Kerala
എത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്‌ഫോടനം; കണ്ണൂരിലേക്കുള്ള ഇന്‍ഡിഗോ വിമാനം വഴിതിരിച്ചു വിട്ടു
വിമാനം സുരക്ഷിതമായി അഹമ്മദാബാദില്‍ ഇറങ്ങിയെന്നും യാത്രക്കാര്‍ക്ക് കണ്ണൂരിലേക്ക് മടക്ക സര്‍വീസുകള്‍ ലഭ്യമാക്കിയെന്നും ഇന്‍ഡിഗോ അധികൃതര്‍
ന്യൂഡല്‍ഹി | എത്യോപ്യയില്‍ വന്‍ അഗ്‌നിപര്‍വത സ്ഫോടനം ഉണ്ടായതിനെ തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോയുടെ 6E 1433 വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു. വിമാനം സുരക്ഷിതമായി അഹമ്മദാബാദില്‍ ഇറങ്ങിയെന്നും യാത്രക്കാര്‍ക്ക് കണ്ണൂരിലേക്ക് മടക്ക സര്‍വീസുകള്‍ ലഭ്യമാക്കിയെന്നും ഇന്‍ഡിഗോ അധികൃതര്‍ വ്യക്തമാക്കി.
എത്യോപ്യയിലെ എര്‍ട്ട എയ്ല്‍ മേഖലയിലാണ് ഹയ്ലി ഗുബ്ബി അഗ്‌നിപര്‍വതം സ്ഥിതിചെയ്യുന്നത്. ചാരവും സള്‍ഫര്‍ ഡയോക്സൈഡും അടങ്ങിയ കൂറ്റന്‍ പുകപടലങ്ങളാണ് ഞായറാഴ്ച രാവിലെ മുതല്‍ ഇതില്‍നിന്നുയരുന്നത്. 15 കിലോമീറ്റര്‍വരെ ഉയരത്തിലെത്തുന്ന ഈ പുകപടലങ്ങള്‍ ചെങ്കടലിന് കുറുകേ കിഴക്കോട്ടാണ് നീങ്ങുന്നത്. ഒമാന്‍, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രദേശങ്ങളെ ഈ ചാരമേഘങ്ങള്‍ ഇതിനകം തന്നെ ബാധിച്ചിട്ടുണ്ട്.
ഏകദേശം പതിനായിരം കൊല്ലത്തിനിടെ ആദ്യമായാണ് ഈ അഗ്‌നിപര്‍വതം പൊട്ടിത്തെറിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെനിന്നുയര്‍ന്ന ചാരപടലങ്ങള്‍ ഉത്തരേന്ത്യയിലേക്ക് നീങ്ങുമെന്ന് പ്രവചിക്കപ്പെട്ടതോടെയാണ് ഈ മേഖലയിലൂടെയുള്ള വ്യോമഗതാഗതത്തിന് തടസ്സംനേരിട്ടത്. ഇതേതുടര്‍ന്ന് ഇന്ത്യയിലെ വ്യോമപാതകള്‍ സൂക്ഷ്മമായ നിരീക്ഷിച്ചിരുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് സര്‍വീസ് വഴി തിരിച്ചുവിട്ടതെന്ന് ഇന്‍ഡിഗോ അറിയിച്ചു.



