National
എത്യോപ്യന്‍ അഗ്‌നിപര്‍വത സ്ഫോടനം: പുകപടലങ്ങള്‍ വ്യോമഗതാഗതത്തിന് ഭീഷണി, ഇന്ത്യയിലും പുകയും ചാരവും വ്യാപിക്കുന്നു
നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസപ്പെടാൻ സാധ്യത
ന്യൂഡല്‍ഹി| എത്യോപ്യയിലെ അഗ്‌നിപര്‍വത സ്ഫോടനത്തിന്റെ പുകപടലങ്ങള്‍ വ്യോമഗതാഗതത്തിന് ഭീഷണി. ഇന്ത്യയുടെ വ്യോമപാതകളില്‍ അടക്കം പുകയും ചാരവും നിറഞ്ഞിരിക്കുകയാണ്. ഡല്‍ഹിയില്‍ ചാരം മൂടിയ മേഘങ്ങളാണ്. അന്തരീക്ഷത്തില്‍ ചാരം കലര്‍ന്ന മേഖലകള്‍ ഒഴിവാക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. റണ്‍വേകള്‍ പരിശോധിക്കാനും നിര്‍ദേശം.
അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസപ്പെടാൻ സാധ്യത. ഇന്നലെ ജിദ്ദയിലേക്കുള്ള ആകാശ് എയറും ദുബായിലേക്കുള്ള ഇൻഡിഗോയും സർവീസുകൾ നിർത്തിവച്ചിരുന്നു. രാത്രി 11.30 ന് ദുബായിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാന സർവീസ് ഇന്നത്തേക്ക് പുനക്രമീകരിച്ചു. ജിദ്ദയിലേക്കുള്ള സർവീസ് റദ്ദാക്കിയത് നിരവധി ഉംറ തീർത്ഥാടകരെ പ്രതിസന്ധിയിലാക്കി. കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനവും വഴിതിരിച്ചുവിട്ടിട്ടുണ്ട് അഗ്നിപർവത ചാരവും പുകയും വിമാനങ്ങൾക്ക് യന്ത്ര തകരാർ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും പ്രശ്നങ്ങളുള്ള മേഖല ഒഴിവാക്കണമെന്നും ഡിജിസിഎ മുന്നറിയിപ്പ് നൽകിയിരുന്നു.
ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് മേഖല എന്നിവയ്ക്ക് മുകളിലൂടെ പുകപടലങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. യെമന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കു മുകളിലൂടെ നീങ്ങി അറബിക്കടലും കടന്നാണ് രാജസ്ഥാന്‍ ഭാഗത്തുകൂടി ഉത്തരേന്ത്യയിലേക്ക് ചാരമേഘങ്ങള്‍ എത്തിയത്. മണിക്കൂറില്‍ 120 മുതല്‍ 130 കിലോമീറ്ററാണ് ചാരമേഘത്തിന്റെ വേഗം. സ്ഫോടനം അവസാനിച്ചെങ്കിലും ചാരം കാറ്റില്‍ പടര്‍ന്നു തുടങ്ങിയതാണ് പ്രതിസന്ധിക്കു വഴിവച്ചത്. യെമെന്‍, ഒമാന്‍, പാകിസ്ഥാന്‍ എന്നിവയുടെ ആകാശത്തും ചാരവും പുകയും പടര്‍ന്നു. ഇതേത്തുടര്‍ന്ന് പല അന്താരാഷ്ട്ര വിമാനങ്ങളും റദ്ദാക്കി.
എത്യോപ്യയില്‍ 12,000 വര്‍ഷമായി നിദ്രയിലായിരുന്ന ഹെയ്‌ലി ഗബ്ബി അഗ്നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. ഇതേത്തുടര്‍ന്നാണ് ചാരംകലര്‍ന്ന പുക ഏതാണ്ട് 4000-ത്തിലേറെ കിലോമീറ്റര്‍ അകലെയുള്ള ഇന്ത്യയിലുമെത്തിയത്.



