From the print
ജമാഅത്തെ ഇസ്‌ലാമി: മത്സരിക്കലും വോട്ട് ചെയ്യലും അന്ന് ഹറാം; ഇന്ന് ഹലാല്‍
2011ല്‍ വെല്‍ഫെയര്‍ പാര്‍ട്ടി രൂപവത്കരിച്ചതോടെ ജമാഅത്തെ ഇസ്‌ലാമിക്ക് സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി തന്നെ ഉണ്ടായി. പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥികളായി. മതപരമായി നേരത്തേ വിലക്കിയ കാര്യങ്ങളെല്ലാം പിന്നീട് അനുവദനീയവുമായി.
കൊണ്ടോട്ടി | രൂപവത്കരിക്കപ്പെട്ട് ഏറെക്കാലം തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതും മത്സരിക്കുന്നതും ‘ഹറാം’ ആയിരുന്നു ജമാഅത്തെ ഇസ്‌ലാമിക്ക്. മെല്ലെമെല്ലെ അത് ഹലാലിലേക്ക് മാറി. സംഘടനയുടെ മുഖമാസികയായ ‘പ്രബോധനം’ 1950 ജനുവരി ഒന്ന് ലക്കത്തില്‍ ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട്.
‘ജമാഅത്തെ ഇസ്‌ലാമി ഭരണഘടന’ എന്ന അധ്യായത്തില്‍ അഞ്ച്, ആറ്, ഏഴ് അനുച്ഛേദമായാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. തൊട്ടടുത്ത ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ ഇന്ത്യന്‍ യൂനിയനില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആരും സ്വപ്നം കാണേണ്ടതില്ലെന്നും പറയുന്നുണ്ട്.
ഇസ്‌ലാമികേതര ഭരണത്തില്‍ പങ്കുചേരുന്നതും സ്ഥാനങ്ങള്‍ വഹിക്കുന്നതും ജോലി സ്വീകരിക്കുന്നതും മതേതര പാര്‍ട്ടികളില്‍ അംഗത്വം നേടുന്നതും ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ക്ക് വിലക്കപ്പെട്ടതായിരുന്നു. ‘ഇത്തരം മാറ്റങ്ങള്‍ ജീവിതത്തില്‍ വരുത്താത്ത ഒരാളെ ജമാഅത്തില്‍ ചേര്‍ക്കുകയില്ല, അഥവാ ചേര്‍ത്തിട്ടുണ്ടെങ്കില്‍ അയാളെ പുറത്താക്കുന്നതാണ്’ എന്ന് ഭരണഘടനയില്‍ പറയുന്നു.
എന്നാല്‍, 2011ല്‍ വെല്‍ഫെയര്‍ പാര്‍ട്ടി രൂപവത്കരിച്ചതോടെ ജമാഅത്തെ ഇസ്‌ലാമിക്ക് സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി തന്നെ ഉണ്ടായി. പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥികളായി. മതപരമായി നേരത്തേ വിലക്കിയ കാര്യങ്ങളെല്ലാം പിന്നീട് അനുവദനീയവുമായി.





