From the print
കണ്ണൂര്‍ കോര്‍പറേഷൻ: വിമതപ്പേടിയില്‍ കോണ്‍ഗ്രസ്സ്
പതിനാലിടത്ത് വിമത സ്ഥാനാർഥികള്‍
കണ്ണൂര്‍ | കോർപറേഷനില്‍ വിമതപ്പേടിയില്‍ കോണ്‍ഗ്രസ്സ് നേതൃത്വം. നിലവിലെ സ്ഥിരം സമിതി ചെയര്‍മാന്‍ പി കെ രാഗേഷും കൗണ്‍സിലര്‍ അനിതയുമടക്കം 12 പേരാണ് ഐക്യ ജനാധിപത്യ സംരക്ഷണ സമിതി സ്ഥാനാര്‍ഥികളായി മത്സരരംഗത്തുള്ളത്. മറ്റ് ഡിവിഷനുകളിൽ വിമതരായി മത്സരിക്കുന്നവരെ കൂടി കൂടെക്കൂട്ടുമെന്നും പി കെ രാഗേഷ് പറഞ്ഞു. പി കെ രാഗേഷ് പഞ്ഞിക്കയിലും കെ പി അനിത പള്ളിയാംമൂലയിലുമാണ് മത്സരിക്കുന്നത്.
കുന്നാവ്, കൊക്കേന്‍പാറ, പള്ളിക്കുന്ന്, തളാപ്പ്, ഉദയംകുന്ന്, മുണ്ടയാട്, ചൊവ്വ, ചാല, ആയിക്കര, ചാലാട് ഡിവിഷനുകളിലും വിമതരുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായാണ് പി കെ രാഗേഷും അനിതയും വിജയിച്ചത്. പള്ളിക്കുന്ന് ബേങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവരെ കോണ്‍ഗ്രസ്സിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതോടെയാണ് കോര്‍പറേഷനിലെയും പരിസരത്തെയും കോണ്‍ഗ്രസ്സ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന പ്രവര്‍ത്തകരെ ചേര്‍ത്ത് ഐക്യ ജനാധിപത്യ സംരക്ഷണ സമിതി രൂപവത്കരിച്ചത്.
ജില്ലാ നേതൃത്വത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച പി കെ രാഗേഷ് മേയറടക്കമുളള്ളവര്‍ക്കെതിരെ നിരന്തരം കൗണ്‍സില്‍ യോഗത്തിലടക്കം അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മുന്‍ മേയര്‍ ടി ഒ മോഹനൻ ഉൾപ്പെടെയുള്ളവരുടെ കോക്കസാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും ഇവര്‍ക്ക് താത്പര്യമുള്ളവരെ മാത്രമാണ് കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥികളാക്കിയതെന്നും രാഗേഷ് പറഞ്ഞു.
പള്ളിക്കുന്ന് മേഖലയില്‍ കോണ്‍ഗ്രസ്സില്‍ നിര്‍ണായക സ്വാധീനമാണ് ഇവര്‍ക്കുള്ളത്. ദീര്‍ഘകാലം പള്ളിക്കുന്ന് ബേങ്ക് പ്രസിഡന്റും കോണ്‍ഗ്രസ്സ് ബ്ലോക്ക് ഭാരവാഹിയുമായിരുന്നു പി കെ രാഗേഷ്. 2015ൽ രാഗേഷ് വിമതനായി മത്സരിച്ച് വിജയിച്ചിരുന്നു. പി കെ രാഗേഷിന്റെ പിന്തുണയിലാണ് പ്രഥമ കോർപറേഷന്‍ ഭരണം എല്‍ ഡി എഫ് സ്വന്തമാക്കിയത്. പിന്നീട് പി കെ രാഗേഷ് കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തിയതോടെയാണ് യു ഡി എഫിന് ഭരണം ലഭിച്ചത്.
പള്ളിപ്പൊയില്‍ വാര്‍ഡില്‍ കോണ്‍ഗ്രസ്സ് കണ്ണൂര്‍ ബ്ലോക്ക് മുന്‍ പ്രസിഡന്റ്്ടി സി ത്വാഹ മത്സരിക്കുന്നുണ്ട്. അദ്ദേഹത്തിന് എല്‍ ഡി എഫ് പിന്തുണയുണ്ട്. കോണ്‍ഗ്രസ്സിന്റെ മേയര്‍ സ്ഥാനാർഥി പി ഇന്ദിരക്കെതിരെ പയ്യാമ്പലത്തും കോണ്‍ഗ്രസ്സ് റിബല്‍ സ്ഥാനാർഥി രംഗത്തുണ്ട്. കെ എന്‍ ബിന്ദുവാണ് മത്സരിക്കുന്നത്.
കണ്ണൂര്‍ ടൗണ്‍ വെസ്റ്റ് മണ്ഡലം കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ്, ജവഹര്‍ ബാല്‍മഞ്ച് കണ്ണൂര്‍ ബ്ലോക്ക് ചെയര്‍മാന്‍, മഹിളാ കോണ്‍ഗ്രസ്സ് വെസ്റ്റ് മണ്ഡലം സെക്രട്ടറി സ്ഥാനങ്ങള്‍ വഹിക്കുന്ന ബിന്ദു സ്ഥാനാർഥിയാകണം എന്നായിരുന്നു പയ്യാമ്പലത്തെ കോണ്‍ഗ്രസ്സുകാരുടെ ആവശ്യം. അഡ്വ. പി ഇന്ദിരക്ക് വേണ്ടി കെ സുധാകരനും മാര്‍ട്ടിന്‍ ജോർജും ബിന്ദുവിനെ വെട്ടിമാറ്റുകയായിരുന്നു.





