Kerala
മൂന്നാം ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍
പത്തനംതിട്ട ജില്ലാ കോടതിയാണ് 14 ദിവസത്തേക്ക് രാഹുലിനെ റിമാന്‍ഡ് ചെയ്തത്.
പത്തനംതിട്ട | മൂന്നാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ റിമാന്‍ഡില്‍. പത്തനംതിട്ട ജില്ലാ കോടതിയാണ് 14 ദിവസത്തേക്ക് രാഹുലിനെ റിമാന്‍ഡ് ചെയ്തത്.
കേസില്‍ ഇന്നലെ അര്‍ധരാത്രിയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി നടപടി സ്വീകരിച്ചത്. ഡി വൈ എഫ് ഐയുടെയും യുവമോര്‍ച്ചയുടെയും പ്രതിഷേധങ്ങള്‍ക്കിടയിലൂടെയാണ് രാഹുലിനെ മാവേലിക്കര പ്രത്യേക ജയിലിലെത്തിച്ചത്. ജയിലിനു മുന്നിലെത്തിയും ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തി.
ഇന്നലെ രാത്രി 12.30ഓടെ പാലക്കാട്ടെ ഹോട്ടലില്‍ നിന്നാണ് രാഹുലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇ-മെയില്‍ വഴി ലഭിച്ച പുതിയ ബലാത്സംഗ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പത്തനംതിട്ട എ ആര്‍ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിനു ശേഷം രാഹുലിനെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
രാഹുലിനെതിരെ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഗര്‍ഭച്ഛിദ്രത്തിന് രാഹുല്‍ നിര്‍ബന്ധിച്ചുവെന്നും ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നുമാണ് കേസ്. പാലക്കാട് ഫ്‌ളാറ്റ് വാങ്ങിത്തരണമെന്ന് രാഹുല്‍ തന്നോട് നിര്‍ബന്ധിച്ചുവെന്നും സാമ്പത്തിക ചൂഷണം നടത്തിയെന്നും പരാതിയില്‍ പറയുന്നു. പത്തനംതിട്ട സ്വദേശിനിയാണ് പരാതിക്കാരിയെന്നാണ് സൂചന.





