From the print
കണ്ണൂരില്‍ നാലിടത്ത് കൂടി എല്‍ ഡി എഫിന് എതിരില്ല
ഫലം വരും മുന്നേ 14 വാര്‍ഡുകളില്‍ വിജയം.
കണ്ണൂര്‍ | ജില്ലയില്‍ നാലിടത്ത് കൂടി എല്‍ ഡി എഫിന് എതിരില്ല. ഇതോടെ ജില്ലയില്‍ ആകെ 14 വാര്‍ഡുകളില്‍ എല്‍ ഡി എഫിന് എതിരില്ലാതെയായി. ഇന്നലെ കണ്ണപുരത്ത് വാര്‍ഡ് ഒന്നിലെ യു ഡി എഫിന്റെയും വാര്‍ഡ് എട്ടിലെ എന്‍ ഡി എയുടെയും സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി. ഇതോടെയാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥികളായ കണ്ണപുരം ഒന്നാം വാര്‍ഡിലെ ഉഷാ മോഹനനും എട്ടാം വാര്‍ഡിലെ ടി ഇ മോഹനനും എതിരില്ലാതായത്.
ആന്തൂരില്‍ തളിയില്‍, കോടല്ലൂര്‍ വാര്‍ഡുകളില്‍ യു ഡി എഫ് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയതോടെ കോടല്ലൂര്‍ വാര്‍ഡില്‍ ഇ രജിതയും തളിയില്‍ വാര്‍ഡില്‍ കെ വി പ്രേമരാജനും എതിരില്ലാതായി. കണ്ണപുരം പഞ്ചായത്തില്‍ ആറ്, ആന്തൂര്‍ നഗരസഭയില്‍ അഞ്ച്, മലപ്പട്ടത്ത് മൂന്ന് എന്നിങ്ങനെ ആകെ 14 സീറ്റുകളിലാണ് എല്‍ ഡി എഫിന് എതിരില്ലാത്തത്.
സൂക്ഷ്മപരിശോധനയില്‍ തള്ളിയതും സ്ഥാനാര്‍ഥികള്‍ പിന്‍വലിച്ചതുമടക്കം കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ആന്തൂര്‍ നഗരസഭയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥികളായ മൊറാഴ വാര്‍ഡിലെ കെ രജിത, പൊടിക്കുണ്ട് വാര്‍ഡിലെ കെ പ്രേമരാജന്‍, അഞ്ചാംപീടിക ഡിവിഷനില്‍ ടി വി ധന്യ, മലപ്പട്ടം പഞ്ചായത്തിലെ അടുവാപ്പുറം നോര്‍ത്തില്‍ ഐ വി ഒതേനന്‍, അടുവാപ്പുറം സൗത്തില്‍ സി കെ ശ്രേയ, കാവുന്തല വാര്‍ഡില്‍ എം വി ഷിഗിന, കണ്ണപുരം തൃക്കോത്ത് വാര്‍ഡില്‍ പ്രേമാ സുരേന്ദ്രന്‍, കണ്ണപുരം സെന്റര്‍ മൂന്നാം വാര്‍ഡില്‍ സജിന കെ വി, ഇടക്കേപ്പുറം സൗത്തില്‍ രീതി പി, ഇടക്കേപ്പുറം സെന്ററില്‍ രേഷ്മ പി വി എന്നിവരാണ് എതിരില്ലാതെ ജയിച്ചത്.





