National
ഡല്‍ഹി സ്‌ഫോടനം: ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിച്ച ഫ്‌ളോര്‍ മില്ലും ഗ്രൈന്‍ഡറും കണ്ടെടുത്തു
സ്‌ഫോടന സംഭവത്തിലെ പ്രതി ഡോ. മുസമ്മില്‍ ഷക്കീല്‍ ഗാനിയുടെ സുഹൃത്തായ ടാക്‌സി കാര്‍ ഡ്രൈവറുടെ ഫരീദാബാദിലുള്ള വീട്ടില്‍ നിന്നാണ് ഇവ കണ്ടെടുത്തത്.
ന്യൂഡല്‍ഹി | ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട ബോംബുകള്‍ നിര്‍മ്മിക്കുന്നതിനായി ഉപയോഗിച്ച ഫ്‌ളോര്‍ മില്ലും ഗ്രൈന്‍ഡറും ഇലക്ട്രോണിക് മെഷീനുകളും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) കണ്ടെടുത്തു. ഇവ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. സ്‌ഫോടന സംഭവത്തിലെ പ്രതി ഡോ. മുസമ്മില്‍ ഷക്കീല്‍ ഗാനിയുടെ സുഹൃത്തായ ടാക്‌സി കാര്‍ ഡ്രൈവറുടെ ഫരീദാബാദിലുള്ള വീട്ടില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. ഇയാളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഫരീദാബാദിലെ തന്റെ വാടക വീട്ടില്‍ വച്ച് മുസമ്മില്‍ ഉപയോഗിച്ചിരുന്നതാണ് ഫ്‌ളോര്‍ മില്‍ എന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. നേരത്തെ ഇവിടെ നിന്ന് 360 കിലോഗ്രാം അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള രാസ-സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. യൂറിയ പൊടിക്കുന്നതിനും രാസവസ്തുക്കളും സ്‌ഫോടകവസ്തുക്കളും നിര്‍മ്മിക്കുന്നതിനുമാണ് ഫ്‌ളോര്‍ മില്‍ ഉപയോഗിച്ചിരുന്നത്.
നവംബര്‍ പത്തിന് ഡല്‍ഹി ചെങ്കോട്ടക്ക് സമീപത്തുണ്ടായ സ്‌ഫോടനത്തില്‍ നിര്‍ണായക പങ്കുണ്ടെന്ന് കണ്ടെത്തി മുസമ്മിലിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.


