Connect with us

Eduline

രാജ്യത്തെ 58 എൻജിനീയറിംഗ് കോളജുകൾ അടച്ചുപൂട്ടി

ഏറ്റവും കൂടുതൽ കോളജുകൾ പൂട്ടിയത് യു പിയിലും മഹാരാഷ്ട്രയിലും

Published

|

Last Updated

രാജ്യത്തുടനീളമുള്ള 58 എൻജിനീയറിംഗ് സാങ്കേതിക കോളജുകൾ അടച്ചു പൂട്ടി ഉത്തരവിറക്കി അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എ ഐ സി ടി ഇ). “പ്രോഗ്രസീവ് ക്ലോഷർ’ നൽകിയിരിക്കുന്ന ഈ കോളജുകൾക്ക് ഈ അധ്യയന വർഷം മുതൽ പുതിയ വിദ്യാർഥികൾക്ക് പ്രവേശനം നൽകാനാകില്ല. എന്നാൽ, നിലവിൽ ഈ കോളജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്ക് കോഴ്സ് പൂർത്തിയാക്കാൻ സമയം നൽകും. അവർക്ക് പഠനം തുടർന്ന് ബിരുദം നേടാൻ സാധിക്കുമെന്ന് എ ഐ സി ടി ഇ അറിയിച്ചു.

ഏറ്റവും കൂടുതൽ കോളജുകൾ പൂട്ടിയത് ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലുമാണ്. ഇരു സംസ്ഥാനങ്ങളിലും 12 വീതം കോളജുകളാണ് പൂട്ടിയത്. മധ്യപ്രദേശ് (എട്ട്), പഞ്ചാബ് (നാല്), തെലങ്കാന (നാല്) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. ആന്ധ്രപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ മൂന്ന് വീതവും ഗുജറാത്ത്, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ രണ്ട് വീതവും കോളജുകൾ പൂട്ടി.

ഹരിയാന, ഒഡിഷ, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ഓരോ കോളജ് വീതവും അടച്ചുപൂട്ടിയിട്ടുണ്ട്. പൂട്ടിയ 58 കോളജുകളിൽ മൂന്നെണ്ണം സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്നവയാണ്. ബാക്കിയുള്ളവ സ്വകാര്യ മാനേജ്‌മെന്റുകൾക്ക് കീഴിലുള്ളവയാണ്. കൂടാതെ രാജ്യത്തുടനീളമുള്ള കോളജുകൾ വാഗ്ദാനം ചെയ്തിരുന്ന 950ലധികം എൻജിനീയറിംഗ്, സാങ്കേതിക കോഴ്‌സുകളും നിർത്തലാക്കി.

കുറഞ്ഞ വിദ്യാർഥികളുടെ പ്രവേശനം, യോഗ്യതയുള്ള അധ്യാപകരുടെ കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, കൗൺസിലിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വരുത്തിയ വീഴ്ച തുടങ്ങിയ വിവിധ കാരണങ്ങളാലാണ് ഈ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ തീരുമാനിച്ചത്.

എൻജിനീയറിംഗ്, ആർക്കിടെക്ചർ, മാനേജ്മെന്റ്, ഫാർമസി തുടങ്ങിയ സാങ്കേതിക വിദ്യാഭ്യാസ മേഖലകളിൽ ഗുണനിലവാരം ഉറപ്പുവരുത്താൻ എ ഐ സി ടി ഇ ഇത്തരത്തിൽ കർശന നടപടികൾ സ്വീകരിക്കാറുണ്ട്.

Content Highlights:
The All India Council for Technical Education has ordered the progressive closure of 58 engineering colleges across India. Uttar Pradesh and Maharashtra recorded the highest number of closures with 12 colleges each. Over 950 technical courses have been discontinued due to low enrollment and lack of infrastructure.

Latest