Kerala
എല്ലാവര്‍ക്കും വീട്, ആശമാര്‍ക്ക് 2000 രൂപയുടെ അലവന്‍സ്, യുവാക്കള്‍ക്കുളള പദ്ധതി; യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി
എല്ലാവര്‍ക്കും വീട് ഉറപ്പുവരുത്തും. വീടില്ലാത്തവര്‍ക്ക് പ്രത്യേക താമസസൗകര്യം ഒരുക്കും, വീട് നിര്‍മ്മിക്കുന്നതുവരെ വാടകയ്ക്ക് വീടൊരുക്കും,
തിരുവനന്തപുരം| തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനപ്രിയ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. നടപ്പാക്കാന്‍ സാധിക്കുമെന്ന് ഉറപ്പുള്ള കാര്യങ്ങള്‍ മാത്രമാണ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ആശവര്‍ക്കര്‍മാര്‍ക്ക് 2000 രൂപയുടെ പ്രത്യേക അലവന്‍സ്, തൊഴിലില്ലായ്മ പരിഹരിക്കാന്‍ പഞ്ചായത്ത് തലത്തില്‍ പദ്ധതികള്‍, തദ്ദേശ സ്ഥാപനങ്ങളിലെ സീറോ വേസ്റ്റ്, എല്ലാവര്‍ക്കും വീട് ഉറപ്പുവരുത്തും, വീടില്ലാത്തവര്‍ക്ക് പ്രത്യേക താമസസൗകര്യം ഒരുക്കും, വീട് നിര്‍മ്മിക്കുന്നതുവരെ വാടകയ്ക്ക് വീടൊരുക്കും, കേരളത്തിന്റെ യുവതലമുറയെ മയക്കുമരുന്ന്-ലഹരികളുടെ പിടിയില്‍ നിന്നും മോചിപ്പിക്കാനായി കായിക വികസനം, യുവജനക്ഷേമം മുന്‍നിര്‍ത്തി പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും തുടങ്ങി ജനപ്രിയ വാഗ്ദാനങ്ങളാണ് യുഡിഎഫിന്റെ പ്രകടന പത്രികയിലുള്ളത്.
തെരുവുനായ ശല്യത്തിനെതിരെ പദ്ധതികള്‍, വന്യജീവികളില്‍ നിന്ന് സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക സ്‌ക്വാഡ്, ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനായി ആശ്രയ 2 നവീകരിച്ച് നടപ്പിലാക്കും, എല്ലാവര്‍ക്കും ഗുണനിലവാരമുള്ള കുടിവെള്ളം, ആറ് പ്രധാന കോര്‍പ്പറേഷനില്‍ വിദേശ രാജ്യങ്ങളിലേതുപോലെ പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തും, ഗ്രാമീണ റോഡുകള്‍ ഗുണനിലവാരമുളളതാക്കും, തൊഴിലുറപ്പ് പദ്ധതികള്‍ കുറേക്കൂടി കാര്യക്ഷമമാക്കും, തെരുവു വിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക കര്‍മ പരിപാടി. ഇതിനായി ഹെല്‍പ് ലൈന്‍ നമ്പര്‍ അടക്കം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള പദ്ധതി നടപ്പാക്കും. പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങളെ മെച്ചപെടുത്തും.
ഹരിത കര്‍മ സേനയെ കൂടുതല്‍ കാര്യക്ഷമമാക്കും, ടൂറിസം പദ്ധതികള്‍ പ്രമോട്ട് ചെയ്യുന്നതിന് ലോക്കല്‍ബോഡികള്‍ക്ക് സഹായം, ബജറ്റില്‍ സൂചിപ്പിച്ച ഫണ്ട് പൂര്‍ണമായും നല്‍കും. ഓരോ വര്‍ഷവും ഫണ്ടു വിഹിതത്തില്‍ 10 ശതമാനം വര്‍ധനവ് വരുത്തും. യുവാക്കള്‍ക്കായി പ്രത്യേക ഫണ്ട് നീക്കിവെക്കും, എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും ആധുനിക മാര്‍ക്കറ്റ്, വൃത്തിയുളള മാര്‍ക്കറ്റുകള്‍ ഉറപ്പ് വരുത്തും, നൂറ് തൊഴില്‍ ദിനങ്ങള്‍ ഉറപ്പ് വരുത്തും, ജനസേവനം ഉറപ്പുവരുത്താന്‍ സേവാഗ്രാം എല്ലാ പഞ്ചായത്തുകളിലും ഉറപ്പാക്കും, സ്ത്രീകളെ സ്വയം പര്യാപ്തമാക്കുന്നതിന് പ്രത്യേക പദ്ധതി, 13 ശതമാനം പഞ്ചായത്ത് ഫണ്ട് ഇതിനായി മാറ്റിവയ്ക്കുമെന്നും പ്രകടനപത്രികയില്‍ ഉറപ്പ് നല്‍കുന്നു.
അധികാര വികേന്ദ്രീകരണം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ നടപ്പിലാക്കുമെന്ന്
പ്രകടന പത്രിക അവതരിപ്പിച്ചുകൊണ്ട് വി ഡി സതീശന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, സി പി ജോണ്‍, ദീപാ ദാസ് മുന്‍ഷി എന്നിവര്‍ പ്രകടനപത്രിക പ്രഖ്യാപനവേദിയില്‍ ഉണ്ടായിരുന്നു.



