Kerala
മാനന്തവാടി മെഡിക്കല്‍ കോളജില്‍ യുവതിയുടെ ശരീരത്തില്‍ തുണി കുടുങ്ങിയ സംഭവം; ആരോഗ്യ വിദഗ്ധരുടെ സംഘം ഇന്ന് വയനാട്ടിലെത്തും
ആരോഗ്യ വിദഗ്ധരുടെ സംഘം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍
വയനാട്| മാനന്തവാടി മെഡിക്കല്‍ കോളജില്‍ യുവതിയുടെ ശരീരത്തില്‍ തുണി കുടുങ്ങിയ സംഭവത്തില്‍ സംസ്ഥാന ആരോഗ്യ വിദഗ്ധരുടെ സംഘം ഇന്ന് വയനാട്ടില്‍ എത്തും. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരമാണ് സംഘം അന്വേഷണം നടത്താന്‍ എത്തുന്നത്. ആരോഗ്യവകുപ്പ് അസി. ഡയറക്ടര്‍ ഡോ. വീണ സരോജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്താന്‍ എത്തുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രേഖകള്‍ സംഘം പരിശോധിക്കും. ഒപ്പം ചികിത്സാ പിഴവിന് ഇരയായ യുവതിയില്‍ നിന്ന് വിശദമായി മൊഴിയും രേഖപ്പെടുത്തും.
ആരോഗ്യ വിദഗ്ധരുടെ സംഘം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ആരോഗ്യ വകുപ്പ് തുടര്‍ നടപടികള്‍ സ്വീകരിക്കുക. യുവതിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച പരിശോധനയും ഇന്ന് തന്നെ മാനന്തവാടി മെഡിക്കല്‍ കോളജില്‍വച്ച് നടക്കും. ഇതിനായുള്ള ക്രമീകരണം ഒരുക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ ആരോഗ്യമന്ത്രി യുവതിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നന്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് യുവതിയുടെ ശരീരത്തില്‍ നിന്ന് കോട്ടണ്‍ തുണി പുറത്തു വന്നത്. കഴിഞ്ഞ ഒക്ടോബര്‍ 20നായിരുന്നു മാനന്തവാടി പാണ്ടക്കടവ് സ്വദേശിയായ 21കാരി വയനാട് മെഡിക്കല്‍ കോളജില്‍വച്ച് പ്രസവിച്ചത്. യുവതിയുടെ രക്തസ്രാവം തടയാന്‍ വച്ച തുണി പുറത്തെടുത്തിരുന്നില്ല എന്ന ആരോപണമാണ് കുടുംബം ആശുപത്രിക്കെതിരെ ഉയര്‍ത്തുന്നത്.




