Connect with us

Kerala

സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി ശബ്ദസന്ദേശം; പോലീസ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെ എസ് സി പി ഒ. നിഷാന്ത് പി ചന്ദ്രനെതിരെയാണ് നടപടി.

Published

|

Last Updated

പത്തനംതിട്ട | ശബരിമല ഡ്യൂട്ടി ചോദിച്ചു വാങ്ങിയതിന്റെ പേരില്‍ സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ പോലീസ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെ എസ് സി പി ഒ. നിഷാന്ത് പി ചന്ദ്രനെതിരെയാണ് നടപടി. തിരുവല്ല സ്റ്റേഷനിലെ എസ് സി പി ഒ. പുഷ്പദാസിനെ നിഷാന്ത് ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശം പുറത്തു വന്നിരുന്നു. നിഷാന്തിനെതിരെയുള്ള തുടര്‍ച്ചയായ രണ്ടാമത്തെ നടപടിയാണിത്.

തിരുവല്ല ഡി വൈ എസ് പി ഓഫീസില്‍ എസ് സി പി ഒ ആയിരുന്ന നിഷാന്തിനെ പരാതികളുടെ പേരില്‍ കഴിഞ്ഞ മാസം ചിറ്റാര്‍ സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. പോലീസ് അസോസിയേഷനെ വെല്ലുവിളിച്ച് ശബരിമല ഡ്യൂട്ടി പുഷ്പദാസ് സംഘടിപ്പിച്ചുവെന്നായിരുന്നു നിഷാന്തിന്റെ ആരോപണം. തുടര്‍ന്നാണ് ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ശബ്ദരേഖ വെളിയില്‍ വന്നതാണ് നിഷാന്തിന് കുരുക്കായത്. ഇതു സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.

‘നിങ്ങള്‍ അസോസിയേഷനെ വെല്ലുവിളിച്ച് ശബരിമലയില്‍ പോകുമല്ലേ’ എന്ന് ചോദിച്ചായിരുന്നു നിഷാന്ത് പുഷ്പദാസിനെ വിളിച്ചത്. ജനുവരി 21 വരെ മാത്രമേ ശബരിമല ഡ്യൂട്ടിയുള്ളൂ. നിങ്ങള്‍ അത് മനസിലാക്കണം. അതു കഴിയുമ്പോള്‍ നിങ്ങള്‍ തിരുവല്ലയില്‍ വരും. ഈ വോയ്‌സ് വച്ച് നിങ്ങള്‍ പരാതി കൊടുക്കണം. നിങ്ങള്‍ ഒരു സംഘടനയെ ആണ് വെല്ലുവിളിക്കുന്നത്. ജനുവരി 21 ന് ശേഷം നേരിട്ടു കാണാം. എന്നിങ്ങനെയായിരുന്നു നിഷാന്തിന്റെ ഭീഷണി. ശബരിമല ഡ്യൂട്ടി നിശ്ചയിക്കുന്നത് ജില്ലാ പോലീസ് മേധാവിയായിരിക്കെ, നിഷാന്ത് താനാണ് ഡ്യൂട്ടിയിടുന്നത് എന്ന രീതിയില്‍ സംശയിച്ചതാണ് വിനയായത്. നിഷാന്തിനെതിരേ ഗുരുതരമായ പരാതികള്‍ നിലവിലുണ്ട്.

 

---- facebook comment plugin here -----

Latest