Connect with us

Ongoing News

വഖ്ഫും "ഉമീദ് ' പോര്‍ട്ടല്‍ രജിസ്‌ട്രേഷനും

നിയമപരമായ പോരാട്ടങ്ങള്‍ ഇപ്പോഴും തുടരുമ്പോള്‍ തന്നെ, പോര്‍ട്ടലില്‍ വിവരങ്ങള്‍ അപ്്ലോഡ് ചെയ്യാനുള്ള സമയപരിധി അവസാനിക്കുകയാണ്. നിയമത്തിന്റെ ഭരണഘടനാ സാധുതയും വിധിയിലെ വിശദമായ പഠനവും ആവശ്യമാണ്. എന്നാല്‍ ഈ സമയം മുസ്‌ലിം സമൂഹം വളരെ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട വഖ്ഫ് അപ്്ലോഡുമായി ബന്ധപ്പെട്ട സുപ്രധാന വിഷയത്തെക്കുറിച്ച് പലരും അശ്രദ്ധരാണ്.

Published

|

Last Updated

ബ്രിട്ടീഷ് ഇന്ത്യയില്‍ വഖ്ഫ് സ്വത്തുക്കളുടെ നടത്തിപ്പില്‍ വ്യാപക ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മുസല്‍മാന്‍ വഖ്ഫ് ആക്ട് -1923, എന്ന പേരില്‍ ആദ്യമായി വഖ്ഫ് നിയമം കൊണ്ടുവരുന്നത്. പിന്നീട് ബംഗാള്‍ വഖ്ഫ് ആക്ട് -1934, നിയമം വരികയും ഒരു പ്രത്യേക ഭൂമി അല്ലെങ്കില്‍ സ്ഥാപനം പൊതുജനങ്ങള്‍ ദീര്‍ഘകാലമായി മതപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെങ്കില്‍, അത് നിയമപരമായി വഖ്ഫ് സ്വത്തായി (WAQF BY USER) കണക്കാക്കാം എന്ന് ഈ നിയമം അംഗീകരിക്കുകയും വഖ്ഫ് എന്നതിന്റെ നിര്‍വചനത്തില്‍ അതിനെ ഉള്‍പ്പെടുത്തി വിശാലമാക്കുകയും ചെയ്തു. വഖ്ഫ് സ്ഥാപിക്കാന്‍ പ്രത്യേക രേഖകളോ ഡീഡോ ഇല്ലെങ്കില്‍ പോലും, പൊതുഉപയോഗം അതിന് വഖ്ഫ് പദവി നല്‍കാന്‍ സഹായിച്ചു. സ്വാതന്ത്ര്യാനന്തരം, രാജ്യത്തുടനീളമുള്ള വഖ്ഫ് സ്വത്തുക്കള്‍ക്ക് പൊതുവായ ഒരു ചട്ടക്കൂട് നല്‍കാനാണ് വഖ്ഫ് ആക്ട് (വഖ്ഫ് ആക്ട്- 1954) കൊണ്ടുവന്നത്. ഓരോ സംസ്ഥാനത്തും വഖ്ഫ് സ്വത്തുക്കളുടെ ഭരണത്തിനും നടത്തിപ്പിനുമായി സംസ്ഥാന വഖ്ഫ് ബോര്‍ഡുകള്‍ രൂപവത്കരിക്കാന്‍ ഈ നിയമം വ്യവസ്ഥ ചെയ്തു.

സ്വത്തുക്കള്‍ കൈയേറ്റങ്ങളില്‍ നിന്ന് സംരക്ഷിക്കാനും വരുമാനം മതപരവും ജീവകാരുണ്യപരവുമായ ആവശ്യങ്ങള്‍ക്കായി ശരിയായ രീതിയില്‍ വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കാനും നിയമം ലക്ഷ്യം വെച്ചു. വഖ്ഫ് സ്വത്തുക്കളുടെ നഷ്ടം, കൈയേറ്റം, ദുരുപയോഗം എന്നിവ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലായിരുന്നു 1954ലെ നിയമത്തിലെ പോരായ്മകളും അപര്യാപ്തതകളും പരിഹരിക്കാന്‍ ലക്ഷ്യമിട്ട് വഖ്ഫ് ആക്ട് (വഖ്ഫ് ആക്ട്- 1995) നിലവില്‍ വരുന്നത്. വഖ്ഫ് സ്വത്തുക്കള്‍ കൈയേറുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ എടുക്കുന്നതിനും തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനുമായി വഖ്ഫ് ട്രൈബ്യൂണലുകള്‍ സ്ഥാപിക്കാന്‍ ഈ നിയമം വ്യവസ്ഥ ചെയ്തു.

1995ലെ നിയമത്തില്‍ വീണ്ടും മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ഉമീദ് (UMEED- Unified Waqf Management, Empowerment, Efficiency and Development Act, 2025) ഭേദഗതി നിയമം 2025 ഏപ്രില്‍ അഞ്ചിന് നിലവില്‍ വരികയും നിയമം വന്ന് ആറ് മാസത്തിനകം കേന്ദ്ര വഖ്ഫ് ഉമീദ് പോര്‍ട്ടലില്‍ അപ്്ലോഡ് ചെയ്യുന്നത് നിര്‍ബന്ധമാക്കുകയും ചെയ്തു. എന്നാല്‍, നിയമം നിലവില്‍ വന്നതിന് തൊട്ടുപിന്നാലെ ഏകദേശം 65ഓളം ഹരജികള്‍ പുതിയ വഖ്ഫ് നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ടു. ഫയല്‍ ചെയ്ത ഹരജികളുടെ എണ്ണം നിയമപരമായ ആശങ്കകളുടെ തീവ്രത എത്രയുണ്ടെന്ന് വ്യക്തമാക്കുന്നു. ഏപ്രില്‍ 16 മുതല്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെയും പിന്നീട് മേയ് 15ന് പുതിയ ചീഫ് ജസ്റ്റിസ് ഗവായിയുടെയും ബഞ്ചുകള്‍ വാദം കേട്ടു.

സെപ്തംബര്‍ 15നാണ് അവസാനമായി സുപ്രീം കോടതി വാദം കേട്ട് ഇടക്കാല വിധി പുറപ്പെടുവിച്ചത്. ഈ മാസം 23ന് ചീഫ് ജസ്റ്റിസ് ഗവായിയും വിരമിക്കുകയാണ്. നിയമപരമായ പോരാട്ടങ്ങള്‍ ഇപ്പോഴും തുടരുമ്പോള്‍ തന്നെ, പോര്‍ട്ടലില്‍ വിവരങ്ങള്‍ അപ്്ലോഡ് ചെയ്യാനുള്ള സമയപരിധി അവസാനിക്കുകയാണ്. നിയമത്തിന്റെ ഭരണഘടനാ സാധുതയും വിധിയിലെ വിശദമായ പഠനവും ആവശ്യമാണ്. എന്നാല്‍ ഈ സമയം മുസ്‌ലിം സമൂഹം വളരെ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട വഖ്ഫ് അപ്്ലോഡുമായി ബന്ധപ്പെട്ട സുപ്രധാന വിഷയത്തെക്കുറിച്ച് പലരും അശ്രദ്ധരാണ്.

ഡോ. ബി ആര്‍ അംബേദ്കറുടെ വാക്കുകള്‍ ഈ സന്ദര്‍ഭത്തില്‍ കൂടുതല്‍ പ്രസക്തമാകുന്നു, “വളരെ മെച്ചപ്പെട്ട ഒരു ഭരണഘടനയാണ് നമുക്കുള്ളതെങ്കിലും വളരെ മോശപ്പെട്ടവരാണ് ഭരിക്കാന്‍ ക്ഷണിക്കപ്പെടുന്നതെങ്കില്‍ ആ ഭരണഘടനയും വികൃതമാക്കപ്പെടും.’
വഖ്ഫ് സ്വത്തുക്കളുടെ വിവരങ്ങള്‍ അപ്്ലോഡ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉമീദ് പോര്‍ട്ടല്‍ സംവിധാനിച്ചിട്ടുണ്ട്. അതില്‍ എല്ലാ വഖ്ഫ് വിവരങ്ങളും നിര്‍ബന്ധമായും ഡിസംബര്‍ അഞ്ചിന് മുമ്പ് അപ്്ലോഡ് ചെയ്യേണ്ടതുണ്ട്. പുതിയ നിയമത്തിന്റെ സെക്്ഷന്‍ 43 പ്രകാരം ഈ നിയമം വരുന്നതിന് (ഏപ്രില്‍ അഞ്ച്) മുമ്പോ ശേഷമോ രജിസ്റ്റര്‍ ചെയ്തതിന് ഈ നിയമം അനുശാസിക്കുന്ന രീതിയില്‍ പുനര്‍ രജിസ്‌ട്രേഷന്‍ ആവശ്യമില്ല. അത് രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി കണക്കാക്കുന്നതാണ്.

എന്നാല്‍ സെക്്ഷന്‍ 3ബി പ്രകാരം ഈ നിയമം വരുന്നതിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത എല്ലാ വഖ്ഫ് സ്വത്തുക്കളുടെയും വിവരങ്ങള്‍ പുതിയ വഖ്ഫ് നിയമം വന്നതിന്റെ ആറ് മാസത്തിനുള്ളില്‍ അപ്്ലോഡ് ചെയ്തിരിക്കണം. നിര്‍ഭാഗ്യവശാല്‍ നിയമം വന്നിട്ടും അപ്്ലോഡ് ചെയ്യാനുള്ള പോര്‍ട്ടല്‍ സംവിധാനിക്കാന്‍ ജൂണ്‍ ആറ് വരെ സമയമെടുത്തു. അതുകൊണ്ട് ജൂണ്‍ ആറ് മുതല്‍ ഡിസംബര്‍ അഞ്ച് അര്‍ധ രാത്രി വരെ അപ്്ലോഡ് ചെയ്യാനുള്ള കാലാവധിയുണ്ട്. അത് കഴിഞ്ഞാല്‍ പോര്‍ട്ടലില്‍ പിന്നീട് അപ്്ലോഡ് ചെയ്യാന്‍ അവസരം ഉണ്ടായിരിക്കുന്നതല്ല. അതേസമയം അപ്്ലോഡ് ചെയ്യുന്നതില്‍ കാലാവധി നീട്ടിക്കിട്ടാന്‍ സുപ്രീം കോടതിയില്‍ കഴിഞ്ഞ മാസം 28ന് ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ ഹരജി കേള്‍ക്കും എന്ന് പറഞ്ഞെങ്കിലും എടുത്തിട്ടില്ല. പിന്നീട് നവംബര്‍ മൂന്നിന് വീണ്ടും വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി ഉറപ്പ് നല്‍കിയെങ്കിലും ഇതുവരെ എടുത്തിട്ടില്ല. അതുകൊണ്ട് തന്നെ ഡിസംബര്‍ അഞ്ച് എന്ന അവസാന തീയതി പ്രധാനമാണ്.

സെക്്ഷന്‍ 3ബി പ്രകാരം ആറ് മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണം എന്ന് മാത്രമാണ് പറയുന്നത്. ആറ് മാസം കഴിഞ്ഞാല്‍ ട്രൈബ്യൂണലിലേക്കാണ് പിന്നീട് മുതവല്ലി പോകേണ്ടി വരിക. അതില്‍ തന്നെ ആറ് മാസത്തിനകം അപ്്ലോഡ് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിന് മുതവല്ലിക്ക് മതിയായ കാരണം ഉണ്ട് എന്ന് കോടതിക്ക് ബോധ്യപ്പെട്ടതിന് മാത്രമേ ആറ് മാസത്തില്‍ കുറയാത്ത ഇളവ് വീണ്ടും അനുവദിക്കുകയുള്ളൂ. അല്ലാത്തവ ട്രൈബ്യൂണല്‍ തള്ളുമെന്ന് ചുരുക്കം. ഇവിടെ ചേര്‍ത്തു വായിക്കേണ്ട മറ്റു വകുപ്പുകള്‍ ഉണ്ട്. സെക്്ഷന്‍ 61ലാണ് മുതവല്ലിമാര്‍ക്കുള്ള ശിക്ഷകളെ കുറിച്ച് പറയുന്നത്. മുതവല്ലി വഖ്ഫ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍, കണക്കുകള്‍ കൃത്യമായി അവതരിപ്പിക്കാതിരുന്നാല്‍, ബോര്‍ഡ് ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൈമാറാതിരുന്നാല്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതാണ് സെക്്ഷന്‍ 61(1എ) (5). ഇത് പ്രകാരം നേരത്തേ പറഞ്ഞ 3ബി പ്രകാരം ഉമീദ് പോര്‍ട്ടലില്‍ അപ്്ലോഡ് ചെയ്യുന്നതില്‍ മുതവല്ലി വീഴ്ച വരുത്തിയതും ഒരു കുറ്റമായി കണ്ട് നേരത്തേ പരാമര്‍ശിച്ചതിനടക്കം ഉള്ള ശിക്ഷയായി ആറ് മാസം വരെ തടവും 20,000 മുതല്‍ ഒരു ലക്ഷം രൂപ വരെ പിഴയും പുതുതായി ചേര്‍ത്തിരിക്കുന്നു. ഇത് പ്രകാരം ഉമീദ് പോര്‍ട്ടലില്‍ അപ്്ലോഡ് ചെയ്യാത്തതിന് മുതവല്ലി ശിക്ഷ അനുഭവിക്കേണ്ടിവരും എന്ന് ചുരുക്കം.

മുതവല്ലിമാര്‍ സുപ്രീം കോടതിയുടെ അനുകൂല ഇടപെടല്‍ കാത്തിരിക്കാതെ, നിയമം അനുശാസിക്കുന്ന പ്രാഥമികമായ കടമകള്‍ നിറവേറ്റുക എന്നതാണ് വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണത്തിന് ഇപ്പോള്‍ അനിവാര്യം. ഡിസംബര്‍ അഞ്ച് എന്ന സമയപരിധിക്ക് മുമ്പ് ഉമീദ് പോര്‍ട്ടലില്‍ വിവരങ്ങള്‍ അപ്്ലോഡ് ചെയ്യുന്നതില്‍ വരുത്തുന്ന കാലതാമസം മുതവല്ലിമാരെ നിയമപരമായ നടപടികള്‍ക്കും ശിക്ഷാവിധികള്‍ക്കും ഇരയാക്കിയേക്കാം. അതുകൊണ്ട് വര്‍ത്തമാനകാല സാഹചര്യത്തില്‍ പ്രത്യേകിച്ചും നമ്മുടെ വഖ്ഫ് സ്വത്തുക്കള്‍ നൂറ് ശതമാനം നിയമ പരിരക്ഷയുള്ളതാകുക എന്നതാണ് അഭികാമ്യം.

മുതവല്ലിമാര്‍ ചെയ്യേണ്ടത്
ഒന്ന്, വഖ്ഫ് പരിപാലനം നടത്തുന്നത് കമ്മിറ്റി ആണെങ്കില്‍ ഉമീദ് പോര്‍ട്ടലില്‍ മുതവല്ലിയായി രേഖപ്പെടുത്തുന്നതിന് കമ്മിറ്റിയില്‍ നിന്ന് ഒരാളെ മുതവല്ലിയായി തിരഞ്ഞെടുക്കുക. രണ്ട്, വഖ്ഫിന്റെ / മുതവല്ലിയുടെ മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐ ഡി ചേര്‍ക്കുക (മൊബൈല്‍ നമ്പര്‍ ഇ മെയില്‍ വഖ്ഫിന്റെ പേരിലുള്ളത് കൊടുക്കാന്‍ ശ്രദ്ധിക്കുക). മൂന്ന്, മുതവല്ലിയുടെ ഫോട്ടോ ആധാര്‍ / തിരിച്ചറിയല്‍ കാര്‍ഡ്/ മറ്റു അഡ്രസ്സ് പ്രൂഫുകളുടെ ഡിജിറ്റല്‍ കോപ്പി, മുതവല്ലിയുടെ ജനന തീയതി എന്നിവ തയ്യാറാക്കി വെക്കുക. നാല്, വഖ്ഫിന്റെ വഖ്ഫ് ബോര്‍ഡ് രജിസ്‌ട്രേഷന്‍ നമ്പര്‍, രജിസ്‌ട്രേഷന്‍ തീയതി, ഗസറ്റ് തീയതി എന്നിവ അറിഞ്ഞിരിക്കുക. അഞ്ച്, ഒരു വഖ്ഫിലെ ഓരോ വസ്തുവിന്റെയും ആധാരങ്ങള്‍, പൊസിഷന്‍ സര്‍ട്ടിഫിക്കറ്റ്/നികുതി അടച്ച റസീറ്റ് എന്നിവയുടെ ഒറ്റ ഫയല്‍ പി ഡി എഫ് ആയി സൂക്ഷിക്കുക. ആറ്, ഓരോ വഖ്ഫ് വസ്തുവിന്റെയും വാഖിഫിന്റെയും വിവരങ്ങള്‍, ഏരിയ, നാല് അതിരുകള്‍, വരവ് ചെലവ് കണക്കുകള്‍, കേസ് സംബന്ധമായ വിവരങ്ങള്‍, വാടക സംബന്ധമായ വിവരങ്ങള്‍ എന്നിവ അറിഞ്ഞിരിക്കുക.

എങ്ങനെ അപ്്ലോഡ് ചെയ്യാം
വഖ്ഫ് അപ്്ലോഡ് നടപടിക്രമം പ്രധാനമായും ആറ് പ്രക്രിയയിലൂടെയാണ് കടന്നുപോകുന്നത്. ഒന്ന്, umeed.minorityaffairs.gov.in എന്ന വെബ്സൈറ്റില്‍ കയറി മുതവല്ലി രജിസ്‌ട്രേഷന്‍ ചെയ്യല്‍. രണ്ട്, വഖ്ഫിന്റെ അടിസ്ഥാന വിവരങ്ങളും പ്രധാനപ്പെട്ട ഒരു വസ്തുവിന്റെ വിവരങ്ങളും എന്റര്‍ ചെയ്യല്‍. മൂന്ന്, വാഖിഫിന്റെ വിവരങ്ങളും അഡ്രസ്സും നല്‍കല്‍. നാല്, വഖ്ഫിന്റെ മറ്റു വസ്തുക്കള്‍ എന്റര്‍ ചെയ്യല്‍. അഞ്ച്, ഡിക്ലറേഷന്‍ നടത്തി ഫൈനല്‍ സബ്മിഷന്‍ ചെയ്യല്‍. ആറ്, ഉമീദ് വെബ് പോര്‍ട്ടലില്‍ ചേര്‍ത്തിട്ടുള്ള മുഴുവന്‍ വഖ്ഫ് വസ്തുക്കളുടെയും രേഖകളുടെ കോപ്പി മെറ്റാഡാറ്റ ഫോം സഹിതം വഖ്ഫ് ബോര്‍ഡില്‍ പരിശോധനക്കായി സമര്‍പ്പിക്കല്‍.
ഫൈനല്‍ സബ്മിഷന്‍ കഴിഞ്ഞാല്‍ പിന്നീട് തിരുത്താനുള്ള അവസരം ഉണ്ടാകാത്തത് കൊണ്ട് തന്നെ വളരെ കാര്യക്ഷമതയോട് കൂടി മാത്രമാണ് ഇതെല്ലാം കൈകാര്യം ചെയ്യേണ്ടത്.

Latest