Kerala
വീട്ടുടമയെ തല്ലി കാലൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ വാടകക്കാരിയും ഗുണ്ടകളും പിടിയില്‍
തിരുവനന്തപുരം തിരുമലയില്‍ നടന്ന സംഭവത്തില്‍ തൃക്കണ്ണാപുരം സ്വദേശി പാര്‍വ്വതിയും സുഹൃത്തുക്കളുമാണ് പിടിയിലായത്
തിരുവനന്തപുരം | വീട്ടുടമസ്ഥനെ ഉപദ്രവിക്കാനായി ക്വട്ടേഷന്‍ നല്‍കിയ യുവതിയും ഗുണ്ടകളും പിടിയില്‍. തിരുവനന്തപുരം തിരുമലയില്‍ നടന്ന സംഭവത്തില്‍ തൃക്കണ്ണാപുരം സ്വദേശി പാര്‍വ്വതിയും ക്വട്ടേഷന്‍ സംഘവുമാണ് പിടിയിലായത്.
ഈ മാസം പതിമൂന്നിനാണ് തിരുമല സ്വദേശി സോമരാജിനെ വീട്ടില്‍ കയറി ഒരു സംഘം മര്‍ദ്ദിച്ചത്. ഭാര്യ മരിച്ചതോടെ തിരുമല പുല്ലുവിളാകത്തെ വീട്ടില്‍ സോമരാജ് ഒറ്റയ്ക്കാണ് താമസം. കഴിഞ്ഞ ഒരു വര്‍ഷമായി സോമരാജിന്റെ വീടിന്റെ താഴത്തെ നിലയില്‍ വാടകയ്ക്ക് താമസിക്കുകയാണ് പാര്‍വ്വതിയും കുടുംബവും. കുറച്ച് നാളുകളായി പാര്‍വ്വതി സോമരാജിന് വാടക നല്‍കാറില്ലായിരുന്നു. ഒപ്പം പലപ്പോഴായി ഏകദേശം മൂന്ന് ലക്ഷത്തിലധികം രൂപ സോമരാജില്‍ നിന്ന് കടം വാങ്ങുകയും ചെയ്തിരുന്നു. ഈ തുകയും വാടകയും നല്‍കി വീട് ഒഴിഞ്ഞ് തരണമെന്ന് സോമരാജ് ആവശ്യപ്പെട്ടെങ്കിലും പാര്‍വ്വതി തയ്യാറായില്ല. പിന്നാലെ പൂജപ്പുര പോലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ സോമരാജ് പരാതി നല്‍കിയിരുന്നു.
ഇതിന്റെ വിരോധത്തിലാണ് പാര്‍വ്വതി സുഹൃത്തായ മുഹമ്മദ് സുഹൈലിന് 50,000 രൂപയ്ക്കു ക്വട്ടേഷന്‍ നല്‍കിയത്. സോമരാജിന്റെ കൈയ്യും കാലും തല്ലി ഒടിക്കണം എന്നതായിരുന്നു ആവശ്യം. പിന്നാലെ സുഹൈല്‍ കഴിഞ്ഞ 13 നു സുഹൃത്തുക്കളായ ആദിലിനെയും ഫാസിലിനെയും കൂട്ടി സോമരാജിന്റെ വീട്ടില്‍ അതിക്രമിച്ച് കടക്കുകയും ചുറ്റിക ഉപയോഗിച്ച് ഇയാളുടെ തലയിലും മുഖത്തും അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. പിന്നാലെ പ്രതികള്‍ ഇവിടെ നിന്ന് സ്‌കൂട്ടറില്‍ രക്ഷപെട്ടു.
പരിക്കേറ്റ സോമരാജിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. പ്രതികളെ പരിചയം ഇല്ലാത്തതിനാല്‍ തന്നെ ആരാണ് ഉപദ്രവിച്ചതെന്ന് സോമരാജിനോ നാട്ടുകാര്‍ക്കോ അറിയില്ലായിരുന്നു. പിന്നാലെ സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്വട്ടേഷന്‍ നല്‍കിയത് പാര്‍വ്വതിയാണെന്ന വിവരം പ്രതികള്‍ പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പാര്‍വ്വതിയെയും കസ്റ്റഡിയിലെടുത്തു. പണം തിരികെ ചോദിച്ചതിന്റെയും പോലീസനില്‍ പരാതി നല്‍കിയതിന്റെയും വൈരാഗ്യത്തിലാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പാര്‍വ്വതി മൊഴി നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.


