Connect with us

From the print

മലപ്പുറത്തെ മാതൃകയാക്കണം: കാന്തപുരം

മലപ്പുറത്തെ ജനങ്ങള്‍ മുന്നിട്ടിറങ്ങി നടപ്പാക്കുന്ന വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാണ്.

Published

|

Last Updated

അരീക്കോട് | സാമൂഹിക ജീവിതത്തെ സുരക്ഷിതമാക്കാനും മികച്ച ഭാവി കെട്ടിപ്പടുക്കാനും മലപ്പുറത്തെ സൗഹൃദാന്തരീക്ഷത്തെയും പരസ്പര കരുതലിനെയും രാജ്യം മാതൃകയാക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. കേരളയാത്രക്ക് അരീക്കോട്ട് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ നായകന്‍ കൂടിയായ കാന്തപുരം.

മലപ്പുറത്തെ ജനങ്ങള്‍ മുന്നിട്ടിറങ്ങി നടപ്പാക്കുന്ന വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാണ്. ദേശീയ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടും അതിന് മുമ്പും നമ്മുടെ നാടിനു വേണ്ടി ചരിത്രത്തില്‍ ഏറ്റവും ത്യാഗോജ്ജ്വലമായി സമരങ്ങള്‍ നടന്ന പ്രദേശമാണ് മലപ്പുറം. നിര്‍ഭാഗ്യവശാല്‍ മലപ്പുറത്തെ തെറ്റായ മുന്‍വിധികളോടെ സമീപിക്കുന്ന രീതി ഇന്ന് പലയിടങ്ങളിലുമുണ്ട്.

മലപ്പുറത്തെ ഭീകരമായി ചിത്രീകരിക്കുകയും അപഹസിക്കുകയും ഇകഴ്ത്തുകയും ചെയ്യുന്ന പ്രവണത ഇതിന്റെ ഭാഗമാണ്. അതിനെയെല്ലാം സഹിക്കുകയും വിവേകത്തോടെ സമീപിക്കുകയും ചെയ്യുന്ന പാരമ്പര്യം മലപ്പുറത്തിനുണ്ട്. ഈ നാടിനെ നേരിട്ടനുഭവിച്ചവര്‍ക്ക് അറിയാവുന്ന കാര്യമാണത്.

പരസ്പര സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും വലിയ മാതൃകകള്‍ മലപ്പുറം പോലെ മറ്റെവിടെയാണ് നമുക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയുക? ഈ നാടിനെതിരെ പലതരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ ചിലര്‍ നിരന്തരം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഒരിക്കലെങ്കിലും മലപ്പുറത്ത് വന്നിട്ടുള്ള, ഈ ജില്ലയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവര്‍ക്കറിയാം ഇവിടത്തുകാരുടെ സഹവര്‍ത്തിത്വവും സ്‌നേഹവും. എന്റെ ദീര്‍ഘകാലത്തെ പരിചയത്തില്‍ എനിക്കിത് നന്നായറിയാം. മലപ്പുറത്ത് ജോലി ചെയ്ത പല ഉദ്യോഗസ്ഥരും ഈ നാട്ടുകാരെ കുറിച്ചുള്ള മികച്ച അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നത് ഞാന്‍ നേരില്‍ കേട്ടിട്ടുണ്ട്.

രാവും പകലും അധ്വാനിച്ച് പഠിച്ച് ഉന്നതങ്ങളിലെത്തുന്ന വിദ്യാര്‍ഥികളെ അഭിനന്ദിക്കുകയല്ലേ വിവരവും വിവേകവുമുള്ള മനുഷ്യര്‍ ചെയ്യേണ്ടത്? ആ കുട്ടികളെ പോലും അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത് ഖേദകരമാണ്. മലപ്പുറത്ത് നിന്നുള്ള മാതൃകകള്‍ പകര്‍ത്താനാണ് എല്ലാവരും തയ്യാറാകേണ്ടതെന്നും കാന്തപുരം പറഞ്ഞു.

 

---- facebook comment plugin here -----

Latest