Connect with us

Articles

ജമാഅത്തെ ഇസ്‌ലാമിയുടെ 'ധൃതരാഷ്ട്രാലിംഗനം'

മുസ്‌ലിംകളെ രാഷ്ട്രവിരുദ്ധരാക്കി മുദ്ര കുത്താനും അവരെ അപരവത്കരിച്ച് പിന്നോട്ടടിപ്പിക്കാനും കാരണമായ മതരാഷ്ട്ര വാദം ജമാഅത്തെ ഇസ്‌ലാമി ഉപേക്ഷിക്കുന്നുവെങ്കില്‍ അതില്‍ ഏറ്റവും സന്തോഷിക്കുന്നത് മുസ്‌ലിംകള്‍ തന്നെയായിരിക്കും. കാരണം തുടക്കം മുതല്‍ ഈ നിലപാടിന്റെ അപകടത്തെക്കുറിച്ച് ബോധവത്കരണം നടത്തി വരികയാണ് ഇവിടുത്തെ മഹാഭൂരിപക്ഷം വരുന്ന സുന്നി മുസ്‌ലിംകള്‍.

Published

|

Last Updated

ജമാഅത്തെ ഇസ്‌ലാമിയെ ശുദ്ധികലശം ചെയ്ത് മുന്നണിയില്‍ എത്തിച്ചിരിക്കുകയാണ് യു ഡി എഫിലെ ചില നേതാക്കള്‍. രണ്ട് ന്യായങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഈ മുന്നണി പ്രവേശം സാധ്യമാക്കിയത്. ഒന്ന്, ഞങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിയുമായിട്ടല്ല സഖ്യം ഉണ്ടാക്കിയത്, വെല്‍ഫെയര്‍ പാര്‍ട്ടിയുമായാണ് എന്നതാണ്. ഈ വാദം, ‘ഞങ്ങള്‍ക്ക് ആര്‍ എസ് എസുമായി ബന്ധമില്ല, ബി ജെ പിയുമായാണ് സഖ്യമുള്ളത്’ എന്ന് പറയും പോലെയാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ ശരീരത്തിന് ജമാഅത്തെ ഇസ്‌ലാമിയില്‍ നിന്ന് വേറിട്ട ഒരു അസ്തിത്വമുണ്ടോ? നേതൃസ്ഥാനത്തോ മറ്റോ വാടകക്കെടുത്ത ചില ഇതര മതസ്ഥര്‍ ഉണ്ടായേക്കാമെന്നല്ലാതെ ഏത് നാട്ടില്‍ ചെന്ന് വെല്‍ഫെയര്‍ പാര്‍ട്ടിക്കാരെ തപ്പിയാലും ജമാഅത്തെ ഇസ്‌ലാമിക്കാരെ മാത്രമേ കൈയില്‍ തടയൂ. അതുകൊണ്ട് തന്നെ ഈ ന്യായം ഒരുതരം കണ്ണടച്ച് ഇരുട്ടാക്കലാണ്. വെല്‍ഫെയര്‍ പാര്‍ട്ടി രൂപവത്കരിച്ചത് ജമാഅത്തെ ഇസ്‌ലാമിയുടെ നേതാക്കളല്ല എന്ന് തെളിയിക്കാന്‍ ഇവര്‍ക്ക് സാധിക്കുമോ?

രണ്ടാമത്തെ ന്യായം, ജമാഅത്തെ ഇസ്‌ലാമി അവരുടെ ജനാധിപത്യവിരുദ്ധ വാദം ഉപേക്ഷിച്ചുവെന്നും ഇന്ത്യ ദൈവിക രാഷ്ട്രമാക്കി മാറ്റാന്‍ വേണ്ടി പണിയെടുക്കുക എന്ന ലക്ഷ്യം മാറ്റിവെച്ചു എന്നുമാണ്. ഇത് ഇന്ന് വരെ തുറന്നു പറയാന്‍ ജമാഅത്തെ ഇസ്‌ലാമി തയ്യാറായിട്ടുണ്ടോ? 2019ല്‍ അന്നത്തെ അമീറായിരുന്ന ആരിഫലി ‘മൗദൂദിയല്ല, ഖുര്‍ആനും സുന്നത്തുമാണ് ഞങ്ങളുടെ പ്രമാണം’ എന്നൊരു വാക്ക് പറഞ്ഞിരുന്നു. ഇതിനെയാണ് ഇവര്‍ മൗദൂദിയെ തള്ളിപ്പറഞ്ഞു എന്ന രീതിയില്‍ ചില ചാനലുകള്‍ റിപോര്‍ട്ട് ചെയ്തത്. സത്യത്തില്‍ ഇത് ജമാഅത്തെ ഇസ്‌ലാമി തുടക്കം മുതല്‍ അവരുടെ ഭരണഘടനയില്‍ പറഞ്ഞ കാര്യമാണ്. പ്രമാണം ഖുര്‍ആനും സുന്നത്തുമാണ് എന്നവര്‍ പറയും. പക്ഷേ ഖുര്‍ആനിനും സുന്നത്തിനും മൗദൂദി നല്‍കിയ വ്യാഖ്യാനമാണ് അവര്‍ നല്‍കുക. അപ്പോള്‍ പ്രമാണം ഖുര്‍ആനും സുന്നത്തുമാണ് എന്ന് പറയുകയും മൗദൂദിയുടെ ആശയം നടപ്പാക്കുകയും ചെയ്യാം.

മൗദൂദിയെ തള്ളിപ്പറഞ്ഞു എന്ന് പ്രചരിപ്പിക്കുന്ന 2019ന് ശേഷവും 2021 ഡിസംബറില്‍ അവരുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ ഐ പി എച്ച് മൗദൂദിയുടെ മതേതരത്വം, ദേശീയത, ജനാധിപത്യം എന്ന പുസ്തകം പുറത്തിറക്കി. അതില്‍ എഴുതുന്നു, ‘മുസല്‍മാന്‍മാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോട് തുറന്നു പറയുന്നു. ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്‌ലാമിനും ഈമാനിനും കടകവിരുദ്ധമാണ്. നിങ്ങളതിന്റെ മുമ്പില്‍ സര്‍വാത്മനാ തല കുനിക്കുകയാണെങ്കില്‍ നിങ്ങളുടെ വിശുദ്ധ ഖുര്‍ആനിനെ പിറകോട്ട് വലിച്ചെറിയലായിരിക്കും. നിങ്ങളതിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കുവഹിക്കുകയാണങ്കില്‍ നിങ്ങളുടെ തിരുദൂതരോട് ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും. നിങ്ങളതിന്റെ കൊടി പിടിക്കുകയാണെങ്കില്‍ നിങ്ങളുടെ ദൈവത്തിനെതിരെ രാജ്യദ്രോഹ കൊടി ഉയര്‍ത്തലായിരിക്കും… നിങ്ങള്‍ പരിശുദ്ധ ഖുര്‍ആനും തിരു ദൂതരും ആവിഷ്‌കരിച്ച ഇസ്‌ലാമിലാണ് യഥാര്‍ഥത്തില്‍ വിശ്വസിക്കുന്നതെങ്കില്‍ നിങ്ങള്‍ എവിടെയായിരുന്നാലും ശരി മതേതര ഭൗതിക സിദ്ധാന്തത്തിലധിഷ്ഠിതമായ ഈ ദേശീയ ജനായത്തത്തെ പ്രതിരോധിക്കുകയും പകരം ദൈവ വിശ്വാസത്തിലധിഷ്ഠിതമായ അമാനുഷിക പ്രാതിനിധ്യത്തിന്റെ സ്ഥാപനാര്‍ഥം സമരം നടത്തുകയും ചെയ്യേണ്ടത് നിങ്ങളുടെ ഒഴിച്ചു കൂടാനാകാത്ത മതകര്‍ത്തവ്യം മാത്രമാകുന്നു.’ (പേജ്: 25, 26). ഇതില്‍ നിന്ന് ജമാഅത്തെ ഇസ്‌ലാമി അവരുടെ ജനാധിപത്യവിരുദ്ധ, മതരാഷ്ട്ര വാദത്തില്‍ നിന്ന് പിന്മാറിയെന്നാണോ മലയാളമറിയുന്നവര്‍ മനസ്സിലാക്കേണ്ടത്? 2021 ഡിസംബറില്‍ പുറത്തിറക്കിയ ഈ പുസ്തകം ജമാഅത്തെ ഇസ്‌ലാമി പിന്‍വലിച്ചതായി ഇവരെ മുന്നണിയിലെടുത്തവര്‍ക്ക് വല്ല തെളിവും നല്‍കാന്‍ സാധിക്കുമോ? മുസ്‌ലിംകളെ രാഷ്ട്രവിരുദ്ധരാക്കി മുദ്ര കുത്താനും അവരെ അപരവത്കരിച്ച് പിന്നോട്ടടിപ്പിക്കാനും കാരണമായ ഈ വാദം അവര്‍ ഉപേക്ഷിക്കുന്നുവെങ്കില്‍ അതില്‍ ഏറ്റവും സന്തോഷിക്കുന്നത് മുസ്‌ലിംകള്‍ തന്നെയായിരിക്കും. കാരണം തുടക്കം മുതല്‍ ഈ നിലപാടിന്റെ അപകടത്തെക്കുറിച്ച് ബോധവത്കരണം നടത്തി വരികയാണ് ഇവിടുത്തെ മഹാഭൂരിപക്ഷം വരുന്ന സുന്നി മുസ്‌ലിംകള്‍. എന്നാല്‍ മൗദൂദിയുടെ ഇത്തരം പുസ്തകങ്ങള്‍ വിറ്റുകൊണ്ടിരിക്കുകയും, അദ്ദേഹത്തെ വെളുപ്പിച്ചെടുക്കാന്‍ കഴിഞ്ഞ മാസവും ക്യാമ്പയിന്‍ നടത്തുകയും ചെയ്തവരെ വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്ന് പറഞ്ഞാല്‍ ഇതിനെ കേവല സംഘടനാ വിരോധമായി വ്യാഖ്യാനിക്കുന്നത് ശരിയാണോ? ഈ വാദം ഉപേക്ഷിക്കാന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് സാധിക്കുകയില്ല. കാരണം അവരുടെ സിദ്ധാന്തം; മുസ്‌ലിമിന്റെ ജീവിത ലക്ഷ്യം തന്നെ ദൈവിക ഭരണകൂടം സ്ഥാപിക്കുക എന്നതാണത്രെ. ഒരു ലക്ഷത്തില്‍പരം പ്രവാചകന്മാര്‍ വന്നെങ്കില്‍ അവരില്‍ ഭരണം സ്ഥാപിച്ച് നടത്തിയവര്‍ ഒരു കൈ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്. പ്രവാചകന്മാര്‍ക്ക് പോലും ഇസ്‌ലാം മുന്നോട്ട് വെച്ച ജീവിത ലക്ഷ്യം നേടാന്‍ സാധിച്ചില്ല എന്നല്ലേ ഇതിനര്‍ഥം! മുസ്‌ലിം ജനതക്ക് ഒരു രാഷ്ട്രം നിയന്ത്രിക്കാന്‍ സാഹചര്യമുണ്ടായാല്‍ അതിനെ എങ്ങനെ മുന്നോട്ട് നയിക്കണം എന്നതിന് കൃത്യമായ നിയമം ഇസ്‌ലാമിലുണ്ട്. മുസ്‌ലിംകള്‍ മാത്രമുള്ള പ്രദേശം എങ്ങനെ ഭരിക്കണം, ബഹുസ്വര സമൂഹത്തില്‍ എപ്രകാരം ഭരണം നടത്തണം ഇതെല്ലാം മുഹമ്മദ് നബി (സ) കാണിച്ചു തന്നിട്ടുണ്ട്. ആ നിലക്ക് ഇസ്‌ലാം സമഗ്രമാണ്. ഇന്ത്യയില്‍ 850 വര്‍ഷക്കാലം മുസ്‌ലിംകള്‍ ഭരിച്ചിട്ടുണ്ട്. അവരാരും ഇന്ത്യയെ ഒരു ഇസ്‌ലാമിക രാജ്യമായി പ്രഖ്യാപിച്ചിട്ടില്ല. മറ്റു മതവിഭാഗങ്ങളെ മതം മാറ്റുകയോ ആട്ടിയോടിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെയായിരുന്നെങ്കില്‍ ഇന്ത്യയില്‍ ഹിന്ദുക്കള്‍ മഹാഭൂരിപക്ഷമായി നിലനില്‍ക്കുമായിരുന്നില്ല. കേരളത്തിലും അമുസ്‌ലിം ഭരണാധികാരികളോട് സഹകരിച്ച് ജീവിക്കുകയും രാജ്യരക്ഷക്കായി പട പൊരുതുകയും ചെയ്ത പാരമ്പര്യമാണ് നമുക്കുള്ളത്. മഖ്ദൂമുമാരും മറ്റു പണ്ഡിതന്മാരും അതിന് വേണ്ടി ഗ്രന്ഥങ്ങള്‍ വരെ എഴുതിയവരാണ്. അവരാരും ഇവിടെ മുസ്‌ലിം രാഷ്ട്രമുണ്ടാക്കാന്‍ നിര്‍ദേശിക്കുകയോ അതാണ് നമ്മുടെ ജീവിത ദൗത്യമെന്ന് പഠിപ്പിക്കുകയോ ചെയ്തിട്ടില്ല.

അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതിന്റെ അര്‍ഥം പോലും ദൈവിക ഭരണം സ്ഥാപിക്കുക എന്നാണ് മൗദൂദി പറഞ്ഞുവെച്ചത്. അതുകൊണ്ട് തന്നെ തൗഹീദിന്റെ ഭാഗമായ ഒരു കാര്യം മാറ്റത്തിന് വിധേയമല്ല. ജമാഅത്തെ ഇസ്‌ലാമി മുന്‍ അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് എഴുതുന്നു, ‘അല്ലാഹുവിന്റെ പരമാധികാരം നിരാകരിക്കുന്ന ഭരണകൂടങ്ങള്‍ സ്ഥാപിക്കാനും നിലനിര്‍ത്താനും ഉദ്ദേശിച്ച് ഇലക്ഷനില്‍ പങ്കെടുക്കുന്നതും സ്ഥാനാര്‍ഥിയാകുന്നതും അനനുവദനീയവും തൗഹീദിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നു. ഈ വീക്ഷണത്തില്‍ ഒരിക്കലും മാറ്റം വന്നിട്ടില്ല. വരുന്ന പ്രശ്നവുമില്ല’. (തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി. പേജ്: 36). ജമാഅത്തെ ഇസ്‌ലാമി അവരുടെ ആശയത്തില്‍ നിന്ന് മാറുമോ എന്ന തെറ്റിദ്ധാരണ ഇപ്പോള്‍ മാറിയിട്ടുണ്ടാകും. താത്കാലിക രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന അവിശുദ്ധ കൂട്ടുകെട്ട് രാജ്യത്തിനേല്‍പ്പിക്കുന്ന പരുക്ക് പരിഹരിക്കാനാകാത്തതായിരിക്കും. ഒപ്പം ചില പാര്‍ട്ടികള്‍ അപ്രസക്തമാകാന്‍ പോലും ഇത് കാരണമാകും. ജമാഅത്തെ ഇസ്‌ലാമിയുടെ കൈവശമുള്ള മാധ്യമങ്ങളുടെ ശക്തിയില്‍ അമിതമായി വിശ്വസിച്ച് ചിലര്‍ പ്രതീക്ഷിക്കുന്ന ലാഭം, ഇന്നുവരെ ഏറെ വിട്ടുവീഴ്ചകള്‍ ചെയ്ത് സംരക്ഷിച്ചു പോന്ന മതേതര മുഖം പോലും അവര്‍ക്ക് നഷ്ടപ്പെടാന്‍ കാരണമാകും. ആ രീതിയിലുള്ള പ്രചാരണങ്ങള്‍ അതിശക്തമായി ആരംഭിച്ചിട്ടുമുണ്ട്. പണ്ഡിത നേതൃത്വങ്ങളും സുന്നി സംഘടനകളും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയെങ്കിലും അത് ചെവിക്കൊള്ളാന്‍ സമുദായ രാഷ്ട്രീയ നേതൃത്വം പോലും തയ്യാറാകാത്തതിന്റെ ദുരന്തം ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വിജയ, പരാജയങ്ങളില്‍ ഒതുങ്ങുന്നതായിരിക്കില്ല. ഏതായാലും ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്ര സങ്കല്‍പ്പവും മതേതര രാഷ്ട്രീയവും ഒരേ പാത്രത്തില്‍ വേവുമെന്ന് തോന്നുന്നില്ല.