articles
പത്രപ്രവർത്തനത്തിന്റെ നെറുകയിലെത്തിയ ടി ജെ എസ്
ഒരു നീണ്ടകാലഘട്ടം ഇന്ത്യയിലെ പ്രമുഖ കോളമിസ്റ്റുകളിൽ ഒരാളായിരുന്നു ടി ജെ എസ് ജോർജ്. മൂർച്ചയേറിയ വാക്കുകളായിരുന്നു ടി ജെ എസിന്റെ പത്രാധിപ കുറിപ്പുകളുടെയും പംക്തികളുടെയും മുഖമുദ്ര. അഴിമതിക്കും രാഷ്ട്രീയക്കാരുടെ പിഴവുകൾക്കുമെതിരെ അദ്ദേഹം ആഞ്ഞടിച്ചു.

ജേക്കബ് ജോർജ്
മുംബൈയിലെ ഫ്രീ പ്രസ്സ് ജേണലിലായിരുന്നു തുടക്കം. മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്നെടുത്ത ഇംഗ്ലീഷ് ബി എ ഓണേഴ്‌സ് ആയിരുന്നു കൈമുതൽ. പത്രപ്രവർത്തനത്തിൽ തുടക്കക്കാരായെത്തുന്ന യുവാക്കളെയൊക്കെ കൈപിടിച്ചുയർത്തുന്ന പാരമ്പര്യമുള്ള ഫ്രീ പ്രസ്സ് ജേണൽ പത്തനംതിട്ട ജില്ലയിലെ തുമ്പമൺ എന്ന ഗ്രാമത്തിൽ ജനിച്ചുവളർന്ന തയ്യിൽ ജേക്കബ് സോണി ജോർജിനെ വാനോളം ഉയർത്തി. ടൈം മാസിക, ന്യൂസ് വീക്ക് എന്നീ ലോകോത്തര പ്രസിദ്ധീകരണങ്ങളോട് കിടപിടിക്കുന്ന നിലവാരത്തിൽ ഏഷ്യാവീക്ക് എന്ന വാരിക സ്ഥാപിക്കുന്നത് വരെ എത്തി ആ പത്രപ്രവർത്തകന്റെ യാത്ര. അത് സ്ഥാപിച്ചതാകട്ടെ, ഹോങ്കോ
ങ്ങിലും.
1950ലാണ് മുംബൈ ഫ്രീ പ്രസ്സ് ജേണലിൽ ടി ജെ എസ് ചേർന്നത്. സർച്ച് ലൈവ്, ദ ഫാർ ഈസ്റ്റേൺ ഇക്കണോമിക് റെവ്യൂ എന്നീ പ്രമുഖ മാധ്യമ സ്ഥാാപനങ്ങളിൽ പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം ഹോങ്കോങ്ങിൽ ദ ഏഷ്യാ വീക്ക് സ്ഥാപിക്കാൻ ഇറങ്ങിയത്. ടൈം, ന്യൂസ് വീക്ക് എന്നിങ്ങനെ പടിഞ്ഞാറിന്റെ സ്വന്തം വാർത്താ സാമ്രാജ്യങ്ങൾക്ക് വെല്ലുവിളിയായിത്തന്നെയാണ് ടി ജെ എസ് ഏഷ്യാവീക്കിന് അടിത്തറയൊരുക്കിയത്. ഏതാനും വർഷങ്ങൾക്കുള്ളിൽത്തന്നെ ഏഷ്യാ വീക്ക് വളർച്ചയുടെ കൊടുമുടികൾ കയറി. ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപരായിരുന്നു ടി ജെ എസ് ജോർജ്.
ഹോങ്കോങ്ങിലെ പ്രവർത്തനത്തിനു ശേഷം ഇന്ത്യയിലേക്കു മടങ്ങിയെത്തിയ ടി ജെ എസ് ബെംഗളൂരുവിൽ താമസമാക്കുകയും ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സിന്റെ ഉപദേശകനാവുകയും ചെയ്തു.
ഒരു നീണ്ടകാലഘട്ടം ഇന്ത്യയിലെ പ്രമുഖ കോളമിസ്റ്റുകളിൽ ഒരാളായിരുന്നു ടി ജെ എസ് ജോർജ്. മൂർച്ചയേറിയ വാക്കുകളായിരുന്നു ടി ജെ എസിന്റെ പത്രാധിപ കുറിപ്പുകളുടെയും പംക്തികളുടെയും മുഖമുദ്ര. അഴിമതിക്കും രാഷ്ട്രീയക്കാരുടെ പിഴവുകൾക്കുമെതിരെ അദ്ദേഹം ആഞ്ഞടിച്ചു.
ബിഹാറിൽ ഒരു ദിനപത്രത്തിൽ ജോലിനോക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ ചില ലേഖനങ്ങളും റിപോർട്ടുകളും സംസ്ഥാന ഭരണകൂടത്തെ പ്രകോപിപ്പിച്ചു. അന്നത്തെ ബിഹാർ മുഖ്യമന്ത്രി കെ ബി സഹായ് ടി ജെ എസിനെതിരെ തിരിഞ്ഞു. സംസ്ഥാന പോലീസ് ദേശദ്രോഹക്കുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. അന്ന് പ്രതിരോധ മന്ത്രിയായിരുന്ന വി കെ കൃഷ്ണമേനോൻ ഉടനെ പാറ്റ്‌നയിൽ പറന്നെത്തി ടി ജെ എസിന് സംരക്ഷണമൊരുക്കി. വളരെ ശ്രദ്ധേയനായ എഴുത്തുകാരൻ എന്ന നിലയിലും ടി ജെ എസ് പ്രസിദ്ധി നേടി. വി കെ കൃഷ്ണമോനോനെക്കുറിച്ചുള്ള പുസ്തകം ഇതിൽ പ്രധാനം തന്നെ. ചലച്ചിത്രതാരം സർഗീസ്, പ്രശസ്ത സംഗീതജ്ഞ എം എസ് സുബ്ബലക്ഷ്മി എന്നിവരെക്കുറിച്ചും വളരെ പഠനാർഹമായ പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പ്രത്യേക ഫോട്ടോകളുള്ള ഒരു ഗ്രന്ഥം ടി ജെ എസിന്റെ അതിമനോഹരമായ വിവരണങ്ങളോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പല പുസ്തകങ്ങളും ലണ്ടനിലാണ് പ്രസിദ്ധീകരിച്ചിരുന്നത്. കേരളത്തിൽ ജനിച്ച് പത്രപ്രവർത്തനത്തിന്റെ ഉന്നതങ്ങളിൽ സ്വന്തം സാമർഥ്യവും കഠിനാധ്വാനവും കൊണ്ട് ഉയർന്നുപൊങ്ങിയ പ്രഗത്ഭനായിരുന്നു ടി ജെ എസ്
ജോർജ്.