Connect with us

From the print

ചേര്‍ത്തുപിടിക്കലിന്റെ സന്ദേശമോതി സ്നേഹസംഗമം

മനുഷ്യന്റെ ആകുലതകളും നാടിന്റെ ആവശ്യങ്ങളും കേട്ടറിഞ്ഞാണ് കേരളയാത്ര കടന്നുപോകുന്നതെന്ന് സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

Published

|

Last Updated

അരീക്കോട് | കേരളയാത്രയുടെ ഭാഗമായി സംഘടിപ്പിച്ച സ്നേഹസംഗമം ആശയ സമ്പന്നമായ അഭിപ്രായങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. മനുഷ്യത്വം മരവിക്കുന്ന കാലത്ത് ചേര്‍ത്തുപിടിക്കലിന്റെ സന്ദേശം നല്‍കുന്നതായിരുന്നു മഞ്ചേരി തുറക്കലില്‍ നടന്ന പൗരപ്രമുഖരുടെ സ്‌നേഹസംഗമം. മനുഷ്യന്റെ ആകുലതകളും നാടിന്റെ ആവശ്യങ്ങളും കേട്ടറിഞ്ഞാണ് കേരളയാത്ര കടന്നുപോകുന്നതെന്ന് സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

മനുഷ്യന്‍ അവന്റെ ചുറ്റുപാടുകളോട് ചേര്‍ന്നുനിന്നാണ് മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കേണ്ടത്. അതാണ് സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നായകനായ കേരളയാത്ര തെളിയിക്കുന്നതെന്ന് സ്‌നേഹവിരുന്നില്‍ സംസാരിച്ചവര്‍ പറഞ്ഞു. തൊഴിലാളികളെ ചേര്‍ത്തുപിടിച്ചാണ് യാത്ര മുന്നോട്ട് പോകുന്നതെന്ന് എസ് ടി യു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം റഹ്മത്തുല്ല പറഞ്ഞു.

യാത്ര അവസാനിക്കുമ്പോള്‍ കേരളത്തിന്റെ നവോ മണ്ഡലങ്ങളില്‍ ചരിത്രം തീര്‍ക്കുമെന്ന് പാണ്ടിക്കാട് പഞ്ചായത്ത് പ്രസിഡന്റ് രോഹില്‍ നാഥ് പറഞ്ഞു. ഖുര്‍ആനിന്റെ ആശയങ്ങളെ അര്‍ഥമാക്കുന്ന തരത്തിലാണ് ഈ യാത്രയെന്ന് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ടി പി അശ്റഫലി പറഞ്ഞു.

മനുഷ്യര്‍ക്കൊപ്പം നില്‍ക്കാന്‍ മനുഷ്യരെവിടെ എന്നാണ് ഇന്ന് ഉയരുന്ന ചോദ്യമെന്ന് അഡ്വ. കേശവനായര്‍ പറഞ്ഞു. ജനങ്ങളെ കുറിച്ച് പറയാന്‍ ആരുമില്ലാത്ത കാലത്താണ് ഈ യാത്രയെന്ന് ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് വി പി ഫിറോസ് പറഞ്ഞു.

മനുഷ്യത്വം എന്ന വൃത്തത്തിനുള്ളില്‍ പാലിക്കേണ്ട മര്യാദകള്‍ മനുഷ്യന്‍ വിട്ടുപോകുന്നുവെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ ഹകീം അസ്ഹരി ചൂണ്ടിക്കാട്ടി. ഏത് പ്രതിസന്ധി ഉണ്ടാകുമ്പോഴും മനുഷ്യരെ ചേര്‍ത്തുപിടിക്കണം. അകന്നുനില്‍ക്കാതെ മനുഷ്യരെ നേരില്‍ക്കണ്ട് സംസാരിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഇന്ന് ഉള്ളൂ. കേരളയാത്ര പറയുന്നത് ഈ ചേര്‍ന്നുനില്‍പ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

മനുഷ്യരുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്ത് അവയുടെ കൂട്ടായ പരിഹാരങ്ങളിലേക്ക് ശ്രദ്ധ കൊണ്ടുവരുന്ന ഈ യാത്ര അഭിനന്ദനമര്‍ഹിക്കുന്നുവെന്ന് മുന്‍ മന്ത്രി ടി കെ ഹംസ പറഞ്ഞു. പരസ്പര ബഹുമാനവും ആദരവും കൈമാറിയാണ് നമ്മുടെ നാട് മാതൃക തീര്‍ത്തത്. അതിന് ശക്തി പകരുന്നതാണ് ഈ പ്രയാണമെന്ന് സി പി എം നേതാവ് അഡ്വ. കെ ഫിറോസ് ബാബു പറഞ്ഞു.

തുല്യതയില്ലാത്ത വിധം വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാന്തപുരം ഉസ്താദും കേരള മുസ്‌ലിം ജമാഅത്തും മനുഷ്യര്‍ക്കൊപ്പം നിന്നാണ് ഈ പ്രമേയമുയര്‍ത്തുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് പി വി അന്‍വര്‍ പറഞ്ഞു.

സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, റഹ്മത്തുല്ല സഖാഫി എളമരം, ഡോ. പ്രഭുദാസ്, വല്ലാഞ്ചിറ മജീദ്, വി പി ഫിറോസ്, സബാഹ് പുല്‍പ്പറ്റ, കൃഷ്ണദാസ് രാജ, അഡ്വ. ഒ കെ തങ്ങള്‍, അഡ്വ. പി പി ബാലകൃഷ്ണന്‍, വല്ലാഞ്ചിറ ഷൗക്കത്തലി, പറാട്ടി കുഞ്ഞാന്‍ തുടങ്ങി നൂറോളം പ്രതിനിധികള്‍ സ്‌നേഹസംഗമത്തില്‍ പങ്കെടുത്തു.

Latest