From the print
സ്ഥാനാര്‍ഥിപ്പട്ടിക കൈയടക്കി "ജെന്‍സി': മുതിര്‍ന്നവര്‍ക്ക് മുറുമുറുപ്പ്
അധികാര രാഷ്ട്രീയത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക്് ഇളവ് ലഭിക്കുന്നുണ്ടെങ്കിലും രണ്ടാംകിട നേതാക്കളെ അവഗണിക്കുന്നുവെന്നാണ് വിമര്‍ശം.
മലപ്പുറം | സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ “ജെന്‍സി’ തലമുറമാറ്റം ശ്രദ്ധേയമാകുന്നു. എന്നാല്‍, ഈ മാറ്റം രണ്ടാംകിട നേതാക്കളില്‍ മുറുമുറുപ്പിന് ഇടയാക്കിയിരിക്കുകയാണ്. യുവത്വത്തെ പരിഗണിച്ചും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയുമുള്ള സ്ഥാനാര്‍ഥി നിര്‍ണയമാണ് ഇവരെ കുഴക്കുന്നത്. അധികാര രാഷ്ട്രീയത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക്് ഇളവ് ലഭിക്കുന്നുണ്ടെങ്കിലും രണ്ടാംകിട നേതാക്കളെ അവഗണിക്കുന്നുവെന്നാണ് വിമര്‍ശം. കോണ്‍ഗ്രസ്സ് അടക്കമുള്ള പാര്‍ട്ടികള്‍ യുവാക്കളെ കൂടുതല്‍ പരിഗണിച്ചപ്പോള്‍ മുതിര്‍ന്നവര്‍ക്ക് അവസരം നഷ്ടമായതാണ് വിമര്‍ശത്തിനിടയാക്കുന്നത്.
തിരഞ്ഞെടുപ്പുകളില്‍ പുതുമുഖങ്ങളെ കാലോചിതമായി പരിഗണിച്ചിരുന്ന ശൈലി മാറി ഈ തിരഞ്ഞെടുപ്പില്‍ നല്ലൊരു ശതമാനം സീറ്റുകളിലും യുവജന- വിദ്യാര്‍ഥി നേതാക്കളാണ് കയറിക്കൂടിയത്. ഇതിനിടയിൽ ദീർഘകാലം രാഷ്ട്രീയക്കുപ്പായമിട്ട് നടന്നവര്‍ പെട്ടന്ന് വനവാസത്തിന് പോകേണ്ടിവരുമെന്നതാണ് മുതിർന്നവരെ പ്രതിസന്ധിയിലാക്കുന്നത്.
മുസ്‌ലിം ലീഗാണ് മൂന്ന് തവണ വ്യവസ്ഥ എന്ന് പറഞ്ഞ് തദ്ദേശ സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് പ്രവശ്യം മത്സരിച്ചവരെ മാറ്റിനിര്‍ത്തി യുവാക്കളെ പരിഗണിക്കാന്‍ തുടങ്ങിയത്. സി പി എമ്മും കോണ്‍ഗ്രസ്സും ഈ മാറ്റം ഉള്‍ക്കൊണ്ടു. ഇതോടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കൂടുതല്‍ യുവാക്കള്‍ കയറിക്കൂടി. വിദ്യാര്‍ഥി നേതാക്കളും യഥേഷ്ടം സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംപിടിച്ചു.
ഒട്ടും പ്രതീക്ഷിക്കാതെ പലരും സ്ഥാനാര്‍ഥികളായി. മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കുള്ള യു ഡി എഫ്, എല്‍ ഡി എഫ് സ്ഥാനാര്‍ഥിപ്പട്ടിക നോക്കിയാല്‍ ഈ തലമുറ മാറ്റം കുടുതല്‍ വ്യക്തമാകും. കോണ്‍ഗ്രസ്സിന്റെ പത്ത് സ്ഥാനാര്‍ഥികളില്‍ ഏഴും പുതുമുഖങ്ങളാണ്. ഇതില്‍ 22കാരി ഉള്‍പ്പെടെ പകുതിയും യുവാക്കളാണ്. മുസ്‌ലിം ലീഗ് പട്ടികയില്‍ 23ല്‍ 19 പേരും പുതുമുഖങ്ങളാണ്. ഇതില്‍ പകുതിയും യൂത്ത് ലീഗ്, എം എസ് എഫ് നേതാക്കളാണ്. എല്‍ ഡി എഫില്‍ പത്ത് പേരും യുവജന- വിദ്യാര്‍ഥി സംഘടനാ നേതാക്കളാണ്.
മുതിര്‍ന്ന നേതാക്കള്‍ പുറത്തായതോടെ പാര്‍ട്ടികള്‍ക്കകത്ത് വിമര്‍ശമുയര്‍ന്നിരിക്കുകയാണ്. ഇതോടെ മുസ്‌ലിം ലീഗ് മാറ്റം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്. മൂന്ന് തവണ വ്യവസ്ഥയില്‍ ഇളവാകാമെന്നാണ് ലീഗിന്റെ ഇപ്പോഴത്തെ നിലപാട്. സ്വാദിഖലി ശിഹാബ് തങ്ങള്‍ ഇത് വ്യക്തമാക്കുകയും ചെയ്തു. വളരെ നേരത്തേ തിരഞ്ഞെടുപ്പ് രംഗത്തുവന്ന് മൂന്ന് തവണ പൂര്‍ത്തിയാക്കി മാറിനില്‍ക്കുന്ന ജനകീയരായ ഒരുപാട് ചെറുപ്പക്കാര്‍ പാര്‍ട്ടിയിലുണ്ടെന്നും അവരെ കൂടി പരിഗണിച്ച് മുന്നോട്ടുപോകുമെന്നും സ്വാദിഖലി തങ്ങള്‍ പറഞ്ഞിരുന്നു.
അതിനിടെ, അതിരുകടന്ന പുതുമുഖ പരീക്ഷണം ഭരണത്തെ പ്രതിസന്ധിയിലാക്കുമെന്ന വിമര്‍ശവും ഉയര്‍ന്നിട്ടുണ്ട്. പരിചയസമ്പന്നർ ഭരണരംഗത്തില്ലാതെ പോകുന്നത് തദ്ദേശ ഭരണം തകിടംമറിയുമെന്ന ആശങ്കയാണ് ഇവരുയർത്തുന്നത്.
അതേസമയം, ഈ മാറ്റം നല്ലൊരു മാതൃകയാണെന്ന് വിലയിരുത്തലുണ്ട്. രാഷ്ട്രീയം തൊഴിലായി സ്വീകരിക്കുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പാണിത്. രാഷ്ടീയം തൊഴിലായി മാറുന്നതോടെ അധികാര രാഷ്ട്രീയത്തിന്റെ പിന്നാലെ പോകും. ഇത് ജനപ്രതിനിധികളിലെ സാമൂഹിക പ്രതിബദ്ധതയില്ലാതാക്കും. അതിന് പരിഹരമുണ്ടാക്കാൻ കൂടി തലമുറമാറ്റത്തിന് സാധിക്കുമെന്നാണ് അഭിപ്രായം.





