Connect with us

From the print

പാലക്കാടന്‍ മണ്ണില്‍ ഗംഭീര വരവേല്‍പ്പ്

ആശങ്കയുടെ കാര്‍മേഘങ്ങളാണ് കര്‍ഷകരില്‍. അധ്വാനത്തിനനുസരിച്ച് താങ്ങുവില കിട്ടുമോ എന്നത് തന്നെയാണ് മുഖ്യ വേവലാതി. ആശ്വാസത്തിന്റെ തെളിനീര്‍ പകര്‍ന്ന് കേരളയാത്ര.

Published

|

Last Updated

പാലക്കാട് | ടിപ്പുവിന്റെ രണഭൂമി ഇളക്കിമറിച്ച് കേരള മുസ്‌ലിം ജമാഅത്ത് കേരളയാത്ര പാലക്കാട്ട്. കേരളത്തിന്റെ നെല്ലറയില്‍ ഇന്നലെ യാത്രക്ക് ഗംഭീര വരവേല്‍പ്പാണ് നല്‍കിയത്. പാലക്കാടന്‍ വയലുകളില്‍ നെല്‍ച്ചെടികള്‍ മെല്ലെ കതിരിട്ട് തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ആശങ്കയുടെ കാര്‍മേഘങ്ങളാണ് കര്‍ഷകരില്‍. അധ്വാനത്തിനനുസരിച്ച് താങ്ങുവില കിട്ടുമോ എന്നത് തന്നെയാണ് മുഖ്യ വേവലാതി. മനുഷ്യരെ ചേര്‍ത്തുപിടിച്ച് ഇടപെടലുകള്‍ നടത്തുന്ന കേരള മുസ്‌ലിം ജമാഅത്ത് ഈ വിഷയം കേരളയാത്രയില്‍ ഇന്നലെ ഒരു ദിവസം മുഴുവന്‍ ഉയര്‍ത്തിക്കാട്ടാന്‍ തയ്യാറായത് കര്‍ഷക മനസ്സുകളില്‍ ആശ്വാസത്തിന്റെ തെളിനീര്‍ പകര്‍ന്നു.

ഇന്നലെ രാവിലെ മുതല്‍ പാലക്കാട് ആവേശത്തിമര്‍പ്പിലായിരുന്നു. കേരളയാത്രാ സംഘത്തെ നെല്‍ക്കതിര്‍ നല്‍കിയാണ് കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സെന്റിനറി ഗര്‍ഡിന്റെ അകമ്പടിയോടെ ജില്ലയിലേക്ക് വരവേറ്റത്. ഹംസ മദനി രൂപകല്‍പ്പന ചെയ്ത കൊടുങ്ങല്ലൂര്‍ പള്ളിയുടെ മാതൃക ജില്ലാ അതിര്‍ത്തിയായ വിളയൂരില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ശേഷം ജില്ലയിലെ പൊതുരംഗത്തെ നേതാക്കളെ പങ്കെടുപ്പിച്ച് നടത്തിയ സ്‌നേഹവിരുന്ന് ശ്രദ്ധേയമായി.

കേരളയാത്ര ഉയര്‍ത്തിപ്പിടിക്കുന്ന ജില്ലകളുടെ പുനഃക്രമീകരണം അടക്കമുള്ള പ്രമേയങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നേതാക്കള്‍ വാഗ്ദാനം ചെയ്തു. വൈകിട്ട് ഒറ്റപ്പാലത്ത് നല്‍കിയ സ്വീകരണ സമ്മേളനത്തിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

സമ്മേളനത്തില്‍ സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സയ്യിദ് ത്വാഹാ സഖാഫി, എന്‍ അലി അബ്ദുല്ല, മജീദ് കക്കാട്, പൊന്മള മുഹ്യിദ്ദീന്‍ കുട്ടി ബാഖവി, അലവി സഖാഫി കൊളത്തൂര്‍, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, ശൗക്കത്ത് ഹാജി, ഉമര്‍ മദനി, ഉമര്‍ ഓങ്ങല്ലൂര്‍, സയ്യിദ് യാസീന്‍ ജിഫ്രി അഹ്സനി, സുരേഷ് ബാബു, സുരേഷ് രാജ്, കളത്തില്‍ അബ്ദുല്ല, എസ് അജയ്കുമാര്‍, ഹംസ സംബന്ധിച്ചു. എം വി സിദ്ദീഖ് സഖാഫി സ്വാഗതവും അബ്ദുര്‍റശീദ് അശ്റഫി നന്ദിയും പറഞ്ഞു.

 

Latest