local body election 2025
ആദ്യ വിജയം എല്‍ ഡി എഫിന്; എം വി ഗോവിന്ദന്റെ മൊറാഴ അടക്കം കണ്ണൂരില്‍ നാലിടത്ത് എല്‍ ഡി എഫിന് എതിരില്ല
ആന്തൂര്‍ നഗരസഭയിലെ മോഴാറ വാര്‍ഡില്‍ മത്സരിക്കുന്ന കെ രജിത, പൊടിക്കുണ്ട് വാര്‍ഡിലെ കെ പ്രേമരാജന്‍, മലപ്പട്ടം പഞ്ചായത്തിലെ അടുവാപ്പുറം നോര്‍ത്തില്‍ മത്സരിക്കുന്ന ഐ വി ഒതേനന്‍ എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്
കണ്ണൂര്‍ | തദ്ദേശ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ ആദ്യ വിജയം ഇടതു മുന്നണിക്ക്. കണ്ണൂരില്‍ നാലിടത്ത് എല്‍ ഡി എഫിന് എതിര്‍ സ്ഥാനാര്‍ഥികളില്ല.
ആന്തൂര്‍ നഗരസഭയില്‍ രണ്ടിടത്തും മലപ്പട്ടം ഗ്രാമപഞ്ചായത്തില്‍ രണ്ടിടത്തുമാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ക്ക് എതിര്‍ സ്ഥാനാര്‍ഥികളില്ലാത്തത്. എതിരില്ലാത്തവരെല്ലാം സി പി എം സ്ഥാനാര്‍ഥികളാണ്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വാര്‍ഡാണ് സി പി എമ്മിന് എതിര്‍ സ്ഥാനാര്‍ഥിയില്ലാത്ത മൊറാഴ.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായ ഇന്ന് നാലിടങ്ങളിലും മറ്റ് പത്രികകളൊന്നും ലഭിക്കാതിരുന്നതോടെ എല്‍ ഡി എഫ് അവരുടെ സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പിച്ച് രംഗത്തെത്തി. ആന്തൂര്‍ നഗരസഭയിലെ മോഴാറ വാര്‍ഡില്‍ മത്സരിക്കുന്ന കെ രജിത, പൊടിക്കുണ്ട് വാര്‍ഡിലെ കെ പ്രേമരാജന്‍, മലപ്പട്ടം പഞ്ചായത്തിലെ അടുവാപ്പുറം നോര്‍ത്തില്‍ മത്സരിക്കുന്ന ഐ വി ഒതേനന്‍ എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. അടുവാപ്പുറം സൗത്തില്‍ മത്സരിക്കുന്ന സി കെ ശ്രേയ എന്നിവര്‍ക്കാണ് എതിര്‍ സ്ഥാനാര്‍ഥികളില്ലാത്തത്.


