Kerala
പാലക്കാട് മദ്യം നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവം; അധ്യാപകനെതിരെ കൂടുതല്‍ പരാതി
അധ്യാപകന്‍ അനിലിന്റെ പീഡനത്തിന് നിരവധി വിദ്യാര്‍ഥികള്‍ ഇരകളായിട്ടുണ്ട്.
പാലക്കാട്|പാലക്കാട് മദ്യം നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ച അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍. റിമാന്‍ഡിലുള്ള അധ്യാപകന്‍ അനിലിന്റെ പീഡനത്തിന് നിരവധി വിദ്യാര്‍ഥികള്‍ ഇരകളായിട്ടുണ്ട്. ശിശുക്ഷേമ സമിതിക്ക് കൈമാറിയ അഞ്ചു വിദ്യാര്‍ത്ഥികളുടെ പരാതികളില്‍ മലമ്പുഴ പോലീസ് കേസെടുത്തു. ശിശുക്ഷേമ സമിതിയുടെ കൗണ്‍സിലിങ്ങിലാണ് പീഡനത്തിനിരയായ കാര്യം വിദ്യാര്‍ഥികള്‍ തുറന്നു പറഞ്ഞത്. ആദ്യഘട്ടത്തില്‍ കൗണ്‍സിലിങ്ങ് നല്‍കിയ വിദ്യാര്‍ഥികളാണ് മൊഴി നല്‍കിയത്. യുപി ക്ലാസുകളിലെ ആണ്‍കുട്ടികളാണ് ലൈംഗിക പീഡനത്തിനിരയായത്. അടുത്ത ദിവസങ്ങളിലും സമിതിയുടെ കൗണ്‍സിലിങ് തുടരും.
വിദ്യാര്‍ഥിയെ മദ്യം നല്‍കി പീഡിപ്പിച്ചെന്ന പരാതിയിലാണ് സംസ്‌കൃത അധ്യാപകനായ അനില്‍ അറസ്റ്റിലായത്. എസ് സി വിഭാഗത്തില്‍പ്പെട്ട ആറാം ക്ലാസുകാരനെ ക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ് അനില്‍ പീഡിപ്പിച്ചത്. നവംബര്‍ 29നാണ് സംഭവം. കുട്ടി സുഹൃത്തുക്കളോട് പറഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. അധ്യാപകനെതിരെ പോക്‌സോ വകുപ്പ് അടക്കം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ സുഹൃത്തുക്കള്‍ അവരുടെ വീടുകളില്‍ വിവരം പറയുകയും വീട്ടുകാര്‍ പോലീസിലും ചെല്‍ഡ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു.




