Connect with us

From the print

മലപ്പുറം ജില്ല പുനഃക്രമീകരിക്കണം: കേരള മുസ്‌ലിം ജമാഅത്ത്

ജില്ലാ വിഭജനം എന്നത് റവന്യു സൗകര്യങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. അല്ലാതെ അത് ഫെഡറല്‍ സംവിധാനത്തിന്റെ ലംഘനമല്ല. മലപ്പുറത്തെ കുറിച്ചുള്ള മതപരമായ മുന്‍വിധികള്‍ തിരുത്തപ്പെടണം.

Published

|

Last Updated

അരീക്കോട് | മലപ്പുറം ജില്ല പുനഃക്രമീകരിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് നേതാക്കള്‍. ഇത് മലപ്പുറം ജില്ലയുടെ മാത്രം പ്രശ്നമല്ലെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ ജില്ലകള്‍ രൂപവത്കരിക്കപ്പെട്ടിട്ട് അഞ്ച് പതിറ്റാണ്ടിലേറെയായി. ഈ കാലയളവിലുണ്ടായ ജനസംഖ്യാപരമായ മാറ്റങ്ങളും സാമൂഹികാവസ്ഥയും പരിഗണിച്ച് കേരളത്തിലെ ചില ജില്ലകളെങ്കിലും പുനഃക്രമീകരിക്കണം.

ജില്ലാ വിഭജനം എന്നത് റവന്യു സൗകര്യങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. അല്ലാതെ അത് ഫെഡറല്‍ സംവിധാനത്തിന്റെ ലംഘനമല്ല. ജില്ലകളെ പുനഃക്രമീകരിക്കുന്നത് മതപരമായ കണ്ണിലൂടെ കാണുന്നത് തെറ്റായ പ്രവണതയാണ്. കേരളത്തിലെ മുഴുവന്‍ ജില്ലകളുടെയും ജനസംഖ്യാപരവും ഭൂമിശാസ്ത്രപരവുമായ അവസ്ഥകള്‍ സൂക്ഷ്മമായി പഠിച്ചുകൊണ്ടുള്ള പുനഃസംഘടനയാണ് വേണ്ടത്.

ഇതിന് അനിവാര്യമായ പൊതുചര്‍ച്ച കേരളത്തില്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. മലപ്പുറത്തെ കുറിച്ചുള്ള മതപരമായ മുന്‍വിധികള്‍ തിരുത്തപ്പെടേണ്ടത് അത്യാവശ്യമാണെന്നും നേതാക്കള്‍ വ്യക്തമാക്കി.
മലയാളം സര്‍വകലാശാലക്ക് സ്ഥലം കണ്ടെത്തിയെങ്കിലും ഇതുവരെ അവിടേക്ക് മാറിയിട്ടില്ല. തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളജിന്റെ സ്ഥലത്ത് താത്കാലികമായി നിര്‍മിച്ച കെട്ടിടത്തിലാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ഉടന്‍ ഏറ്റെടുത്ത സ്ഥലത്തേക്ക് മാറ്റി കൂടുതല്‍ പഠന, ഗവേഷണ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം.

പെരിന്തല്‍മണ്ണയിലെ അലിഗഢ് മുസ്‌ലിം യൂനിവേഴ്സിറ്റി ഓഫ് ക്യാമ്പസ് സെന്ററിന് ആവശ്യമായ ഫണ്ട് അനുവദിച്ച് അതിനെ സമ്പൂര്‍ണ സര്‍വകലാശാലാ ക്യാമ്പസാക്കി വികസിപ്പിക്കണം.

വിദ്യാഭ്യാസ രംഗത്തെ പ്രാദേശികമായ അസമത്വം മാറണം. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി വര്‍ഷംതോറും ആവര്‍ത്തിക്കുകയാണ്. ഉയര്‍ന്ന മാര്‍ക്കോടെ എസ് എസ് എല്‍ സി പരീക്ഷ പാസ്സാകുന്ന വിദ്യാര്‍ഥികള്‍ക്ക് പോലും ആഗ്രഹിക്കുന്ന സ്‌കൂളുകളില്‍ സീറ്റ് ലഭ്യമാകുന്നില്ല. ഇതിന്റെ അടിസ്ഥാനപരമായ കാരണങ്ങള്‍ അന്വേഷിച്ച് ശാശ്വത പരിഹാരമാണ് വേണ്ടത്.

കേവലം സീറ്റ് പ്രതിസന്ധി മാത്രമല്ല മലബാര്‍ മേഖലയിലുള്ളത്. സ്‌കൂളുകളുടെ എണ്ണത്തിലെ ആനുപാതികമായ കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കൂടി പരിഹാരം കണ്ടാല്‍ മാത്രമേ വിദ്യാഭ്യാസ മേഖലയിലെ പ്രാദേശിക അസമത്വം പരിഹരിക്കാനാകൂ.

പൊന്നാനി മുതല്‍ കടലുണ്ടി വരെയുള്ള തീരദേശ മേഖല വികസനത്തില്‍ ഏറെ പിന്നിലാണ്. കടലാക്രമണ ഭീഷണി നേരിടാന്‍ ശാശ്വത പരിഹാരവും മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പാക്കേജും അനുവദിക്കണം. കിഴക്കന്‍ മലയോര പ്രദേശങ്ങളിലെ വന്യജീവി ശല്യം തടയുന്നതിന് ഫലപ്രദമായ നടപടികള്‍ എടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

ജില്ലാ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജായി ഉയര്‍ത്തി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അടിസ്ഥാന സൗകര്യങ്ങളോ മതിയായ ജീവനക്കാരോ ഇല്ലാത്ത അവസ്ഥയാണ് മഞ്ചേരി മെഡിക്കല്‍ കോളജിന്റേത്. ഇവിടുത്തെ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെയും നഴ്സിംഗ് സ്റ്റാഫുകളുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും രൂക്ഷമായ ക്ഷാമം ഉടന്‍ പരിഹരിക്കണം.

ആധുനിക ചികിത്സാ ഉപകരണങ്ങളുടെയും ലാബ് സൗകര്യങ്ങളുടെയും കുറവ് നികത്തണം. രോഗികളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞുവിടുന്ന വെറുമൊരു ‘റഫറല്‍ കേന്ദ്ര’മായി മഞ്ചേരി മെഡിക്കല്‍ കോളജിനെ മാറ്റരുത്. സാധാരണക്കാര്‍ക്ക് ആശ്രയിക്കാവുന്ന ഉന്നത ചികിത്സാ കേന്ദ്രമാക്കി ഉയര്‍ത്തണമെന്നും നേതാക്കള്‍ പറഞ്ഞു.

ജില്ലയിലെയും അയല്‍ ജില്ലകളിലെയും അര്‍ബുദ രോഗികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതായിരുന്നു തിരൂര്‍ ജില്ലാ ആശുപത്രിയോട് ചേര്‍ന്ന് ഒമ്പത് നിലകളിലായി നിര്‍മിച്ച അര്‍ബുദ രോഗ ചികിത്സാ കേന്ദ്രം. ഇത് ഉദ്ഘാടനം ചെയ്‌തെങ്കിലും അര്‍ബുദ ചികിത്സക്കായി സജ്ജമായിട്ടില്ല. നിലവില്‍ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബുദ വിഭാഗം പോലും പൂര്‍ണമായും പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിട്ടില്ല.

ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കേണ്ട മറ്റു ചികിത്സാ വിഭാഗങ്ങള്‍ നിലവില്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുമുണ്ട്. അര്‍ബുദ ചികിത്സാ കേന്ദ്രമായി പണികഴിപ്പിച്ച കെട്ടിടത്തില്‍ പൂര്‍ണമായും അര്‍ബുദ ചികിത്സാ സംവിധാനങ്ങളൊരുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

വാര്‍ത്താസമ്മേളനത്തില്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, അബൂ ഹനീഫല്‍ ഫൈസി തെന്നല, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി സംബന്ധിച്ചു.

 

---- facebook comment plugin here -----

Latest