Connect with us

Uae

ഇത്തിഹാദ് റെയിൽ പാസഞ്ചർ ശൃംഖലയുടെ വിവരങ്ങൾ പുറത്തുവിട്ടു

ഈ വർഷം അവസാനത്തോടെ പരീക്ഷണാടിസ്ഥാനത്തിലുള്ള സർവീസുകൾ ആരംഭിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.

Published

|

Last Updated

അബൂദബി|യു എ ഇയുടെ വിവിധ എമിറേറ്റുകളെയും 11 പ്രധാന നഗരങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിൽ പാസഞ്ചർ ശൃംഖലയുടെ വിവരങ്ങൾ പുറത്തുവിട്ടു.
അൽ സില, അൽ ദന്ന, അൽ മിർഫ, മദീനത്ത് സായിദ്, മസൈറ, അൽ ഫയ, അൽ ദൈദ് എന്നീ ഏഴ് പുതിയ സ്റ്റേഷനുകൾ കൂടി പ്രഖ്യാപിച്ചു. ഇവ സമ്പൂർണ പാസഞ്ചർ സ്റ്റേഷനുകൾ ആയിരിക്കും. അബൂദബി മുഹമ്മദ് ബിൻ സായിദ് സിറ്റി, ദുബൈ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്, ഷാർജ യൂണിവേഴ്സിറ്റി സിറ്റി, ഫുജൈറ അൽ ഹിലാൽ ഏരിയ എന്നിവിടങ്ങളിൽ മുമ്പ് പ്രഖ്യാപിച്ച സ്റ്റേഷനുകൾക്ക് പുറമേയാണ് പുതിയ സ്റ്റേഷനുകൾ.

ഈ വർഷം അവസാനത്തോടെ പരീക്ഷണാടിസ്ഥാനത്തിലുള്ള സർവീസുകൾ ആരംഭിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. അബൂദബിയിൽ നിന്ന് ദുബൈയിലേക്കും ഫുജൈറയിലേക്കും ഉൾപ്പെടെയുള്ള ദീർഘദൂര യാത്രകൾക്ക് ഇതോടെ വേഗത കൂടും. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ട്രെയിനുകൾ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുമെന്നതിനാൽ റോഡ് മാർഗമുള്ള യാത്രാസമയം പകുതിയോളം ലാഭിക്കാൻ സാധിക്കും.

അബൂദബി, ദുബൈ, ഷാർജ, ഫുജൈറ, റാസ് അൽ ഖൈമ എന്നിവയുൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലൂടെയാണ് പാസഞ്ചർ സർവീസ് കടന്നുപോകുന്നത്. അബൂദബിയിൽ നിന്ന് ദുബൈയിലേക്ക് എത്താൻ വെറും 50 മിനിറ്റ് മാത്രം മതിയാകും. ഫുജൈറയിൽ നിന്ന് ദുബൈയിലേക്ക് 50 മിനിറ്റും അബൂദബിയിൽ നിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റും കൊണ്ട് എത്തിച്ചേരാൻ സാധിക്കും. വിമാനങ്ങളിലേതിന് സമാനമായ സീറ്റുകൾ, വൈഫൈ സൗകര്യം, ഇൻഫോടെയ്ൻമെന്റ്സിസ്റ്റം എന്നിവയും ട്രെയിനിൽ ഒരുക്കിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദമായ ഗതാഗത സംവിധാനം എന്ന നിലയിൽ ഇത് രാജ്യത്തെ കാർബൺ മലിനീകരണം കുറക്കാനും സഹായിക്കും.

യു എ ഇയിലെ പൗരന്മാർക്കും താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് ഈ മെഗാ പ്രോജക്റ്റ്. നഗരങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിലൂടെ സാമ്പത്തിക, വിനോദസഞ്ചാര മേഖലകളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഇത്തിഹാദ് റെയിൽ അധികൃതർ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനായുള്ള സ്റ്റേഷനുകളുടെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. നിലവിൽ ചരക്ക് ഗതാഗതത്തിനായി റെയിൽ ശൃംഖല വിജയകരമായി ഉപയോഗിക്കുന്നുണ്ട്.