From the print
പാലക്കാടിന് പ്രത്യേക കാര്‍ഷിക പാക്കേജ് വേണം: കേരള മുസ്‌ലിം ജമാഅത്ത്
സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷക്ക് നിര്‍ണായക സംഭാവന നല്‍കുന്ന പാലക്കാട്ടെ 90,000ത്തിലേറെ നെല്‍കര്‍ഷകരെയും 75,000 ഹെക്ടര്‍ നെല്‍പ്പാടങ്ങളെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
കേരളയാത്രക്ക് ഒറ്റപ്പാലത്ത് നല്‍കിയ സ്വീകരണത്തില്‍ നായകൻ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഉപനായകരായ സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി എന്നിവര്‍ സദസ്സിനെ അഭിവാദ്യം ചെയ്യുന്നു
കോഴിക്കോട് | കേരളത്തിന്റെ നെല്ലറയായ പാലക്കാടിനെ സംരക്ഷിക്കാന്‍ പ്രത്യേക കാര്‍ഷിക വികസന പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് നേതാക്കള്‍ വാര്‍ത്താസമ്മളനത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷക്ക് നിര്‍ണായക സംഭാവന നല്‍കുന്ന പാലക്കാട്ടെ 90,000ത്തിലേറെ നെല്‍കര്‍ഷകരെയും 75,000 ഹെക്ടര്‍ നെല്‍പ്പാടങ്ങളെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
നെല്‍വയലുകള്‍ സംസ്ഥാനത്തിന്റെ കുടിവെള്ള സുരക്ഷക്ക് അത്യന്താപേക്ഷിതമാണ്. നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിക്കുക, സംഭരിച്ച നെല്ലിന്റെ പണം ഒരു മാസത്തിനകം നല്‍കുക, കൃഷിച്ചെലവുകള്‍ക്ക് ജില്ലക്ക് മാത്രമായി പ്രത്യേക സബ്സിഡി നല്‍കുക, ജലസേചന സൗകര്യങ്ങള്‍ നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പാക്കേജില്‍ ഉള്‍പ്പെടുത്തണമെന്നും നേതാക്കള്‍ പറഞ്ഞു.
ഉദ്ഘാടനം കഴിഞ്ഞ് പത്ത് വര്‍ഷമായിട്ടും പാലക്കാട് ഗവ. മെഡിക്കല്‍ കോളജ് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ വെറുമൊരു റഫറല്‍ കേന്ദ്രമായി തുടരുന്ന സ്ഥിതിയാണുള്ളത്. പാലക്കാട്ടുകാര്‍ വിദഗ്ധ ചികിത്സക്ക് മറ്റ് ജില്ലകളെയോ അയല്‍ സംസ്ഥാനത്തെയൊ ആശ്രയിക്കേണ്ട അവസ്ഥക്ക് അടിയന്തര പരിഹാരമുണ്ടാകണം. ആവശ്യത്തിന് സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെയും ആധുനിക ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കി മെഡിക്കല്‍ കോളജിനെ പൂര്‍ണ സജ്ജമായ ചികിത്സാ കേന്ദ്രമാക്കി മാറ്റണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
അട്ടപ്പാടി, നെല്ലിയാമ്പതി തുടങ്ങിയ മലയോര മേഖലകളില്‍ മഴക്കാലത്ത് ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന് അറുതിവരുത്തണം. റോഡ് തകര്‍ച്ച, മണ്ണിടിച്ചില്‍ എന്നിവ കാരണം ഈ പ്രദേശങ്ങള്‍ ഒറ്റപ്പെടുന്നത് തടയാന്‍ മഴക്കാലത്തിന് മുമ്പ് തന്നെ റോഡുകളുടെ ശാസ്ത്രീയ പുനര്‍നിര്‍മാണം, സംരക്ഷണ ഭിത്തി കെട്ടല്‍ തുടങ്ങിയ മുന്‍കരുതലുകളെടുക്കണം. ഈ മേഖലയില്‍ ആരോഗ്യ- ഗതാഗത സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കേരള മുസ്‌ലിം ജമാഅത്ത് ഉപാധ്യക്ഷന്മാരായ മംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ്് സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴ, സെക്രട്ടറി ശൗക്കത്ത് ഹാജി കോങ്ങാട് സംബന്ധിച്ചു.




