From the print
ഇതാ, ഏറനാടൻ മനുഷ്യസാഗരം
ഇന്ന് തിരൂരിൽ സ്വീകരണം.
അരീക്കോട് | ഏറനാടിന്റെ സാമ്രാജ്യത്വവിരുദ്ധ സമരവീര്യമുറങ്ങുന്ന ചരിത്രഭൂമിയില്‍ മനുഷ്യസാഗരം തീര്‍ത്ത് സുന്നി ആദര്‍ശ പടയാളികള്‍. മനുഷ്യത്വത്തിന്റെ സന്ദേശമുയര്‍ത്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കേരളയാത്രക്ക് അരീക്കോടിന്റെ മണ്ണില്‍ വീരോചിത സ്വീകരണം. നാടിന്റെ നാനാഭാഗത്ത് നിന്നെത്തിയ ആയിരക്കണക്കിന് സുന്നി പ്രവര്‍ത്തകര്‍ നഗരത്തിന്റെ മണ്ണും മനസ്സും കീഴടക്കി. ഇതുവരെ കണ്ടിട്ടില്ലാത്ത വന്‍ ജനസഞ്ചയത്തിനാണ് നഗരം സാക്ഷിയായത്. സമ്മേളന നഗരിയായ ബാപ്പു സാഹിബ് മെമ്മോറിയല്‍ പഞ്ചായത്ത് സ്റ്റേഡിയവും പരിസരവും വൈകിട്ടോടെ തന്നെ ജനനിബിഡമായി. പുത്തലം ജംഗ്ഷനില്‍ നിന്നാരംഭിച്ച റാലി സ്വീകരണ സമ്മേളന നഗരിയില്‍ എത്തിയിട്ടും സെന്റിനറി ഗാര്‍ഡിന്റെ പരേഡ് നഗരിയില്‍ എത്തിയിരുന്നില്ല.
കേരളയാത്രയെ ഏഴാം ദിവസം ജില്ലാ അതിര്‍ത്തിയായ വഴിക്കടവില്‍ സുന്നീ നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും സ്വീകരിച്ചു. നിലമ്പൂര്‍ എം എല്‍ എ ആര്യാടന്‍ ഷൗക്കത്തും സ്വീകരിക്കാനെത്തി.
മലപ്പുറത്തേക്കുള്ള യാത്രയില്‍ വഴിയോരങ്ങളില്‍ അഭിവാദ്യം ചെയ്ത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ അണിനിരന്നു. മഞ്ചേരിയില്‍ സ്‌നേഹസംഗമവും നടന്നു. തുടര്‍ന്ന് അരീക്കോട് നഗരത്തില്‍ റാലിയും സെന്റിനറി ഗാര്‍ഡ് പരേഡും നടന്നു. മീരാന്‍ മുസ്‌ലിയാര്‍ നഗരിയില്‍ നടന്ന സ്വീകരണ സമ്മേളനത്തിലേക്ക് വന്‍ ജനസഞ്ചയം ഒഴുകിയെത്തി.
സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഫലസ്തീന്‍ അംബാസിഡര്‍ അബ്ദുല്ല മുഹമ്മദ് അബൂഷാവിസ് ഉദ്ഘാടനം ചെയ്തു. യാത്രാ ഉപനായകരായ സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രസംഗിച്ചു.
സി മുഹമ്മദ് ഫൈസി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി പ്രമേയ പ്രഭാഷണം നടത്തി. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, ആര്യാടന്‍ ഷൗക്കത്ത് എം എല്‍ എ, എ വിജയരാഘവന്‍, ഫാദര്‍ തോമസ് കുര്യന്‍ താഴയില്‍ കോര്‍ എപ്പിസ്‌കോപ്പ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി എ ജബ്ബാര്‍ ഹാജി, വി എസ് ജോയ്, അഡ്വ. സഫീര്‍, വി ആര്‍ അനൂപ് സംബന്ധിച്ചു. വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍ സ്വാഗതവും മുനവ്വര്‍ നന്ദിയും പറഞ്ഞു. കേരളയാത്രക്ക് ഇന്ന് തിരൂരില്‍ സ്വീകരണം നല്‍കും.


