local body election 2025
സംസ്ഥാനത്ത് 23,576 വാര്‍ഡുകളിലേക്കായി 1,08,580 പേര്‍ പത്രിക നല്‍കി
പത്രിക സമര്‍പ്പിച്ചവരില്‍ 51,352 പുരുഷന്മാരും 57,227 വനിതകളും ഒരു ട്രാന്‍സ്ജെന്‍ഡറുമാണുള്ളത്.
തിരുവനന്തപുരം | തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി കഴിഞ്ഞപ്പോള്‍ 1,08,580 സ്ഥാനാര്‍ഥികളാണു പത്രിക സമര്‍പ്പിച്ചത്. 23,576 വാര്‍ഡുകളിലേക്കായാണ് ഡമ്മി സ്ഥാനാര്‍ഥികള്‍ അടക്കം ഇത്രയും പേര്‍ പത്രിക സമര്‍പ്പിച്ചത്.
പത്രിക സമര്‍പ്പിച്ചവരില്‍ 51,352 പുരുഷന്മാരും 57,227 വനിതകളും ഒരു ട്രാന്‍സ്ജെന്‍ഡറുമാണുള്ളത്. അന്തിമ കണക്കില്‍ ചെറിയ വ്യത്യാസം വന്നേക്കാം. പത്രിക സമര്‍പ്പണത്തിനുള്ള അവസാന ദിവസമായ വെള്ളിയാഴ്ച 45,652 പേരാണ് പത്രിക നല്‍കിയത്. ഇതില്‍ 22,725 പുരുഷന്മാരും 22,927 വനിതകളും ഉള്‍പ്പെടുന്നു.
നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന ശനിയാഴ്ച നടക്കും. ഒരു സ്ഥാനാര്‍ഥിയോ സ്ഥാനാര്‍ഥിക്കു വേണ്ടിയോ ഒന്നിലധികം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അവയെല്ലാം ഒരുമിച്ചെടുത്തായിരിക്കും സൂക്ഷ്മപരിശോധന ചെയ്യുക. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്വീകരിക്കപ്പെട്ട പത്രികകള്‍ സമര്‍പ്പിച്ച സ്ഥാനാര്‍ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 24 ആണ്. അന്ന് അന്തിമ സ്ഥാനാര്‍ഥി പട്ടികയാകും.


