Connect with us

Eduline

ഫാർമസിസ്റ്റ്: പൊതുപരീക്ഷ നടത്താൻ തീരുമാനം

ഫാർമസി ഡിപ്ലോമ, ബിരുദ കോഴ്‌സുകളുടെ അവസാന വർഷ വിദ്യാർഥികൾക്കാണ് നാഷനൽ ഫാർമസി എക്‌സിറ്റ് ടെസ്റ്റ് നടത്തുക.

Published

|

Last Updated

ഫാർമസിസ്റ്റായി ജോലിചെയ്യുന്നതിനും കേന്ദ്ര-സംസ്ഥാന ഫാർമസി ലൈസൻസ് ലഭിക്കുന്നതിനും പൊതുപരീക്ഷ നടത്താനൊരുങ്ങി ആരോഗ്യമന്ത്രാലയം. നിലവിലുള്ള ദേശീയ ഫാർമസി കൗൺസിലിന് പകരം ഫാർമസി കമ്മീഷൻ സ്ഥാപിക്കാനുള്ള ബില്ലിന്റെ പുതുക്കിയ കരടു രൂപത്തിലാണ് നിർദേശമുള്ളത്. ഫാർമസി ഡിപ്ലോമ, ബിരുദ കോഴ്‌സുകളുടെ അവസാന വർഷ വിദ്യാർഥികൾക്കാണ് നാഷനൽ ഫാർമസി എക്‌സിറ്റ് ടെസ്റ്റ് നടത്തുക.

ബിരുദാനന്തര ബിരുദ പഠനത്തിനും ഈ പരീക്ഷയുടെ മാർക്കാകും പരിഗണിക്കുക. വിദേശത്ത് ഫാർമസി കോഴ്‌സുകൾ പഠിച്ചശേഷം ഇന്ത്യയിൽ പ്രാക്റ്റീസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും പരീക്ഷ ബാധകമാകും. ഫാർമസി അഖിലേന്ത്യാ ക്വാട്ട പ്രവേശനത്തിന് കമ്മീഷന്റെ നിയന്ത്രണത്തിലുള്ള പ്രത്യേക ക്വാട്ട സംവിധാനം നടപ്പാക്കും. സംസ്ഥാന സർക്കാറിനാകും സംസ്ഥാനതല പ്രവേശനങ്ങളുടെ ചുമതല. കമ്മീഷൻ രൂപവത്കരിച്ച് അഞ്ച് വർഷത്തിനുള്ളിൽ നാഷനൽ ഫാർമസി എക്‌സിറ്റ് ടെസ്റ്റിന്റെ നടപടികൾ പൂർത്തിയാക്കും.

15 അംഗങ്ങളുള്ള ഫാ ർമസി കമ്മീഷനിൽ മോഡേൺ മെഡിസിൻ, ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ-ഹോമിയോപ്പതി എന്നിവക്കുള്ള രണ്ട് ബോർഡുകൾ, ഫാർമസി അസ്സസ്മെന്റ് ആൻഡ് റേറ്റിംഗ് ബോർഡ്, ഫാർമസി എത്തിക്സ് ആൻഡ് രജിസ്‌ട്രേഷൻ ബോർഡ് എന്നിങ്ങനെ നാല് വിഭാഗങ്ങളുണ്ടാകും. ഫാർമസി പഠനവുമായി ബന്ധപ്പെട്ട കോളജുകൾ സ്ഥാപിക്കുക, കോഴ്‌സുകൾ ആരംഭിക്കുക, സീറ്റ് നിർണയം തുടങ്ങിയവയിൽ അന്തിമ തീരുമാനം ഫാർമസി കമ്മീഷനാകും.

കമ്മീഷന്റെ ചെലവുകൾക്കായി “നാഷനൽ ഫാർമസി കമ്മീഷൻ ഫണ്ട്’ രൂപവത്കരിക്കും. പാഠ്യപദ്ധതിയുൾപ്പെടെയുള്ള വിഷയങ്ങളിൽ അഭിപ്രായം തേടാൻ ആരോഗ്യ-ആയുഷ് മന്ത്രാലയങ്ങളിലെ പ്രതിനിധികൾ, ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ തുടങ്ങിയവരെ ഉൾപ്പെടുത്തി ഫാർമസി ഉപദേശക സമിതിയുണ്ടാക്കും. ബില്ലിന്റെ കരട് രൂപം സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ ഈ മാസം 31 വരെ mohfw@gov.inൽ അറിയിക്കാം.

Content Highlights:
The Health Ministry plans to introduce a National Pharmacy Exit Test for final-year diploma and degree students to obtain a practicing license. The proposed Pharmacy Commission will replace the Pharmacy Council and manage seats, courses, and registrations. Feedback on the draft bill can be submitted until July 31.

Latest