Connect with us

Articles

"ഐ ലവ് മുഹമ്മദ് '

ജനാധിപത്യ ഇന്ത്യയില്‍ ഒരു മതനേതാവിനെ സ്‌നേഹിക്കാനും അനുഭാവം പ്രകടിപ്പിക്കാനും ഭരണഘടനാപരമായി തന്നെ അവകാശമുണ്ട് എന്ന യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോള്‍ ഇത്തരം ദൗര്‍ഭാഗ്യകരമായ വിവാദങ്ങള്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ ചെറുതല്ല. വര്‍ഷങ്ങളായി നമ്മുടെ രാജ്യത്ത് ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ നടപ്പാക്കി വരുന്ന വര്‍ഗീയ അജന്‍ഡകളുടെ ഏറ്റവും ഒടുവിലെ ഉദാഹരണം കൂടിയാണ് ഈ വിവാദത്തില്‍ ധ്വംസിക്കപ്പെട്ട മതസ്വാതന്ത്ര്യം

Published

|

Last Updated

2025 സെപ്തംബര്‍ നാലിനായിരുന്നു തുടക്കം. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുള്ള റാവത്പൂര്‍ ഗ്രാമത്തില്‍ നടന്ന ബരാവഫ ഘോഷയാത്രക്കിടെയാണ് വിവാദം ആരംഭിച്ചത്. ഇവിടെ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജനനം ആഘോഷിക്കുന്ന ഈദ് മിലാദുന്നബി ഘോഷയാത്രയുടെ വഴിയില്‍ “ഐ ലവ് മുഹമ്മദ്’ എന്ന് എഴുതിയ ഒരു ലൈറ്റ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. പ്രാദേശിക ഹിന്ദുത്വ ഗ്രൂപ്പുകള്‍ ഇതിനെ എതിര്‍ത്ത് രംഗത്തുവന്നു. ഇതുവരെ കാണാത്ത “പുതിയ പാരമ്പര്യം’ എന്ന് വിളിച്ച്, അവര്‍ രാമനവമി പോലുള്ള ഹിന്ദു ഉത്സവങ്ങള്‍ക്ക് മാത്രം സാധാരണയായി ഉപയോഗിക്കുന്ന ലൈറ്റ് ബോര്‍ഡ് ആണിതെന്നും മുസ്‌ലിംകള്‍ ഇത് ഉപയോഗിക്കരുതെന്നും വാദിച്ച് മുന്നോട്ട് വന്നു. സ്വാഭാവികമായും ഒരു ദിവസം കൊണ്ട് വര്‍ഗീയത ആളിക്കത്തിക്കാന്‍ പ്രതിഷേധക്കാര്‍ക്ക് സാധിച്ചു.

തൊട്ടടുത്ത ദിവസം കര്‍ണാടകയില്‍ നിന്ന് മറ്റൊരു വാര്‍ത്ത വന്നു. ദാവണഗെരെ കാള്‍ മാര്‍ക്‌സ് നഗറില്‍ “ഐ ലവ് മുഹമ്മദ്’ എന്ന് എഴുതിയ ഒരു ബാനര്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടായിരുന്നു അത്. ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ ഗ്രൂപ്പ് അക്രമാസക്തമായി മുന്നോട്ടുവന്നു. സമാധാനപരമായി മീലാദ് ആഘോഷിച്ചിരുന്ന മുസ്‌ലിംകളെ ഇവര്‍ ആക്രമിക്കുകയുണ്ടായി. കല്ലെറിഞ്ഞു. പോലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി. “ഐ ലവ് മുഹമ്മദ്’ എഴുതിയ ബാനറുകള്‍ നീക്കം ചെയ്തു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ “ഐ ലവ് മുഹമ്മദ്’ ക്യാമ്പയിന്‍ വ്യാപകമായി പ്രചാരം നേടി. എക്സില്‍ ഹൃദയ ചിഹ്നം പങ്കുവെക്കുന്ന ട്രെന്‍ഡ് ശ്രദ്ധേയമായി. പ്രവാചകന്‍ മുഹമ്മദ് നബിയോടുള്ള ഇഷ്ടത്തിന്റെ ഭാഗമായി മുസ്‌ലിംകള്‍ “ഐ ലവ് മുഹമ്മദ്’ വ്യാപകമായി ഷെയര്‍ ചെയ്തു.

അതേസമയം, എക്സിലെ “ഐ ഹാര്‍ട്ട് മുഹമ്മദ്’ ട്രെന്‍ഡിനെക്കുറിച്ചുള്ള ആക്ഷേപകരമായ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിന് മറുപടിയായി ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ളവരുടെ കടകള്‍ ഒരു സംഘം നശിപ്പിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും മുസ്‌ലിം വീടുകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തതായി റിപോര്‍ട്ടുകള്‍ വന്നു. ഗുജറാത്തില്‍ നിന്നുള്ള ഈ സംഭവത്തോടെ മുസ്‌ലിം വിദ്വേഷം ആളിപ്പടരാന്‍ തുടങ്ങി. ഹിന്ദുത്വ വര്‍ഗീയ വാദികള്‍ ഈ അവസരം മുതലെടുത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു.
സെപ്തംബര്‍ 24 രാത്രി 11 മണിയോടെ, “ഐ ലവ് മുഹമ്മദ്’ എന്ന് വാട്ട്സ്ആപ്പില്‍ സ്റ്റാറ്റസ് വെച്ച വ്യക്തിയുടെ കടയുടെ ഷട്ടര്‍ ഒരു വലിയ സംഘം തകര്‍ത്തു തരിപ്പണമാക്കി. ഗാന്ധി നഗറിലെ ഈ സംഭവം വലിയ പ്രതിഷേധത്തിന് കാരണമായി. അന്യായമായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായവര്‍ മുന്നോട്ട് വന്നു. ഇവര്‍ക്ക് നേരെ വീണ്ടും കല്ലേറുണ്ടായി. അന്നേദിവസം രാത്രി വൈകിയുണ്ടായ കലാപത്തിലും സംഘര്‍ഷത്തിലും ഗുജറാത്തിലെ ദെഹ്ഗാം താലൂക്കിലെ ബഹിയാല്‍ ഗ്രാമത്തില്‍ നിന്നുള്ള അറുപതോളം പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പി ടി ഐ റിപോര്‍ട്ട് ചെയ്തു. ഈ ആക്രമണത്തില്‍ നിരവധി വാഹനങ്ങള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഇതോടെ വിവാദം ഉത്തര്‍പ്രദേശ് വിട്ട് കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, ബിഹാര്‍, മധ്യപ്രദേശ്, തെലങ്കാന, ആന്ധ്രാ പ്രദേശ്, കശ്മീര്‍ എന്നിവിടങ്ങളിലേക്ക് പടര്‍ന്നു. സമൂഹ മാധ്യമങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിച്ചു. ഒപ്പം വര്‍ഗീയ ചേരിതിരിവ് ലക്ഷ്യം വെച്ചുള്ള വ്യാജവാര്‍ത്തകളും പ്രചരിച്ചു.

“ഐ ലവ് മുഹമ്മദ്’ എന്ന പ്രവണതയെക്കുറിച്ച് ഒരു ഹിന്ദുവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ന്യൂനപക്ഷ സമൂഹത്തെ പ്രകോപിപ്പിച്ചു, ഇതാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്ന് ഗാന്ധിനഗര്‍ പോലീസ് സൂപ്രണ്ട് പറഞ്ഞതോടെ ഹിന്ദുത്വ ഗ്രൂപ്പുകള്‍ വീണ്ടും സജീവമായി. പോലീസും സര്‍ക്കാര്‍ സംവിധാനങ്ങളും തങ്ങള്‍ക്കൊപ്പം ഉണ്ടെന്ന് കരുതിയ ഇവര്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തി. അതേസമയം, സോഷ്യല്‍ മീഡിയയില്‍ ഓണ്‍ലൈന്‍ ക്യാമ്പയിന്‍ വളരെ പെട്ടെന്ന് തന്നെ ശക്തി പ്രാപിച്ചു. “ഐ ലവ് മുഹമ്മദ്’ പോലുള്ള ഹാഷ്ടാഗുകള്‍ എല്ലാ പ്ലാറ്റ്ഫോമുകളിലും ട്രെന്‍ഡിംഗായി. ഉപയോക്താക്കള്‍ അവരുടെ പ്രൊഫൈല്‍ ചിത്രങ്ങളും ഐക്യദാര്‍ഢ്യ മുദ്രാവാക്യം ഉള്‍ക്കൊള്ളുന്ന ചിത്രങ്ങളും പങ്കുവെച്ചു. വ്ലോഗര്‍മാര്‍ രംഗം കൊഴുപ്പിച്ചു. പ്രതിഷേധം ശക്തമായി.
ഞാന്‍ മുഹമ്മദിനെ സ്‌നേഹിക്കുന്നു എന്ന് പറയുന്നത് ഒരു കുറ്റകൃത്യമല്ല എന്ന് എ ഐ എം ഐ എം മേധാവി അസദുദ്ദീന്‍ ഉവൈസി പോസ്റ്റ് ചെയ്തതോടെ ഈ വിവാദത്തിന് കൂടുതല്‍ രാഷ്ട്രീയ പ്രാധാന്യം കൈവന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം അത്തരം പ്രയോഗങ്ങള്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും അത് മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

വിവാദത്തിനിടയില്‍, പി ഡി പി നേതാവ് മെഹ്ബൂബ മുഫ്തി ബുധനാഴ്ച ഭാരതീയ ജനതാ പാര്‍ട്ടിക്കെതിരെ പരോക്ഷമായ ആക്രമണം അഴിച്ചുവിട്ടു. “അവര്‍ ഹിന്ദു- മുസ്‌ലിം കാര്‍ഡ് കളിച്ച് മാത്രമേ വോട്ട് നേടൂ’ എന്നായിരുന്നു അവരുടെ പ്രയോഗം. “അടുത്തിടെ, യു പിയിലെ ഒരു മുസ്‌ലിം പുരോഹിതനെ അകാരണമായി പിടികൂടി മര്‍ദിച്ചു. താടി കീറി, ഗുരുതരമായി പരുക്കേല്‍പ്പിച്ചു. തുടര്‍ന്ന് “ജയ് ശ്രീറാം’ ചൊല്ലാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത് ഒരു കുറ്റമല്ലെങ്കില്‍, “ഐ ലവ് മുഹമ്മദ്’ ഒരു കുറ്റമായി കണക്കാക്കുന്നത് എങ്ങനെയാണ്?’ മെഹ്ബൂബ മുഫ്തി മാധ്യമങ്ങളോട് ചോദിച്ചു.

“ഐ ലവ് മുഹമ്മദ്’ എന്ന വാചകം എങ്ങനെ നിയമവിരുദ്ധമായി കണക്കാക്കാമെന്ന് ചോദ്യം ചെയ്തുകൊണ്ട്, പ്രവാചകനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനുള്ള അവകാശത്തെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ശക്തമായി പിന്തുണച്ചു. “ഇത് എഴുതുന്നതിനെ ആരെങ്കിലും എന്തിന് എതിര്‍ക്കണം? ഈ മൂന്ന് വാക്കുകളില്‍ ആര്‍ക്കാണ് പ്രശ്നമുണ്ടാകാന്‍ സാധ്യത? ഈ മൂന്ന് വാക്കുകള്‍ എഴുതുന്നത് അറസ്റ്റിലേക്ക് നയിക്കുന്നത് എങ്ങനെയെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഈ മൂന്ന് വാക്കുകള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുന്നത് യഥാര്‍ഥത്തില്‍ മാനസിക രോഗമല്ലാതെ മറ്റെന്താണ്? കോടതികള്‍ ഇത് വേഗത്തില്‍ ശരിയാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. “ഐ ലവ് മുഹമ്മദ്’ എന്ന് എഴുതുന്നത് എങ്ങനെയാണ് നിയമവിരുദ്ധമാകുന്നത്?’ അദ്ദേഹം തുറന്നടിച്ചു.
ബറേലിയില്‍ “ഐ ലവ് മുഹമ്മദ്’ എന്ന പ്രചാരണത്തെ പിന്തുണച്ച് പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത ഇത്തിഹാദ്-ഇ-മില്ലത്ത് കൗണ്‍സില്‍ മേധാവിയായ തൗഖീര്‍ റസാ ഖാനെ യു പി പോലീസ് അറസ്റ്റ് ചെയ്തതോടെ ഈ വിവാദം മറ്റൊരു ദിശയിലേക്ക് സഞ്ചരിച്ചു. പ്രശ്‌നം ഉണ്ടാക്കുന്നവരെ പാഠം പഠിപ്പിക്കുമെന്നും അതിനാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പ്രഖ്യാപിച്ചതോടെ വര്‍ഗീയ ധ്രുവീകരണം ഏറെക്കുറെ പൂര്‍ണമായി. അതോടെ യു പിയില്‍ തൗഖീര്‍ റസാ ഖാനെ പിന്തുണക്കുന്നവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന അവസ്ഥയുണ്ടായി. നിരവധി ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു. ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകളും കടകളും തകര്‍ത്തു. ഒളിമ്പ്യന്‍ ഹോക്കി പ്ലെയര്‍ പത്മശ്രീ മുഹമ്മദ് ശാഹിദിന്റെ വീട് യു പി സര്‍ക്കാറിന്റെ ബുള്‍ഡോസര്‍ രാജില്‍ തകര്‍ത്തു.
ജനാധിപത്യ ഇന്ത്യയില്‍ ഒരു മതനേതാവിനെ സ്‌നേഹിക്കാനും അനുഭാവം പ്രകടിപ്പിക്കാനും ഭരണഘടനാപരമായി തന്നെ അവകാശമുണ്ട് എന്ന യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോള്‍ ഇത്തരം ദൗര്‍ഭാഗ്യകരമായ വിവാദങ്ങള്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ ചെറുതല്ല. വര്‍ഷങ്ങളായി നമ്മുടെ രാജ്യത്ത് ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ നടപ്പാക്കി വരുന്ന വര്‍ഗീയ അജന്‍ഡകളുടെ ഏറ്റവും ഒടുവിലെ ഉദാഹരണം കൂടിയാണ് ഈ വിവാദത്തില്‍ ധ്വംസിക്കപ്പെട്ട മതസ്വാതന്ത്ര്യം. ഇത് മതപരമായ പ്രശ്‌നമല്ല. ഏകപക്ഷീയമായി നടപടികള്‍ ഉണ്ടാകുന്നത്, ഇരകള്‍ വീണ്ടും ഇരകളായി മാറുന്നത് ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്നവര്‍ ഏറെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. തീര്‍ച്ചയായും രാജ്യത്തിന്റെ സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് തന്നെയാണ് ഇവ ഭീഷണിയാകുന്നത്.

Latest