Connect with us

From the print

വീണയുടെ തുടര്‍ ചികിത്സ തിരുവനന്തപുരത്ത്; തീരുമാനം ഇന്ന്

ഇന്ന് രാവിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന ശേഷം ആശുപത്രി മാറുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

Published

|

Last Updated

തിരുവനന്തപുരം | കെ എസ് യു പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ തുടര്‍ ചികിത്സ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തും. കഴുത്ത് അനക്കാന്‍ കഴിയാത്തതിനാല്‍ യാത്ര ചെയ്യാനാകില്ലെന്നതിനാല്‍ ഇന്നലെ ഡോക്ടര്‍മാര്‍ പൂര്‍ണ വിശ്രമം നിര്‍ദേശിച്ചിരുന്നു. ഇന്ന് രാവിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന ശേഷം ആശുപത്രി മാറുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. അതുവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടരും.

മന്ത്രിയുടെ കഴുത്തിലെ വേദനയില്‍ മാറ്റമില്ലെന്നും രക്തസമ്മര്‍ദം സാധാരണ നിലയിലെന്നുമാണ് മെഡിക്കല്‍ റിപോര്‍ട്ട്. തിരുവനന്തപുരത്തേക്ക് പോകണമെന്ന് മന്ത്രി ആവശ്യപ്പെട്ടെങ്കിലും തത്കാലം പരിയാരത്ത് തുടരാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.

പ്രതിഷേധത്തിനിടെ കഴുത്തിന് ക്ഷതമേറ്റ വീണാ ജോര്‍ജിനെ കഴിഞ്ഞ ദിവസം രാത്രിയാണ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് പരിയാരം ആശുപത്രിയിലേക്ക് മാറ്റിയത്. പരുക്ക് സാരമുള്ളതാണെന്നാണ് മെഡിക്കല്‍ റിപോര്‍ട്ട്. എം ആര്‍ ഐ സ്‌കാനില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും കഴുത്തിലെ വേദന കൈയിലേക്കും വ്യാപിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇടത് കൈയിലെ ക്ഷതം സാരമുള്ളതല്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ന്യൂറോ സര്‍ജന്‍ ഉള്‍പ്പെടെയുള്ളവര്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ചികിത്സാ പുരോഗതി വിലയിരുത്തി. കഴിഞ്ഞ ദിവസം രാത്രി മുതല്‍ രക്തസമ്മര്‍ദം ഉയര്‍ന്നിരുന്നുവെങ്കിലും പിന്നീട് സാധാരണ നിലയിലായി. കുടുംബത്തോടൊപ്പം കഴിയണമെന്നും തിരുവനന്തപുരത്തേക്ക് മാറ്റണമെന്നുമാണ് മന്ത്രി ആവശ്യപ്പെട്ടത്.