International
പാക് അധീന കശ്മീരിലെ പ്രക്ഷോഭം അവസാനിച്ചു; ഉന്നയിച്ച 38 ആവശ്യങ്ങളില്‍ 25 എണ്ണവും അംഗീകരിച്ചു
സമരക്കാര്‍ മുന്നോട്ട് വെച്ച ശേഷിക്കുന്ന ആവശ്യങ്ങളിലും ഉടന്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്

ഇസ്ലാമാബാദ് | പാക് അധീന കശ്മീരിലെ സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭം വിജയം കണ്ടു. മറ്റ് വഴികളില്ലാതെ സമരക്കാര്‍ ഉന്നയിച്ച 38 ആവശ്യങ്ങളില്‍ 25എണ്ണവും അധീകൃതര്‍ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍
പാക് അധീനകാശ്മീരിലെ (പിഒകെ) 12 നിയമസഭാ സീറ്റുകളില്‍ കശ്മീരി അഭയാര്‍ഥികള്‍ക്കുളള സംവരണം അവസാനിപ്പിക്കുക, ഗോതമ്പുമാവിന് സബ്‌സിഡി നല്‍കുക, സൗജന്യവിദ്യാഭ്യാസം ഉറപ്പാക്കുക, വൈദ്യുതിനിരക്ക് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞമാസം 29നായിരുന്നു പ്രക്ഷോഭം തുടങ്ങിയത്. പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ചെങ്കിലും സമരക്കാര്‍ പിന്‍മാറിയില്ല. തുടര്‍ന്നാണ് സമരക്കാരുമായി അധികൃതര്‍ ചര്‍ച്ച നടത്തിയത്.
സമരക്കാര്‍ മുന്നോട്ട് വെച്ച ശേഷിക്കുന്ന ആവശ്യങ്ങളിലും ഉടന്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.സമരം വിജയിച്ചതോടെ പ്രതിഷേധക്കാര്‍ വീടുകളിലേക്ക് മടങ്ങുകയാണെന്ന് പാക് പാര്‍ലമെന്ററികാര്യ മന്ത്രി താരിഖ് ഫസല്‍ ചൗധരി പറഞ്ഞു. ചര്‍ച്ചകള്‍ വിജയിച്ചതിനെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സ്വാഗതം ചെയ്തിട്ടുണ്ട്. സമാധാനം പുനഃസ്ഥാപിച്ചതും പ്രദേശം സാധാരണ നിലയിലേക്ക് മടങ്ങിയതും നല്ലൊരു സംഭവ വികാസമാണെന്ന് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
സംഘര്‍ഷത്തില്‍ പത്തുപേരാണ് ഇതുവരെ മരിച്ചത്. പ്രക്ഷോഭകരെ നേരിടുന്നതിന്റെ ഭാഗമായി കഴിഞ്ഞ വ്യാഴാഴ്ച പ്രദേശത്ത് മൊബൈല്‍, ഇന്റര്‍നെറ്റ്, ലാന്‍ഡ് ലൈന്‍ സേവനങ്ങള്‍ അധികൃതര്‍ നിരോധിച്ചിരുന്നു. എന്നിട്ടും പ്രതിഷേധം തുടര്‍ന്നതോടെയാണ് സര്‍ക്കാര്‍ സമവായ ചര്‍ച്ചക്കെത്തിയത്.