Connect with us

From the print

മനുഷ്യര്‍ക്കൊപ്പം കിഴക്കന്‍ ഏറനാട്

മലപ്പുറം ജില്ലയിലെ കിഴക്കന്‍ ഏറനാടിന്റെ രണഭൂമികയില്‍ തങ്ങളുടെ പ്രിയപ്പെട്ട നേതാക്കള്‍ക്ക് സ്നേഹവായ്പുകള്‍ വാരിവിതറിയാണ് ആദര്‍ശ മക്കള്‍ ആഗതമരുളിയത്.

Published

|

Last Updated

കേരളയാത്രക്ക് അരീക്കോട്ട് നല്‍കിയ സ്വീകരണത്തില്‍ ജാഥാ നായകന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഉപനായകരായ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ സദസ്സിനെ അഭിവാദ്യം ചെയ്യുന്നു

അരീക്കോട് | മലയാള മണ്ണിന്റെ മനസ്സകം തൊട്ടുണര്‍ത്തി കടന്നുവന്ന കേരളയാത്രക്ക് ധീര ദേശാഭിമാനികളുടെ ഇതിഹാസ ഭൂമിയിലേക്ക് രാജകീയ വരവേല്‍പ്പാണ് ലഭിച്ചത്. മലപ്പുറം ജില്ലയിലെ കിഴക്കന്‍ ഏറനാടിന്റെ രണഭൂമികയില്‍ തങ്ങളുടെ പ്രിയപ്പെട്ട നേതാക്കള്‍ക്ക് സ്നേഹവായ്പുകള്‍ വാരിവിതറിയാണ് ആദര്‍ശ മക്കള്‍ ആഗതമരുളിയത്. നീലഗിരിയിലെ സ്വീകരണ സമ്മേളനം കഴിഞ്ഞ് ചൊവ്വാഴ്ച രാത്രി തന്നെ ജാഥ ജില്ലയിലെത്തിയിരുന്നു.

ഇന്നലെ രാവിലെ ഒമ്പതിന് എടക്കരയില്‍ ജില്ലാ നേതൃത്വം സ്നേഹ ജാഥയെ സ്വീകരിച്ചു. തുടര്‍ന്ന് നേതാക്കളും പ്രവര്‍ത്തകരുമടങ്ങുന്ന വന്‍ ജനാവലിയാണ് യാത്രയെ അനുഗമിച്ചത്. കരിമ്പുഴ പാലത്തിന് സമീപം ആര്യാടന്‍ ഷൗക്കത്ത് എം എല്‍ എ യാത്രാ നായകരായ സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരിയെയും പേരോട് അബ്ദുര്‍റഹ്മാന്‍ സഖഫിയെയും ഷാളണിയിച്ച് സ്വീകരിച്ചു. യാത്രകടന്നുവരുന്നതിന്റെ എത്രയോ സമയം മുമ്പ് തന്നെ എ എല്‍ എ യാത്ര സ്വീകരിക്കാന്‍ എത്തിയിരുന്നു. മനുഷ്യര്‍ക്കൊപ്പം എന്ന മുദ്രാവാക്യമുയര്‍ത്തി ഒരു യാത്ര നടത്താന്‍ കാന്തപുരം ഉസ്താദിന് മാത്രമേ സാധിക്കുകയുള്ളൂ എന്ന് ആര്യാടന്‍ ഷൗക്കത്ത് എം എല്‍ എ പറഞ്ഞു.

വഴിക്കടവില്‍ നിന്ന് മഞ്ചേരിയിലെത്തിയ യാത്രാ സംഘം അവിടെ നടന്ന സ്നേഹ സംഗമവും മലപ്പുറം വാദി സലാമിലെ വാര്‍ത്താസമ്മേളനവും കഴിഞ്ഞ് മഅ്ദിനില്‍ നിന്ന് ഉച്ചഭക്ഷണത്തിന് ശേഷമാണ് അരീക്കോട്ടേക്ക് നീങ്ങിയത്.

കേരളയാത്രയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ ടൗണുകളിലും റോഡരികിലുമായി പ്രായംചെന്നവരും യുവാക്കളും കുട്ടികളുമടക്കം പതാകകളും പൂക്കളുമേന്തി കാത്തുനില്‍ക്കുന്ന കാഴ്ചയായിരുന്നു എങ്ങും.

 

Latest