യാദവാണ് ഇന്ത്യൻ നായകൻ. ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനായി തുടരും. പരിക്കേറ്റ ഹാർദിക് പാണ്ഡ്യയ്ക്ക് പകരം നിതീഷ് കുമാർ റെഡ്ഡിയെ ടി20 സ്ക്വാഡിൽ ഉൾപ്പെടുത്തി.
ഏകദിന ടീമിന്റെ നായകസ്ഥാനം കൂടി ഏറ്റെടുത്തതോടെ, ശുഭ്മാൻ ഗില്ലിനെ എല്ലാ ഫോർമാറ്റുകളിലുമുള്ള ടീമിന്റെ ഭാവി നായകനായിട്ടാണ് ബി സി സി ഐ. കാണുന്നത്. ഈ വർഷം ആദ്യം ടെസ്റ്റ് ക്രിക്കറ്റിൽ രോഹിത് ശർമ്മയിൽ നിന്ന് ഗിൽ നായകസ്ഥാനം ഏറ്റെടുത്തിരുന്നു. ഐ പി എൽ സീസണിന്റെ മധ്യത്തിൽ രോഹിത് ശർമ്മ ടെസ്റ്റ് ഫോർമാറ്റിൽ നിന്ന് വിരമിച്ചതിനെ തുടർന്നായിരുന്നു ഇത്.
ഗില്ലിന്റെ നായകത്വത്തിൽ ഇന്ത്യ, ഏറെ വെല്ലുവിളികൾ നിറഞ്ഞ ആൻഡേഴ്സൺ-ടെണ്ടുൽക്കർ ട്രോഫി ടെസ്റ്റ് പരമ്പര 2-2 എന്ന നിലയിൽ സമനിലയിലാക്കിയിരുന്നു. തന്റെ പ്രകടനങ്ങളിലൂടെ നിരൂപകരുടെ വിമർശനങ്ങൾ അവസാനിപ്പിക്കാൻ ഗില്ലിന് സാധിക്കുകയും ചെയ്തു. അടുത്തിടെ സമാപിച്ച ഏഷ്യാ കപ്പിൽ സൂര്യകുമാർ യാദവിന്റെ കീഴിൽ ഗിൽ വൈസ് ക്യാപ്റ്റനായിരുന്നു.
ഓസ്‌ട്രേലിയൻ പര്യടനത്തിൽ രോഹിത് ശർമ്മ ഇന്ത്യൻ ടീമിനെ നയിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, 38 വയസ്സുകാരനായ രോഹിത്തിനെ മാറ്റി യുവതലമുറക്ക് അവസരം നൽകാൻ സെലക്ടർമാർ തീരുമാനിക്കുകയായിരുന്നു എന്നാണ് സൂചന. ടീം ഹെഡ് കോച്ച് ഗൗതം ഗംഭീറുമായും ബി സി സി ഐ. സെക്രട്ടറി ദേവജിത് സൈക്കിയയുമായും കൂടിയാലോചിച്ച ശേഷമാണ് സെലക്ടർമാർ ഈ നിർണായക തീരുമാനം എടുത്തതെന്നാണ് റിപ്പോർട്ടുകൾ.
ടിം ഇന്ത്യ:
ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), അക്സർ പട്ടേൽ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, പ്രസീദ് കൃഷ്ണ, ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), യശ്വസി ജൈസ്വാൾ