International
അരുണാചല്‍ പ്രദേശുകാരിയെ ഷാങ്ഹായി വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച സംഭവം; ചൈനയെ കടുത്ത പ്രതിഷേധമറിയിച്ച് ഇന്ത്യ
അരുണാചല്‍ പ്രദേശില്‍ നിന്നുള്ളവര്‍ ഇന്ത്യക്കാരല്ലെന്ന് പറഞ്ഞ് ചൈനീസ് ഉദ്യാഗസ്ഥര്‍ അപമാനിച്ചതായി യുവതി.
ന്യൂഡല്‍ഹി | അരുണാചല്‍ പ്രദേശുകാരിയായ ഇന്ത്യന്‍ യുവതിയെ ചൈനയിലെ ഷാങ്ഹായി വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചതില്‍ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ. യു കെയില്‍ നിന്ന് ജപ്പാനിലേക്കുള്ള യാത്രക്കിടെ ഷാങ്ഹായി വിമാനത്താവളത്തിലിറങ്ങിയ പെം തോങ്‌ഡോക്കിനെയാണ് ചൈനീസ് അധികൃതര്‍ തടഞ്ഞുവച്ചത്. അരുണാചല്‍ പ്രദേശില്‍ നിന്നുള്ളവര്‍ ഇന്ത്യക്കാരല്ലെന്ന് പറഞ്ഞ് ചൈനീസ് ഉദ്യാഗസ്ഥര്‍ അപമാനിച്ചതായി ഇവര്‍ സാമൂഹിക മാധ്യമത്തിലൂടെ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യു കെയിലാണ് പെം തോങ്‌ഡോക് താമസിക്കുന്നത്.
അന്യായമായ ഇത്തരം നടപടികള്‍ ചൈനയുമായുള്ള ബന്ധം ഊഷ്മളമാക്കാനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭാഗമാണെന്നും അതില്‍ യാതൊരു സംശയത്തിനും അടിസ്ഥാനമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചു. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്രചെയ്യാനുള്ള അരുണാചലുകാരുടെ അവകാശത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല. പെം തോങ്‌ഡോക്കിന് ഷാങ്ഹായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് എല്ലാ സഹായവും പിന്തുണയും നല്‍കിയതായും അധികൃതര്‍ അറിയിച്ചു.
പ്രധാനമന്ത്രിയെയും കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവിനെയും ഉള്‍പ്പെടെ ടാഗ് ചെയ്താണ് യുവതി എക്‌സിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത്. ഇക്കഴിഞ്ഞ 21ന് ഷാങ്ഹായി വിമാനത്താവളത്തിലെ ട്രാന്‍സിറ്റ് സമയത്ത് അവരുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ സാധുതയെ ചൈനീസ് അധികൃതര്‍ ചോദ്യം ചെയ്‌തെന്നാണ് പരാതി. തന്റെ ജന്മസ്ഥലമായ അരുണാചല്‍ പ്രദേശ് ചൈനയുടെ ഭാഗമാണെന്നും അതിനാല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അസാധുവാണെന്നും പറഞ്ഞ് 18 മണിക്കൂറോളമാണ് തന്നെ തടഞ്ഞുവെച്ചതെന്ന് പെം തോങ്‌ഡോക് പറഞ്ഞു. ചൈനീസ് ഉദ്യോഗസ്ഥര്‍ തന്നെ പരിഹസിക്കുകയും ചൈനീസ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. പിന്നീട് ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സില്‍ മാത്രം പുതിയ ടിക്കറ്റ് എടുക്കാന്‍ സമ്മതിച്ചപ്പോഴാണ് പാസ്‌പോര്‍ട്ട് തിരികെ നല്‍കിയത്. എന്നാല്‍, ഇത് വലിയ സാമ്പത്തിക നഷ്ടമുണ്ടാകാന്‍ ഇടയാക്കി. വിമാനത്താവളത്തിന്റെ ട്രാന്‍സിറ്റ് ഏരിയയില്‍ ഒതുങ്ങിപ്പോയതിനാല്‍ തനിക്ക് ടിക്കറ്റുകള്‍ വീണ്ടും ബുക്ക് ചെയ്യാനോ സ്വതന്ത്രമായി യാത്ര ചെയ്യാനോ കഴിഞ്ഞില്ല. പിന്നീട് യു കെയിലുള്ള സുഹൃത്ത് വഴി ഷാങ്ഹായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു. അവര്‍ ഇടപെട്ടതോടെയാണ് അവിടെ നിന്നും യാത്ര തുടരാനായതെന്നും യുവതി വിശദീകരിച്ചു.


